മലയാളികളുടെ പ്രിയപ്പെട്ട ഇലക്കറിയാണ് ചീര. പോശക മൂല്യത്തിന്റെ കാര്യത്തിലും മുൻപൻ. കാൽസ്യം, അയൺ, വൈറ്റമിൻ എന്നിവയുടെ കലവറയാണ് ചീര.
ഇനങ്ങൾ
ചുവന്ന നിറത്തിലുള്ള ഇലകൾ ഉള്ള, പല തവണ മുറിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന ഇനമാണ് അരുൺ. കണ്ണാറ ലോക്കൽ, കൃഷ്ണശ്രീ എന്നിവയാണ് മറ്റു ചുവന്ന ഇനങ്ങൾ
തഴച്ചുവളരുന്ന പച്ചനിറത്തിലുള്ള ഇലകളുള്ള ഇനമാണ് സി ഒ 1. സി ഒ 2, സി ഒ 3, മോഹിനി എന്നിവയും പച്ചനിറത്തിലുള്ള ഇനങ്ങളാണ്. ചുവപ്പും പച്ചയും കലർന്ന ഇനമാണ് രേണു ശ്രീ.
കനത്ത മഴക്കാലത്തൊഴിച്ച് ബാക്കി എല്ലാ സമയങ്ങളിലും ചീര കൃഷി ചെയ്യാം. നേരിട്ട് വിത്ത് പാകിയോ തൈകളുണ്ടാക്കിയോ ചീര വളർത്താം. ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 5 ഗ്രാം വിത്ത് ആണ് വേണ്ടത്. വിത്തിനൊപ്പം മഞ്ഞൾപൊടി കലർത്തി പാകണം. നാലില പ്രായത്തിൽ പറിച്ചുനടാം.
നടേണ്ടത് എങ്ങനെ?
ചാലുകളിൽ ആണ് ചീര നടേണ്ടത്. 30 സെന്റീമീറ്റർ വീതിയാണ് ചാലുകൾക്ക് വേണ്ടത്. ചാലുകൾ തമ്മിൽ 30 സെന്റീമീറ്റർ അകലം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ചാലുകളിൽ ഒരടി ഇടവിട്ട് തൈകൾ നടാം.
തൈകൾ നടുന്നതിനു മുൻപ് സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ 20 മിനിറ്റ് മുക്കി വയ്ക്കുന്നത് നല്ലതാണ്.
വളപ്രയോഗം
അടിവളമായി ഒരു സെന്റിന് 10 കിലോ കാലിവളം നൽകണം. ചാണകപ്പൊടി, എല്ലുപൊടി, കടല പിണ്ണാക്ക്, ചാരം എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് ആഴ്ചയിലൊരിക്കൽ ചീരത്തടത്തിൽ വിതറുന്നത് നല്ലതാണ്. ഇതല്ലെങ്കിൽ എട്ടിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച വെർമിവാഷോ ഗോമൂത്രമോ മേൽവളമായി ചേർക്കാം. ഒരു കിലോഗ്രാം ചാണകസ്ലറി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചുവട്ടിൽ തളിക്കുന്നതും നല്ലതാണ്. ഇതുമല്ലെങ്കിൽ കടല പിണ്ണാക്ക് ഒരു കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ആഴ്ചതോറും സ്പ്രേ ചെയ്യാം. പകരം ഒരു സെന്റിന് നാലു കിലോഗ്രാം എന്ന രീതിയിൽ വെർമി കമ്പോസ്റ്റ് ചേർക്കുന്നതും നല്ലതാണ്.
ചീര വിളവെടുത്ത ശേഷം ചാണക സ്ലറിയോ വെർമിവാഷോ ഗോമൂത്രമോ നേർപ്പിച്ച് ചെടികളിൽ തളിക്കുന്നത് അടുത്ത തവണയും നല്ല വിളവ് നൽകാൻ സഹായിക്കും. ചീരത്തടങ്ങളിൽ പച്ചിലകൊണ്ടോ ചകിരി ചോറ് കൊണ്ടോ പുതയിടുന്നത് നല്ലതാണ്. വേനൽക്കാലത്ത് കൃത്യമായ ഇടവേളകളിൽ ജലസേചനം നൽകാൻ ശ്രദ്ധിക്കണം. കളകൾ കൃത്യമായി പറിച്ചു നീക്കുകയും വേണം.
രോഗകീടനിയന്ത്രണം
ഇലപ്പുള്ളി രോഗം തടയുന്നതിനായി പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി കൃഷിചെയ്യാം. ഇലകളുടെ മുകളിൽ നനക്കാതിരിക്കാൻ ശ്രദ്ധിക്കണം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തൈകളിലും ചെടികളിലും രണ്ടാഴ്ചത്തെ ഇടവേളകളിൽ തളിക്കുന്നത് ഈ രോഗം വരാതിരിക്കാൻ ഫലപ്രദമാണ്. ഈ ലായനി ചെടികളുടെ ചുവട്ടിലും ഒഴിക്കണം. ഇല തുരുമ്പ് രോഗം തടയുന്നതിനായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ചെടികളുടെ ചുവട്ടിൽ ഇടണം. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുന്നതും രോഗം വരാതിരിക്കാൻ സഹായിക്കും. കൂടുകെട്ടി പുഴുക്കളെ നിയന്ത്രിക്കാനായി ഗോമൂത്രം കാന്താരി മുളക് മിശ്രിതം തളിക്കാം.
Discussion about this post