കറികളില്‍ രുചിയും മണവും നിറയ്ക്കാന്‍ കഴിയുന്ന ഒന്നാണ് മല്ലിയില. അങ്ങനെയുള്ള മല്ലിയില അധികം ബുദ്ധിമുട്ടില്ലാതെ വീട്ടില്‍ തന്നെ കൃഷി ചെയ്താലോ? എളുപ്പമെങ്കിലും മല്ലിയില കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മല്ലിചെടി നടാന്‍ സൂര്യപ്രകാശം ലഭിക്കാത്തയിടം തെരഞ്ഞെടുക്കുന്നതാകും നല്ലത്. മണ്ണ് നന്നായി കിളച്ച് ഒരുക്കിയ ശേഷം വേണം വിത്ത് പാകാന്‍. മണ്ണില്‍ ചാണകം, പച്ചില എന്നിവ അടിവളമായി നല്‍കാം. രാസവളം ഉപയോഗിച്ച മണ്ണാണെങ്കില്‍ കുറച്ച് കുമ്മായം ചേര്‍ക്കാം.
വിത്ത് മുളയ്ക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. ഒന്നോ രണ്ടോ ദിവസം കുതിര്‍ത്ത ശേഷം വിത്ത് നടുന്നതായിരിക്കും നല്ലത്. മണ്ണില്‍ വിത്തിടാന്‍ പാകത്തിന് കാല്‍ ഇഞ്ച് വലിപ്പത്തില്‍ ചെറിയ കുഴിയുണ്ടാക്കി ആറിഞ്ച് അകലത്തില്‍ വേണം വിത്ത് പാകാന്‍. വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം.
ചെടി നാലോ അഞ്ചോ ഇഞ്ച് ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളിയെടുക്കാം. ചെടിയുടെ മൂന്നില്‍ രണ്ടു ഭഗത്തില്‍ കൂടുതല്‍ ഇലകള്‍ ഒരേസമയം നുള്ളിയെടുക്കരുത്. ചെടിയുടെ വളര്‍ച്ച മുരടിക്കാന്‍ അത് കാരണമായേക്കും. ഇലയുടെ മണം കാരണം കീടശല്യം കുറവായിരിക്കും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ വീണ്ടും ഇലകള്‍ കിളിര്‍ക്കും. രണ്ടു മൂന്ന് ആഴ്ച കൂടുമ്പോള്‍ ഇല നുള്ളാം. പൂവിട്ടാല്‍ ഇലകള്‍ ഉണ്ടാകുന്നത് നില്‍ക്കും. എന്നാല്‍ പൂവ് നുള്ളിക്കളഞ്ഞാല്‍ വിണ്ടും ഇലകള്‍ ഉണ്ടാകും. അണുബാധ ഉണ്ടാകുന്ന ഇലകള്‍ അപ്പോള്‍ തന്നെ ചെടിയില്‍ നിന്നും നീക്കണം. വിത്ത് ശേഖരിക്കണം എങ്കില്‍ അതിനുള്ളത് ഇല നുള്ളാതെ പൂക്കുവാന്‍ അനുവദിക്കണം.
മുളച്ച് രണ്ടിഞ്ച് ഉയരം വന്നാല്‍ വളപ്രയോഗം തുടങ്ങാം. ചാണകം വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. നൈട്രജന്‍ വളങ്ങളും ഉപയോഗിക്കാം. ചെടി വലുതായാല്‍ നന കുറയ്ക്കുന്നതാണ് നല്ലത്. ചെടികള്‍ കൂട്ടംകൂടി വളരാന്‍ അനുവദിക്കരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയണം.
Discussion about this post