കുരുമുളക് വള്ളികള്‍ നടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം കാലവര്‍ഷാരംഭമാണ്. കാലവര്‍ഷം ആരംഭിക്കുന്നതോടെ നന്നായി വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ നടാം. ധാരാളം വേരുകളോട് കൂടിയ നല്ല വളര്‍ച്ചയെത്തിയ വള്ളികള്‍ നടാനുപയോഗിക്കണം.
തുടര്‍ച്ചയായി നല്ല വിളവ് തരുന്ന, രോഗ-കീട പ്രതിരോധ ശേഷിയുള്ള 5 മുതല്‍ 12 വര്‍ഷം പ്രായമായ വള്ളികളാണ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്.
കുരുമുളക് കൃഷിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയം കൂടിയാണ് കാലവര്‍ഷാരംഭം. മഴക്കാലം തുടങ്ങുന്നതോടെ കുരുമുളക് വള്ളികളില്‍ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ദ്രുതവാട്ടമാണ് കുരുമുളകിനെ ബാധിക്കുന്ന പ്രധാന രോഗം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ സമയത്താണ് ദ്രുതവാട്ടം കണ്ടുവരുന്നത്. ഫൈറ്റോഫ്‌തോറ കാപ്‌സിസി എന്ന ഒരിനം കുമിളാണ് ഈ രോഗത്തിന് കാരണം. കൊടിയുടെ ഏത് ഭാഗത്തെയും ഈ രോഗം ബാധിക്കുമെങ്കിലും രോഗബാധയേല്‍ക്കുന്ന ഭാഗത്തെയും രോഗത്തിന്റെ തീവ്രതയെയും ആശ്രയിച്ചാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചെടിയെ പൂര്‍ണമായും നശിപ്പിക്കത്തക്ക ശക്തനാണ് ഈ രോഗം.
തോട്ടങ്ങളില്‍ നല്ല നീര്‍വാര്‍ച്ചയ്ക്കുള്ള സംവിധാനം ഉറപ്പ് വരുത്തുക. മിത്രകുമിളുകളായ ട്രൈക്കോഡെര്‍മ ഹാര്‍സിയാനം, സ്യൂഡോമോണസ് ഫ്‌ളൂറസെന്റ്‌സ് എന്നിവ ജൈവവളങ്ങളില്‍ ചേര്‍ത്ത് കൊടിയുടെ ചുവട്ടില്‍ ഇട്ടുകൊടുക്കുക. മഴ തുടങ്ങുമ്പോഴും എല്ലാ വള്ളികള്‍ക്കും 1% വീര്യമുള്ള േേബാര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക എന്നീ പ്രതിരോധമാര്‍ഗങ്ങളാണ് ഈ രോഗം നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ടത്. കൂടാതെ ഫൈറ്റോഫ്‌തോറ മൂലമുള്ള രോഗം വരാതിരിക്കാന്‍ 0.2% വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒഴിവാക്കണം.
മഴ ശക്തമാകുന്നതിന് മുമ്പ് രോഗബാധയേറ്റ് നശിച്ച കൊടി പറിച്ചെടുത്ത് ദൂരെ കൊണ്ടുപോയി പൂര്‍ണമായും തീയിട്ട് നശിപ്പിക്കണം.
ഇലപ്പുള്ളിരോഗം അഥവാ ആന്ത്രാക്‌നോസ് രോഗവും കുരുമുളകില്‍ കണ്ടുവരാറുണ്ട്. മഴക്കൂടുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇവ കണ്ടുവരാറുള്ളത്. ഇലകളില്‍ മഞ്ഞയും തവിട്ടും കലര്‍ന്ന പുള്ളികളോ അല്ലെങ്കില്‍ മഞ്ഞ പ്രഭാവലയത്തോട് കൂടിയ കറുത്ത പൊട്ടുകളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ 2 തവണ 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കര്‍ഷകന്‍, ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ
Discussion about this post