കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതാണ് ‘ബയോഫ്‌ളോക്ക് മത്സ്യകൃഷി’. വളരെ നൂതനവും മത്സ്യകര്‍ഷകര്‍ക്ക് സാമ്പത്തികമായി താങ്ങാനാവുന്നതുമായ ഒരു മത്സ്യകൃഷി സംവിധാനമാണ് ബയോഫ്‌ളോക്ക് മത്സ്യകൃഷി.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായതില്‍ 1.5 ലക്ഷം മെട്രിക് മത്സ്യം നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് കണ്ടെത്തുന്നത്. അവ കേട് കൂടാതെ സംരക്ഷിക്കുന്നതിന് മാരകമായ പല രാസ പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭക്ഷ്യോല്പാദന മേഖലകള്‍ പരിഗണിക്കുമ്പോള്‍ മത്സ്യകൃഷി സുസ്ഥിരമായ വളര്‍ച്ച കാണിക്കുന്നു. കേരളത്തിന്റെ മൊത്തം മത്സ്യോല്പാദനത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പങ്ക് നിര്‍ണ്ണായകമാണ്.
കൃഷിക്കായി ഉപയോഗിക്കുന്ന വെള്ളത്തില്‍ അടിഞ്ഞുകൂടിയ ദോഷകരമായ വിഷ വസ്തുക്കളായ നൈട്രേറ്റ്, അമോണിയ എന്നിവ കുറഞ്ഞ ചെലവില്‍ മത്സ്യങ്ങള്‍ക്ക് പോഷക സമ്പുഷ്ടമായ തീറ്റയാക്കി ബയോഫ്‌ളോക്ക് മത്സ്യകൃഷി സംവിധാനത്തിലൂടെ മാറ്റാവുന്നതാണ്. ഉയര്‍ന്ന മത്സ്യ ഉല്‍പ്പാദനക്ഷമത, ചെലവ് കുറഞ്ഞ തീറ്റ ഉല്പാദനം, പരിമിത അളവില്‍ അല്ലെങ്കില്‍ പൂജ്യം നിരക്കില്‍ ജല കൈമാറ്റം, ജല മലിനീകരണവും മത്സ്യ രോഗങ്ങളുടെ വ്യാപന സാധ്യത കുറയ്ക്കല്‍, ജലം, ഭൂവിനിയോഗ കാര്യക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവ ഈ പരിസ്ഥിതി സൗഹൃദ കൃഷി രീതി വഴി സാധ്യമാകുന്നു.
സ്ഥല സൗകര്യമുള്ളവര്‍ക്കും മത്സ്യകൃഷിയില്‍ താത്പര്യമുള്ളവര്‍ക്കും ഈ പദ്ധതിയില്‍ ഗുണഭോക്താവ് ആകാവുന്നതാണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അപേക്ഷ ക്ഷണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണ സമിതി പ്രതിനിധി ചെയര്‍മാനും കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും അംഗങ്ങളുമായ ഒരു സമിതി
അപേക്ഷകരുടെ സ്ഥലപരിശോധന നടത്തി ഗുണഭോക്തൃ സാധ്യതാ പട്ടിക തയ്യാറാക്കുന്നു. പഞ്ചായത്ത് സമിതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് അന്തിമമായി അംഗീകരിക്കുന്നതാണ്.
ഫിഷറീസ് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഗുണഭോക്താവുമായി കരാറുണ്ടാക്കണം.ഗുണഭോക്താക്കള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം സംഘടിപ്പിക്കുകയും പദ്ധതി സംബന്ധിച്ച് ലഘുലേഖ വിതരണം ചെയ്യുന്നതുമാണ്. ബയോ ഫ്‌ളോക്ക് മത്സ്യകൃഷി സംബന്ധിച്ച് സാങ്കേതിക സഹായം ഫിഷറീസ് വകുപ്പ് നല്‍കുന്നതായിരിക്കും.
ബയോഫ്‌ളോക്ക് ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്, മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ടു വാങ്ങി നല്‍കാവുന്നതാണ്. അതല്ലെങ്കില്‍ സ്വകാര്യ വിതരണക്കാരില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാവുന്നതും ബില്ലുകള്‍/വൗച്ചറുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പരിശോധന നടത്തി, ഗുണഭോക്തൃ വിഹിതത്തില്‍ പെടുത്താവുന്നതും, ഗുണഭോക്തൃ വിഹിതം കഴിഞ്ഞ് ഉള്ള തുകയുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് DBT മുഖേന അനുവദിക്കാവുന്നതുമാണ്.
ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ള ഹാച്ചറികളില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയായ ‘ഏജന്‍സി ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള’ (ADAK) മുഖേനയോ മത്സ്യകുഞ്ഞുങ്ങളെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങി നല്‍കേണ്ടതാണ്. സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്, മത്സ്യകര്‍ഷക വികസന ഏജന്‍സി (FFDA) എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ട് കര്‍ഷകര്‍ക്ക് മത്സ്യത്തീറ്റ വാങ്ങി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം സ്വകാര്യ വിതരണ കമ്പനികളില്‍
നിന്നും ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചും മത്സ്യത്തീറ്റ കര്‍ഷകര്‍ക്ക് വാങ്ങി നല്‍കാവുന്നതാണ്.
വിളവെടുപ്പ്
അഞ്ചാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാവുന്നതും, ആറാം മാസത്തോടുകൂടി വിളവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുമാണ്. 5-6 മാസത്തിനുശേഷം വിളവെടുപ്പു നടത്താവുന്നതാണ്. വിപണി ഉറപ്പാക്കി ഭാഗികമായോ, പൂര്‍ണ്ണമായോ വിളവെടുക്കാവുന്നതാണ്.
വരുമാനം
ഒരു യൂണിറ്റ് നിര്‍മ്മിക്കുന്നതിന്റെ ചിലവ് 1.38 ലക്ഷം രൂപയാണ്. ഓരോ യൂണിറ്റില്‍ നിന്നും 500 കി.ഗ്രാം മത്സ്യോല്പാദനം പ്രതീക്ഷിക്കുന്നു. അതുവഴി 1 ലക്ഷം രൂപ വരുമാനം ലഭ്യമാകുന്നു. ഒരു വര്‍ഷം രണ്ട് വിള എടുക്കാവുന്നതാണ്.
Discussion about this post