കിടനാശിനികൾ അടിച്ച പച്ചക്കറികളെക്കാൾ എത്ര നല്ലതാണ് വീട്ടിൽ വിളയുന്ന വിഷ രഹിതമായ പച്ചകറികൾ. ഓരോ വീട്ടിലും ചെറിയ മഴമറയുണ്ടെങ്കിൽ ഏത് കാലാവസ്ഥയിലും പച്ചക്കറിക്ക് മുട്ടുണ്ടാവില്ല. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചെടികൾക്കുള്ള കൂടയാണ് മഴമറ. മഴവെള്ളം ഉള്ളിലേക്ക് കടത്തി വിടാത്ത രീതിയിൽ പോളി ഷീറ്റുകൾ കൊണ്ട് മേഞ്ഞ മേൽക്കൂരയ്ക്ക് താഴേ കൃഷി നടത്തുന്ന രീതിയാണിത്.
മഴക്കാലം പച്ചക്കറി കൃഷിക്ക് പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കും . കൃഷി വിളകളിൽ മഴനേരിട്ടു പതിക്കുമ്പോൾ ഉണ്ടാകുന്ന പൂകൊഴിച്ചിൽ, മറ്റ് അഴുകൽ രോഗങ്ങൾ, മുരടിപ്പ് എന്നിവ മൂലവും മഴക്കാലത്ത് പച്ചക്കറിക്കൃഷി ഏറക്കുറെ അസാധ്യമാണ്.. ഈ സാഹചര്യത്തിലാണ് മഴമറ കൃഷിക്ക് പ്രസക്തി ഏറുന്നത്.
മഴ കാലത്തു പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് പച്ചക്കറിയെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഒപ്പം വർഷം മുഴുവൻ ഉല്പാദനം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. ഇതിലുപയോഗിക്കുന്ന യുവി ഷീറ്റ് അൾട്രാവയലറ്റ് കിരണങ്ങളെ ചെറുത്തു കൃഷിക്കാവശ്യമായുള്ള സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തി വിടുന്നു .കുറഞ്ഞ ചിലവിൽ കൃഷി ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.
ശീതകാല പച്ചക്കറികളായ കാബേജ്,കോളിഫ്‌ളവർ, സവാള, കാരറ്റ്, ക്യാപ്സിക്കം മുതലായവയും തക്കാളി, മുളക്, തുടങ്ങിയവയാണ് മഴമറക്കു യോജിച്ച വിളകൾ . പച്ചക്കറികൾക്ക് പുറമെ ആസ്റ്റർ, ജെർബറ, ഗ്ലാഡിയോലസ് എന്നീ പൂക്കളും ഇങ്ങനെ കൃഷി ചെയ്യാൻ സാധിക്കും
മഴമറ കൃഷിയുടെ നിർമാണത്തിൽ ശ്രദ്ധിക്കേണ്ടത്
1. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം.
2. തെക്ക് – വടക്ക് ദിശയിൽ നിർമിക്കുന്നതാണ് ഉത്തമം.
3. മഴവെള്ളം ഒഴുകി പോകാനുള്ള എളുപ്പത്തിന് പന്തലാകൃതിയാണ് അനുയോജ്യം.
4. ചട്ടക്കൂടിനുള്ളിൽ നിന്ന് മൂർച്ചയുള്ള ഭാഗങ്ങൾ ഒഴിവാക്കിയാൽ പോളിത്തീൻ ഷീറ്റ് കീറി പോകുന്നത് തടയാം.
5.ചട്ടക്കൂടിന്റെ മുകളിൽ ആവരണം ചെയ്യാനായി 200 മൈക്രോൺ കനമുള്ള യു വി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കാം .ഇവയ്ക്കു ചതുരശ്ര മീറ്ററിന് 60 – 75 രൂപ വരെ വില വരും…
6. ജലസേചന – ജല നിർഗമന സൗകര്യങ്ങൾ ഉറപ്പാക്കണം.
7. മഴ മറയ്ക്കുള്ളിൽ പരമാവധി വായു സഞ്ചാരം ഉറപ്പാക്കുക.
8. മുള / കാറ്റാടി കാലുകൾ എന്നിവ കേട് വരാതെ ഇരിക്കാൻ മണ്ണിനടിയിലേക്ക് പോകുന്ന ഭാഗത്ത് കരി ഓയിൽ തേക്കുകയോ , കുഴിയിൽ ഉപ്പിടുകയോ , മറ്റ് ചിതൽ നിയന്ത്രണ മാർഗങ്ങളോ സ്വീകരിക്കുക.
9. മറ്റ് ജീവികളുടെ ശല്യം ഒഴിവാക്കാൻ മഴ മറയ്ക്ക് ചുറ്റും തറ നിരപ്പിൽ നിന്നും 3 അടി ഉയരത്തിൽ മറയ്ക്കുക.
Discussion about this post