വന്യജീവി ആക്രമണമുള്ള സ്ഥലങ്ങളില്‍ ജൈവവേലി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.രാജു. അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കരിമ്പനകളുടെ തൈകള്‍ വളര്‍ത്തിയെടുത്ത് ജൈവമതില്‍ തീര്‍ത്ത് പ്രതിരോധിക്കുകയാണ് ലക്ഷ്യം. ജൈവവേലി വനമേഖലകളില്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു.
എന്താണ് ജൈവ വേലി
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള വ്യത്യസ്തവും ചിലവ് കുറഞ്ഞതുമായി രീതിയാണ് ജൈവ വേലി. ശീമകൊന്ന, മഞ്ചാടി, വേലിത്തറി എന്നിങ്ങനെ വിവിധയിനം ചെടികള്‍കൊണ്ടുള്ള ജൈവ വേലി പണ്ട് കര്‍ഷകര്‍ ഒരുക്കിയിരുന്നു. നല്ല ജൈവ വളങ്ങളായ ഇവ മണ്ണുമായി പെട്ടന്ന് ചേരുന്നതും അതുപോലെത്തന്നെ നല്ല വളം പ്രദാനം ചെയ്യുന്നതുമാണ്. ജൈവകൃഷിക്ക് ഒരവശ്യഘടകമാണ് ജൈവവേലി. ജൈവവേലി ഉണ്ടാക്കിയെടുക്കുന്നതിലൂടെ കരിയിലകളുടെ ഉത്പാദനത്തിലും കരിയില, ചാണകം, മണ്ണിര, കുമ്മായം എന്നിവയുടെ സംയോജനത്തിലൂടെ വളക്കൂറുള്ള മണ്ണും സൃഷ്ടിക്കാന്‍ സാധിക്കും. മറ്റ് മതിലുകള്‍ പണിയുന്നതു പോലുള്ള ചെലവില്ലെന്നത് തന്നെയാണ് പ്രധാന പ്രത്യേകത. മണ്ണൊലിപ്പ് തടയുന്നതിനും ജൈവവേലി സഹായിക്കുന്നു. പ്രകൃതിയ്ക്കും ദോഷകരമല്ല. ശ്രീലങ്കയില്‍ വിജയിച്ച പദ്ധതിയാണ് ജൈവ വേലി.
അതേസമയം സ്‌കൂളുകലില്‍ ആരംഭിച്ച വിദ്യാവനം പദ്ധതി കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അവിടേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വനത്തിന്റെയും വൃക്ഷങ്ങളുടെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വനമഹോത്സവത്തിന്റെ ഭാഗമായാണ് അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമായ വനങ്ങള്‍ സംരക്ഷിക്കുന്ന സന്ദേശമാണു വനമഹോത്സവം മുന്നോട്ടുവയ്ക്കുന്നത്. വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം നിലമ്പൂരിലെ കരിമ്പുഴയില്‍ 226 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പ്രഖ്യാപിച്ചു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നാലു ലക്ഷം വൃക്ഷതൈകള്‍ നട്ടാണ് വനമഹോത്സവം ജൂലൈ 1 ന് ആരംഭിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ 90 ശതമാനത്തില്‍ അധികം പൂര്‍ത്തിയായികഴിഞ്ഞൂ. 360 ഏക്കറോളം വരുന്ന വനം വകുപ്പ് സ്ഥലത്ത് 350 കോടിയില്‍ അധികം രൂപ ചെലവഴിച്ചാണു ലോകത്തിലെതന്നെ സവിശേഷതകളുള്ള പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൂര്‍ത്തിയാകുന്നത്. തെന്‍മലയില്‍ നെടുങ്ങല്ലൂര്‍ പച്ച പൂര്‍ണ്ണമായി തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളോടെയാണ് ഈ വര്‍ഷത്തെ വനമഹോത്സവം സമാപിക്കുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വനംവകുപ്പ് കൈമാറിയ 3,032 ഹെക്ടര്‍ സ്ഥലം ഈ സര്‍ക്കാര്‍ തിരികെ എടുത്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
സ്‌കൂളിന്റെ അഞ്ചു സെന്റ് സ്ഥലത്താണ് 40 തിരഞ്ഞെടുത്ത അപൂര്‍വയിനം മരങ്ങള്‍ നട്ടത്. ഇവിടെ ഡിജിറ്റല്‍ വൃക്ഷതൈ ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡില്‍ ചെടികളുടെ പേരിനൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ചു സ്‌കാന്‍ ചെയ്താല്‍ ആ വൃക്ഷത്തെക്കുറിച്ച് വിശദമായി മനസിലാക്കാന്‍ കഴിയും.
Discussion about this post