റബ്ബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം കോവിഡ് കാലത്ത് റബ്ബര്‍ വിറ്റഴിക്കാന്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്കേറ്റ പ്രഹരമാണ്. റബ്ബര്‍ ആക്ട് റദ്ദ് ചെയ്യുകയാണെങ്കില്‍ അത് പത്ത് ലക്ഷത്തോളം റബ്ബര്‍ കര്‍ഷകരെയാണ് ബാധിക്കുക.
റബ്ബറിന് പ്രത്യേക സംരക്ഷണം നല്‍കുന്ന റബ്ബര്‍ ആക്ട് 1947ലാണ് പാര്‍ലമെന്റ് പാസാക്കിയത്. പിന്നീട് ഇപ്പോഴത്തെ രൂപത്തിലേക്ക് ഭേദഗതി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കേന്ദ്ര വാണിജ്യ മന്ത്രാലയം കോട്ടയത്തെ റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനത്തേക്് ഒരു കത്തയച്ചിരുന്നു. റബ്ബര്‍ ബോര്‍ഡ് എടുത്ത് കളയുകയോ അല്ലെങ്കില്‍ സമാനമായ ഏതെങ്കിലും കാര്‍ഷിക ബോര്‍ഡുകളിലേക്ക് ലയിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതിന് കഴിഞ്ഞ ദിവസമാണ് റബര്‍ ബോര്‍ഡ് മറുപടി നല്‍കിയത്.ഇത്തരമൊരു നീക്കം 12 സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് കര്‍ഷകരുടെയും റബര്‍ കൃഷിയുടെയും ജീവിതം നശിപ്പിക്കുമെന്നായിരുന്നു റബ്ബര്‍ ബോര്‍ഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കിയത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെയും ക്യാബിനറ്റ് സെക്രട്ടറിയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വാണിജ്യമന്ത്രാലയം റബ്ബര്‍ നിയമം റദ്ദാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ രണ്ടുതവണ റബ്ബര്‍ ആക്ട് റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ റബ്ബര്‍ ബോര്‍ഡും കാര്‍ഷിക സംഘടനകളും വിവിധ സംസ്ഥാന സര്‍ക്കാരുകളും രംഗത്ത് വന്നിരുന്നു. നിലവില്‍ കോവിഡ് 19 വ്യാപനത്തിന്റെ മറവില്‍ വീണ്ടും റബ്ബര്‍ ആക്ട് റദ്ദാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ആറരവര്‍ഷത്തിനിടെ റബ്ബര്‍ കൃഷിക്കാര്‍ക്കായുണ്ടായിരുന്ന 25ഓളം പദ്ധതികള്‍ നിര്‍ത്തലാക്കിയിരുന്നു. കൂടാതെ ലഭിച്ചുകൊണ്ടിരുന്ന 15ഓളം സബ്‌സിഡികളും നിര്‍ത്തലാക്കിയത് റബ്ബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. റബ്ബര്‍ ബോര്‍ഡിന്റെ അധികാരങ്ങളും പല ഘട്ടങ്ങളായി എടുത്തുകളഞ്ഞുവെന്നും ആ്‌രോപണമുണ്ട്.
റബ്ബര്‍ ആക്ട് നിര്‍ത്തലാക്കിയാല്‍ വില, വ്യാപാരം, കയറ്റുമതി, ഇറക്കുമതി എന്നിവയില്‍ നിയന്ത്രണങ്ങളോ മേല്‍നോട്ടങ്ങളോ ഉണ്ടാകില്ല. രാജ്യത്ത് റബ്ബര്‍ ബോര്‍ഡ് നല്‍കുന്ന ലൈസന്‍സിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമാണ് ലൈസന്‍സിംഗ്, കയറ്റുമതി, ഇറക്കുമതി എന്നിവ. റബ്ബര്‍ ബോര്‍ഡും പൊതു സ്ഥാപനങ്ങളും നിര്‍ത്തലാക്കുന്നതോടെ റബ്ബര്‍ കൃഷിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുക.
Discussion about this post