കേരളത്തിലെ പുരയിടങ്ങളില്‍ പ്രധാനമായും കൃഷി ചെയ്തു വരുന്ന ഒരു കിഴങ്ങുവര്‍ഗ വിളയാണ് കാച്ചില്‍ അഥവാ കാവത്ത്. അന്നജം, മാംസ്യം, ഭക്ഷ്യനാരുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കാച്ചില്‍. രണ്ട് തരത്തിലുള്ള കാച്ചിലുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വലിയ കാച്ചിലും ചെറിയ കാച്ചിലും. ചെറിയ കാച്ചിലിനെ നനകാച്ചില്‍ അല്ലെങ്കില്‍ ചെറുകിഴങ്ങെന്നും പറയുന്നു.
ശ്രീരൂപ, ശ്രീശില്‍പ, ശ്രീകീര്‍ത്തി, ശ്രീകാര്‍ത്തിക എന്നീ ഇനങ്ങള്‍ കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രം പുറത്തിറക്കിയിട്ടുള്ള വലിയ ഇനം കാച്ചിലുകളാണ്. ശ്രീകല, ശ്രീലത എന്നിവയാണ് ചെറിയ ഇനം കാച്ചിലുകള്‍. ഇവ വള്ളിയായി മുകളിലേക്ക് പടര്‍ന്നു വരുന്നതിനാല്‍ താങ്ങുവൃക്ഷങ്ങളുടെ അരികിലാണ് കൃഷി ചെയ്യേണ്ടത്. തുറസ്സായ സ്ഥലങ്ങളില്‍ തനതുവിളയായി കൃഷി ചെയ്യുകയാണെങ്കില്‍ മൂന്നോ നാലോ മീറ്റര്‍ നീളമുള്ള താങ്ങുകാല്‍, അല്ലെങ്കില്‍ ഊന്നുകള്‍ ഇതിലേക്ക് കയര്‍ കെട്ടി വള്ളികള്‍ പടര്‍ത്താവുന്നതാണ്. കാച്ചില്‍ വിളകള്‍ മട്ടുപ്പാവിലും കൃഷി ചെയ്യാവുന്നതാണ്. ഗ്രോബാഗില്‍ മണ്ണ് നിറച്ച് ഊന്നുകാലുകള്‍ നല്‍കി കൃഷി ചെയ്യാം.
കൃഷി രീതി
വലിയ കാച്ചിലിന് ഏകദേശം 250 മുതല്‍ 300 ഗ്രാം തൂക്കം വരുന്ന മൂക്കോട് കൂടിയ കഷ്ണങ്ങള്‍ നെടുകെ മുറിച്ചതിന് ശേഷം ചാരത്തിലോ ചാണകവെള്ളത്തിലോ മുക്കി ഉണക്കിയതിന് ശേഷം നടാം. ചെറുകിഴങ്ങിന് 100 മുതല്‍ 150 ഗ്രാം മുഴുവന്‍ കിഴങ്ങുകളാണ് സാധാരണ കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്.
നല്ല ഫലഭൂയിഷ്ടവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് കാച്ചില്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യം. 90 സെന്റിമീറ്റര്‍ അകലത്തില്‍ 45x45x45 അളവില്‍ കുഴിയെടുക്കുക. അതിലേക്ക് കുമ്മായമിടുക. തുടര്‍ന്ന് കുഴിയുടെ മുക്കാല്‍ ഭാഗമെങ്കിലും മേല്‍മണ്ണും, കാലിവളവും ചേര്‍ത്ത മിശ്രിതം നിറയ്ക്കുക. കാലിവളം ഏകദേശം 1 മുതല്‍ 1.5 കിലോ വരെ ചേര്‍ക്കാവുന്നതാണ്. ഇതിന് പുറമെ 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50 ഗ്രാം എല്ലുപൊടി, 100 ഗ്രാം ചാരം എന്ന അളവില്‍ ചേര്‍ത്തുകൊടുക്കാം. നട്ടതിന് ശേഷം മണ്ണിട്ട് മൂടി നല്ലതുപോലെ പുതയിടുക.
നട്ട് മുള വന്നതിന് ശേഷം 30 ഗ്രാം ഫാക്ടംഫോസ്, 10 ഗ്രാം പൊട്ടാഷ് എന്നിവ വളമായി നല്‍കാവുന്നതാണ്. വീണ്ടും ഒരു മാസത്തിന് ശേഷം 10 ഗ്രാം യൂറിയ, 10 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാവുന്നതാണ്. കളകള്‍ പറിച്ച് വളം ഇട്ടതിന് ശേഷം മണ്ണിട്ട് നന്നായി മൂടികൊടുക്കുക.നട്ട് 8-9 മാസമാകുമ്പോള്‍ വള്ളികള്‍ മഞ്ഞളിച്ച് ഉണങ്ങുന്നതോട് കൂടി കാച്ചില്‍ കിഴങ്ങ് മണ്ണില്‍ നിന്ന് പറിച്ചെടുക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി
Discussion about this post