സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ‘ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക്’. വലിയ സ്വീകാര്യതയാണ് പദ്ധതിയ്ക്ക് ലഭിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ തീരപ്രദേശ ഗ്രാമമായ അജാനൂരില്‍ പദ്ധതി വന്‍ വിജയമായി. അജാനൂര്‍ സി.ഡി.എസ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച 125 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. 55 ഏക്കര്‍ തരിശ്ശ് നിലമാണ് കാട് വെട്ടിതെളിച്ച് കൃഷിയോഗ്യമാക്കിയയത്. പൂര്‍ണ്ണമായും ജൈവ രീതി അവലംബിച്ചു കൊണ്ടാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. നെല്ല്, മഴക്കാല പച്ചക്കറികള്‍, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 500 ഓളം കുടുംബശ്രീ അംഗംങ്ങളെയാണ് സി.ഡി.എസിന്റെ നേതൃത്വത്തില്‍ പുതിയതായി കൃഷിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. കൂടാതെ ബാലസഭ അംഗങ്ങളായ കുട്ടികളെയും കൃഷിയിലേക്കിറക്കാന്‍ കഴഞ്ഞത് പദ്ധതിയുടെ വിജയമാണ്.
ഓരോ കുടുംബശ്രീയുടെ കീഴിലും ഒരു ജെ.എല്‍.ജി വീതം രൂപീകരിച്ചു. ഓരോ അംഗത്തിന്റെ വീട്ടിലും ചേന, ചേമ്പ്, മുരിങ്ങ, വാഴ, എന്നിവ കൃഷി ചെയ്യുന്നുണ്ട്. അതോടൊപ്പം വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ഓരോ വീടുകളിലും അടുക്കള തോട്ടം ഉണ്ടാക്കി കൃഷി ചെയ്യുകയാണ്. കൃഷിയിലൂടെ ലഭിക്കുന്ന വിളകളുടെ വിപണനം നടത്തുന്നതിനുള്ള സംവിധാനവും സി.ഡി.എസ് ഒരുക്കിയിട്ടുണ്ട്.
ജെ.എല്‍ ജി- ഗ്രൂപ്പുകളുടെ നെല്ല് ശേഖരിച്ച് ‘അന്നം അമൃതം’ എന്ന നാടന്‍ കുത്തരി ബ്രാന്റ് സി.ഡി.എസില്‍ ആരംഭിച്ചിട്ടുണ്ട്. വിപണനം നടത്തുന്നതിനു വേണ്ടി ചന്തകളും നടത്തുന്നുണ്ട്. നാനോ മാര്‍ക്കറ്റ് സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018 മാര്‍ച്ച് മാസം ജില്ലയില്‍ ആദ്യമായി ആരംഭിച്ച നാനോ മാര്‍ക്കറ്റായിരുന്നു, അജാനൂര്‍ സി.ഡി.എസിന്റേത്. സി.ഡി.എസ് ഓഫീസ് കേന്ദ്രീകരിച്ച് വിവിധ കുടുംബശ്രീകള്‍ ഉത്പാദിപ്പിക്കുന്ന വിവിധങ്ങളായ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനായാണ് സംസ്ഥാന മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാനോ മാര്‍ക്കറ്റിന് തുടക്കമിട്ടത്.
Discussion about this post