കുരുമുളകിന്റെ കുടുംബത്തില്‍പ്പെട്ട ഒരു ഔഷധസസ്യമാണ് തിപ്പലി. സംസ്‌കൃതത്തില്‍ പിപ്പലി എന്നു വിളിക്കുന്ന സസ്യത്തിന്റെ ശാസ്ത്രീയനാമം പൈപ്പര്‍ ലോങ്ങം എന്നാണ്. രൂപത്തിലും മണത്തിലും കുരുമുളകിനോട് ഏറെ സാദൃശ്യമുള്ള സസ്യമാണിത്. ഇന്ത്യ, നേപ്പാള്‍, മലേഷ്യ, ശ്രീലങ്ക ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. ആയുര്‍വേദ ചികിത്സയിലും യുനാനി ചികിത്സയിലും പലതരം രോഗങ്ങളുടെ പ്രതിവിധിയായി തിപ്പലി ഉപയോഗിച്ചുവരുന്നു. സസ്യത്തിന്റെ വേരും കായുമാണ് സാധാരണയായി ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. 320 ലധികം ആയുര്‍വേദ കൂടുകളുടെ ചേരുവയാണ് തിപ്പലി.
പടര്‍ന്നുകയറുന്ന ചെടിയാണ് തിപ്പലി. ആണ്‍ചെടികളും പെണ്‍ചെടികളുമുണ്ട്. പുഷ്പിക്കുന്നതിനും വളര്‍ച്ചയ്ക്കുമായി രണ്ടു തരത്തിലുള്ള ശിഖരങ്ങളുണ്ട്. ഇരുണ്ട പച്ച നിറത്തോടുകൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണ് തിപ്പലിയുടേത്. പാകമാകാത്ത ഫലങ്ങള്‍ പച്ചനിറത്തിലുള്ളതാണ്. പാകമായവയ്ക്ക് ഇരുണ്ട നിറമാണ്.
ജൈവാംശം കൂടുതലുള്ളതും നല്ല നീര്‍വാര്‍ച്ചയുമുള്ള മണ്ണിലാണ് തിപ്പലി കൃഷി ചെയ്യേണ്ടത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നഴ്‌സറിയില്‍ നട്ടു വേര് മുളപ്പിച്ച വള്ളികള്‍ ജൂണ്‍ മാസത്തില്‍ കൃഷിയിടങ്ങളിലേക്ക് മാറ്റി നടാം.
ചീമതിപ്പലി, ചെറുതിപ്പലി, വന്‍ തിപ്പലി, കാട്ടുതിപ്പലി എന്നിവയാണ് പ്രധാന ഇനങ്ങള്‍. കേരളത്തില്‍ കൂടുതലായി ചീമതിപ്പലിയാണ് കൃഷി ചെയ്യുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൂടുതല്‍ വിളവ് നല്‍കുന്ന ഇനമാണ് വിശ്വം. തിരികളും വേരുമാണ് പ്രധാനഭാഗങ്ങള്‍ . തിപ്പലിയുടെ തിരികള്‍ നാലഞ്ചുദിവസം ഉണക്കി ഈര്‍പ്പം കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കണം. ഉണങ്ങിയ വേരുകളെ പിപ്ലാമൂല്‍ എന്നാണ് വിളിക്കുന്നത്.
ഔഷധ ഗുണങ്ങള്‍
ചവനപ്രാശത്തിലെ ഒരു പ്രധാന ചേരുവയാണ് തിപ്പലി. കഫക്കെട്ട്, ആസ്മ, ബ്രോങ്കൈറ്റിസ്, ചുമ ജലദോഷം എന്നിവയ്ക്ക് ഉത്തമ ആയുര്‍വേദ മരുന്നാണിത് . ക്ഷയ രോഗ ചികിത്സയ്ക്കും തിപ്പലി ഫലപ്രദമാണ്. വേദനസംഹാരിയായും, ഉദരരോഗങ്ങള്‍ക്കും, വിശപ്പില്ലായ്മയ്ക്കും , ഉറക്കമില്ലായ്മയ്ക്കും, വിരശല്യത്തിനും ഔഷധമായി ഉപയോഗിക്കുന്നു.
Discussion about this post