നമ്മുടെ നാട്ടില്‍ മെയ്-ജൂണ്‍ മാസങ്ങളിലാണ് ചേമ്പ് കൃഷി ചെയ്യുന്നത്. നനവുണ്ടെങ്കില്‍ എപ്പോഴും കൃഷി ചെയ്യാവുന്നതാണ്. ചേമ്പിന്റെ കിഴങ്ങും തണ്ടും ഇലയും ഭക്ഷ്യയോഗ്യമാണ്. ചൊറിച്ചില്‍ ഇല്ലാത്ത ചീരച്ചേമ്പും എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ്. മട്ടുപ്പാവില്‍ ഗ്രോബാഗിലും ചീരച്ചേമ്പ് കൃഷി ചെയ്യാം.
ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും ചീരച്ചേമ്പ് അറിയപ്പെടുന്നു. സാധാരണ ചേമ്പ് പോലെ ചുവട്ടില്‍ കിഴങ്ങ് ഉണ്ടാകില്ല. പച്ചത്തണ്ടുള്ളതും പര്‍പ്പിള്‍ കളറിലുള്ള തണ്ടുള്ളതുമായ ചീരച്ചേമ്പുകളാണുള്ളത്. ഒരു പ്രാവശ്യം നട്ടാല്‍ എന്നും കറി വെക്കാന്‍ ഇലകള്‍ കിട്ടും. ഇലകളും തണ്ടും തോരന്‍ വെക്കാനും കറി വെക്കാനും യോജിച്ചതാണ്. വിറ്റാമിന്‍ എ.ബി.സി, ഫോസ്ഫറസ്, പൊട്ടാസ്യം, അയേണ്‍, തയാമിന്‍, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞതാണ് ഈ ഇലക്കറി.
കൃഷി ചെയ്യുന്ന രീതി
മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഗ്രോബാഗില്‍ നടാവുന്നതാണ്. തൈകളാണ് ചീരച്ചേമ്പ് നടാനായി ഉപയോഗിക്കുന്നത്. ഇതിന്റെ ചുവട്ടില്‍ ചെറിയ തൈകളുണ്ടായാല്‍ വേരോടെ പറിച്ചെടുത്ത് നടാവുന്നതാണ്. മട്ടുപ്പാവില്‍ നടുന്നവര്‍ക്ക് ചകിരിച്ചോര്‍ ഗ്രോബാഗില്‍ ചേര്‍ത്താല്‍ ഭാരം കുറയ്ക്കാന്‍ കഴിയും. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തഴച്ചുവളരുന്നതാണ്. സാധാരണ ജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍ മതി. സാധാരണയായി രോഗങ്ങളൊന്നും ബാധിക്കാറില്ലെന്നതും പ്രത്യേകതയാണ്. മഴക്കാലത്ത് ഇലചീയല്‍ കണ്ടുവരാറുണ്ട്.
Discussion about this post