മാംസ്യവും നാരും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള വിളയാണ് അമര. .ഇതോടൊപ്പം വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണം കൂടിയാണിത്. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെ നല്ലത്. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് വിശ്വസിച്ച് കഴിക്കാവുന്ന പ്രോട്ടീന്‍ ഭക്ഷണമാണിത്.
വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് അമര.ഡോളികോസ് ബീന്‍ എന്നും ലാബ്ലാബ് എന്നും വിളിക്കാറുണ്ട്. പടര്‍ത്തുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളും ഉണ്ട്. പടര്ത്തിവിടുന്നവ നടേണ്ടത് ജൂലൈ -ഓഗസ്റ്റ് മാസങ്ങളില്‍ ആണ്. എന്നാല്‍ കുറ്റി അമര ഏത് സമയത്ത് വേണമെങ്കിലും കൃഷി ചെയ്യാം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് പടര്‍ന്നുകയറുന്നവയാണ്.
ഇനങ്ങള്‍
പരന്ന ഇളം പച്ച നിറത്തിലുള്ള ഇനമാണ് ഹിമ. വീതികുറഞ്ഞ് വയലറ്റ് നിറമാണ് ഗ്രേസിന്. ഇവ രണ്ടും വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്.
നടേണ്ട വിധം
പടര്‍ന്നുവളരുന്നവ തടങ്ങളില്‍ ആണ് നടേണ്ടത്. വരികള്‍ക്കിടയില്‍ ഒന്നേകാല്‍ മീറ്റര്‍ നീളവും ചെടികള്‍ക്കിടയില്‍ മുക്കാല്‍ മീറ്റര്‍ നീളവും ഉണ്ടായിരിക്കണം. ഒരു തടത്തില്‍ മൂന്നു തൈകള്‍ നടാം.ഇവയെ പന്തല്‍ ആയി പടര്‍ത്തുകയോ ജൈവ മതിലായി മാറ്റുകയോ ചെയ്യാം കുറ്റിച്ചെടികള്‍ പണകോരി നടുന്നതാണ് നല്ലത്. വരികള്‍ക്കിടയില്‍ 60 സെന്റീമീറ്ററും ചെടികള്‍ക്കിടയില്‍ 15 സെന്റീമീറ്ററും നീളമുണ്ടാകണം.
വളപ്രയോഗം
നിലം ഉഴുതശേഷം അടിവളമായി ജൈവ വളമോ കമ്പോസ്റ്റോ ചേര്‍ക്കുക. ഇതിനോടൊപ്പം 16 കിലോഗ്രാം വെര്‍മി കമ്പോസ്റ്റും 400 ഗ്രാം ചാരവും 1200 ഗ്രാം റോക്ക് ഫോസ്ഫേറ്റും ചേര്‍ക്കാം. നട്ടതിന് ശേഷം 14 ദിവസത്തെ ഇടവേളകളില്‍ ജൈവവളം നല്‍കുക. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി രണ്ടാഴ്ച്ച കൂടുമ്പോള്‍ പഞ്ചഗവ്യമോ വെര്‍മിവാഷോ സ്പ്രേ ചെയ്യാവുന്നതാണ്. അധിക ശിഖരങ്ങള്‍ നുള്ളി കളയുന്നത് പൂക്കള്‍ ഉണ്ടാവുന്നതിനും നല്ല കായ്ഫലം തരുന്നതിനും സഹായിക്കുന്നു.
നവംബര്‍ മാസത്തോടുകൂടി അമര പൂക്കുകയും കായ്ക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വിളവെടുക്കാം.
സസ്യസംരക്ഷണം
ഇലച്ചാടി, മുഞ്ഞ, വെള്ളീച്ച, ചിത്രകീടം, ഇലചുരുട്ടിപ്പുഴു, കായ്തുരപ്പന്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍.വേപ്പ് അധിഷ്ഠിതമായ കീടനാശിനിയാണ് നീമസാല്‍. ഒരു ശതമാനം വീര്യമുള്ള നീമസാല്‍ 2 ml/ ലിറ്റര്‍ എന്ന തോതില്‍ തളിക്കുന്നത് മുഞ്ഞയുടെ ശല്യം കുറയ്ക്കും. കാഞ്ഞിരത്തിന്റെ ഇലയുടെ സത്ത് സോപ്പുമായി ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുന്നതും നല്ലതാണ്.
ഇലച്ചാടികളുടെയും വെള്ളീച്ചയുടെയും ശല്യം അകറ്റാന്‍ 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് ഏറെ ഫലപ്രദമാണ്. കളകള്‍ കൃത്യമായി നശിപ്പിച്ചു കളയുന്നതും വേപ്പിന്‍കുരു സത്ത് തളിക്കുന്നതും ചിത്രകീടങ്ങളെ തുരത്താന്‍ സഹായിക്കുന്നു. ഗോമൂത്രവും കാന്താരിമുളകും കായവും ചേര്‍ത്ത മിശ്രിതം നേര്‍പ്പിച്ച് തളിക്കുന്നത് കായ്തുരപ്പന്‍ പുഴുക്കളെ നശിപ്പിക്കും. ഇതോടൊപ്പം ഒരു സെന്റില്‍ ഒരു കിലോ എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കാം.
വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുന്നതും വേപ്പിന്‍പിണ്ണാക്ക് വളമായി ചേര്‍ക്കുന്നതും ഒരുപരിധിവരെ കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കുന്നു. ട്രൈക്കോഡര്‍മ സമ്പുഷ്ടമായ ജൈവവളം ഉപയോഗിക്കുന്നതും നല്ലതാണ്.
ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് കുമിള്‍ രോഗങ്ങളെ അകറ്റും.വെള്ളീച്ചകളെയും വയറല്‍ രോഗങ്ങളെയും നിയന്ത്രിക്കാന്‍ ബോഡോ മിശ്രിതം ഏറെ ഫലപ്രദമാണ്.
Discussion about this post