പത്തനംതിട്ട : കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോന്നിയില്‍ വനം വകുപ്പ് സ്‌ക്വാഡ് കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജെ.സി.സലിന്‍ ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് 100 കിലോഗ്രാം ഭാരം വരുന്ന പെൺകാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. മറ്റൊരു കാട്ടുപന്നിയെയും വെടിവച്ചെങ്കിലും ഒരു വെടിയേറ്റ ശേഷം ഓടിപ്പോയി.
മലയോര മേഖലയായ കോന്നിയിൽ കാട്ടുപന്നികൾ മനുഷ്യർക്കും കൃഷിക്കും ഒരുപോലെ ഭീഷണിയായി മാറിയിരുന്നു. കാട്ടുപന്നികള്‍ മനുഷ്യനെ ആക്രമിച്ച സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അരുവാപ്പുലം പഞ്ചായത്തിൽ ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതം ഒഴിവാക്കുന്നതിനായി മാര്‍ച്ച് ഏഴിന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് നടപടി. കോന്നി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ശ്യാം ചന്ദ്രന്‍ കാട്ടുപന്നിയുടെ പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ചു. ഇതിനുശേഷം റബര്‍തോട്ടത്തിൽ അഞ്ച് അടി താഴ്ചയില്‍ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ച് മറവുചെയ്തു.
നിരന്തരം കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് 2014 മുതല്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടായിരുന്നു. ഇതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉളളതായി കണ്ട് 2019 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്തു. അതേ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ അനുമതിയോടെ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കാട്ടുപന്നികളെ കൊല്ലുന്നതിന്
ഉത്തരവിടാനുളള അധികാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് നടപടികൾ സ്വീകരിച്ചത്.
Discussion about this post