ചെടികളുടെ പൂർണ്ണ വളർച്ചയ്ക്കും ആരോഗ്യത്തിനും ജലം ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ അമിതമായി ജലസേചനം നൽകുന്നത് മണ്ണിനെയും ചെടികളെയും ദോഷകരമായി ബാധിക്കും. ചെടികളുടെ ആരോഗ്യത്തിനും വേരുകളുടെ ബലത്തിനും കൃത്യമായി പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും മണ്ണിന്റെ ഘടന സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അമിതമായി ജലസേചനം നൽകുമ്പോൾ മണ്ണിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മ മൂലകങ്ങൾ വെള്ളത്തിനൊപ്പം ലയിക്കുകയും വെള്ളം ഒഴുകി പോകുന്നതോടെ മൂലകങ്ങൾ നഷ്ടമാവുകയും ചെയ്യും. കാൽസ്യം മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങൾ വെള്ളത്തോടൊപ്പം ഒഴുകി പോവുകയും മണ്ണിൽ ഇരുമ്പിന്റെ അംശം വർദ്ധിക്കുകയും ചെയ്യും. ഇത് മണ്ണിന്റെ അമ്ലത്വം കൂടാനിടയാക്കും. ഇതോടെ ചെടികൾക്ക് അവശ്യ മൂലകങ്ങൾ ലഭിക്കാതെയുമാകും. അമ്ലസ്വഭാവം കൂടുതലുള്ള മണ്ണ് രോഗ കീടങ്ങൾക്ക് വളരാൻ പറ്റിയ സാഹചര്യമാണ്. തന്മൂലം ഇത്തരം മണ്ണിൽ വളരുന്ന ചെടികൾക്ക് രോഗങ്ങളും കൂടുതലായിരിക്കും.
വേരുകളുടെ കൃത്യമായ വളർച്ചയ്ക്കും ശ്വസനത്തിനും മണ്ണിലെ ചെറു സുഷിരങ്ങൾ വളരെയധികം ആവശ്യമാണ്. അമിതമായി വെള്ളമൊഴിക്കുമ്പോൾ ഇത്തരം സുഷിരങ്ങൾ അടഞ്ഞ് പോകും. ഇത് വേരുകളുടെ ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കുന്നു. അമിതമായി മഴ പെയ്യുമ്പോഴും ഇതേ പ്രതിഭാസമാണ് സംഭവിക്കുന്നത്. അതിനാൽ ചെടികൾക്ക് ആവശ്യത്തിനു മാത്രം വെള്ളമൊഴിക്കാൻ ശ്രദ്ധിക്കാം. രാവിലെ വെള്ളം ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. അമിതമായി വെള്ളം നഷ്ടപ്പെട്ട് മണ്ണ് വരണ്ടിരിക്കുകയാണെങ്കിൽ മാത്രം വൈകുന്നേരങ്ങളിൽ അല്പം ജലസേചനമാവാം .
Discussion about this post