ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കിഴങ്ങ് വര്‍ഗമാണ് ബീറ്റ്‌റൂട്ട്. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്‌റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം.
നല്ല ഇളക്കമുള്ള മണ്ണാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യാന്‍ ആവശ്യം. വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യുന്നത്. വിത്തുകള്‍ പാകുന്നതിന് 10-30 മിനിറ്റ് മുന്‍പ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. ഒരു സെന്റ് കൃഷിക്ക് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. പൊടിമണ്ണാക്കിയ സ്ഥലത്താണ് വിത്ത് പാകേണ്ടത്. ഒരു സെന്റിന് 100 കിലോ എന്ന തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കേണ്ടതാണ്. നേരിയ ഉയരത്തില്‍ നന്നായി കിളച്ചൊരുക്കിയ തടസങ്ങളുണ്ടാക്കി അതില്‍ വിത്ത് പാകാം. ചുരുങ്ങിയത് ഒരടിയെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് കവറിലോ ചട്ടികളിലോ വിത്ത് പാകി ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. വിത്ത് പാകിയ ശേഷം അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം.
ഓഗസ്റ്റ് മുതല്‍ ജനുവരി വരെയുള്ള മാസമാണ് ബീറ്റ്‌റൂട്ട് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. മറ്റ് കാലങ്ങളില്‍ മഴമറയിലും കൃഷി ചെയ്യാം.
Discussion about this post