സ്ഥലപരിമിതിയുള്ള വീട്ടുവളപ്പിനും മട്ടുപ്പാവിനും അനുയോജ്യമാണ് ഗ്രോബാഗിലെ പച്ചക്കറികൃഷി. ഇതിനായി കടകളില്‍ നിന്ന് ലഭിക്കുന്ന ഗ്രോബാഗോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ ലഭ്യമായ വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് ചാക്കുകളോ ഉപയോഗിക്കാവുന്നതാണ്.
ഗ്രോബാഗ് കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നടീല്‍ മിശ്രിതം തയ്യാറാക്കുന്ന രീതിയാണ്. 1:1:1 എന്ന അനുപാതത്തില്‍ മേല്‍മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയാണ് നടീല്‍മിശ്രിതം തയ്യാറാക്കേണ്ടത്. ഇപ്രകാരം തയ്യാറാക്കിയ നടീല്‍ മിശ്രതം ഗ്രോബാഗ് ഒന്നിന് എന്ന കണക്കില്‍ നൂറ് ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂടി ചേര്‍ക്കുന്നത് നല്ലതാണ്.
നടീല്‍ മിശ്രിതം തയ്യാറാക്കി ഇവ ഗ്രോബാഗില്‍ കുറച്ച് നിറച്ച ശേഷം ഗ്രോബാഗിന്റെ വശങ്ങള്‍ ഉള്ളിലേക്ക് തള്ളിവെക്കുക.അതിന് ശേഷം മൂന്നില്‍ രണ്ട് ഭാഗമാകുന്നത് വരെ ഈ നടീല്‍മിശ്രിതം നിറച്ചുകൊടുക്കാവുന്നതാണ്. നടീല്‍ മിശ്രിതം നിറച്ച ശേഷം ഇഷ്ടിക കഷ്ണങ്ങള്‍ അടുപ്പു കൂട്ടുന്നത് പോലെ വെച്ച് അതിന് മുകളിലായിട്ട് വേണം ഗ്രോബാഗ് വെക്കാന്‍. ഗ്രോബാഗ് വെച്ച ശേഷം ഏകദേശം 10 ദിവസം കഴിഞ്ഞ് കളകള്‍ വരുന്നുണ്ടെങ്കില്‍ അവ പറിച്ചു കളഞ്ഞ ശേഷം വിത്ത് പാകി കൊടുക്കാവുന്നതാണ്.
തൈകള്‍ പറിച്ചു നടുന്ന രീതിയാണെങ്കില്‍ കരുത്തുള്ള തൈകള്‍ നോക്കി പറിച്ചെടുത്ത് ഗ്രോബാഗ് നനച്ചുകൊടുത്ത ശേഷം ഇവ നട്ടുകൊടുക്കാവുന്നതാണ്. നട്ട തൈകള്‍ക്ക് ഏതാനും ദിവസം തണല്‍ കൊടുക്കാനും ശ്രദ്ധിക്കണം. മിതമായ രീതിയില്‍ ഗ്രോബാഗ് എല്ലാ ദിവസവും നനച്ചുകൊടുക്കേണ്ടതാണ്.
വളപ്രയോഗം ചെയ്യുമ്പോള്‍ ജൈവവളങ്ങളായ കമ്പോസ്റ്റ്, ചാണകപ്പൊടി, മറ്റ് ജൈവവളങ്ങള്‍, ചാരം, എല്ലുപൊടി എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ്.
Discussion about this post