ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം
1. ട്രൈക്കോഡെര്‍മ
മണ്ണില്‍ക്കൂടി പടരുന്ന കുമിള്‍ രോഗങ്ങളെ വളരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിവുള്ള മിത്രകുമിളാണ് ട്രൈക്കോഡെര്‍മ. ഈ കള്‍ച്ചര്‍ ചാണകപ്പൊടി വേപ്പിന്‍ പിണ്ണാക്ക് മിശ്രിതത്തില്‍ വളര്‍ത്തി എണ്ണത്തില്‍ പെരുകിപ്പിച്ച് പച്ചക്കറികള്‍ക്ക് പ്രയോഗിക്കാം
ട്രൈക്കോഡെര്‍മ വളര്‍ത്തുന്ന രീതി
നന്നായി ഉണക്കിപ്പൊടിച്ച് ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് (9:1) എന്ന അനുപാതത്തില്‍ കലര്‍ത്തി 2%-3% ട്രൈക്കോഡെര്‍മ ചേര്‍ത്ത് ഇളക്കി സംയോജിപ്പിച്ച്, ഈര്‍പ്പം തളിച്ച് തണലത്ത് കൂനകൂട്ടി നനഞ്ഞ ചണം ചാക്ക് ഉപയോഗിച്ച് മൂടിയിടുക. ഒരാഴ്ചയ്ക്ക് ശേഷം ഇവ പച്ചക്കറികള്‍ക്ക് നല്‍കാവുന്നതാണ്. എപ്പോഴും ചാണകപ്പൊടി നല്‍കുന്നതിന് പകരം ട്രൈക്കോഡെര്‍മ വളര്‍ത്തിയ ചാണകപ്പൊടി ആയാല്‍ കുമിള്‍ രോഗങ്ങള്‍ ഫലപ്രദമായി തടയാന്‍ സാധിക്കും.
2. സ്യൂഡോമോണാസ്
പച്ചക്കറിവിളകളെ ബാധിക്കുന്ന പ്രധാന കുമിള്‍-ബാക്ടീരിയല്‍ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയയ്ക്ക് സാധിക്കും. ഇവ വിത്തില്‍ പുരട്ടിയും, തൈകളുടെ വേര് സാന്ദ്രത കൂടിയ ലായനിയില്‍ മുക്കി നട്ടും, ചെടികളില്‍ തളിച്ചും പച്ചക്കറികളില്‍ പ്രയോഗിക്കാവുന്നതാണ്.
ഉപയോഗരീതി
1. വിത്തില്‍ പുരട്ടുന്ന രീതി:
വെള്ളമോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് ചെറുതായി ഈര്‍പ്പം വരുത്തിയ വിത്തിലേക്ക് പൊടിരൂപത്തിലുള്ള സ്യൂഡോമോണാസ് ചേര്‍ത്ത് സംയോജിപ്പിച്ച് തണലത്ത് 10-15 മിനിറ്റ് നിരത്തിയ ശേഷം അപ്പോള്‍ തന്നെ നടുക. 250-500 ഗ്രാം കള്‍ച്ചര്‍ ഉപയോഗിച്ച് 5-10 കി.ഗ്രാം വിത്ത് ഇപ്രകാരം പുരട്ടിയെടുക്കാവുന്നതാണ്.
2. തവാരണയില്‍:
പറിച്ചു മാറ്റി നടുന്ന തൈകളുടെ(മുളക്, കത്തിരി, വഴുതന, തക്കാളി) വേര് സ്യൂഡോമോണാസിന്റെ സാന്ദ്രത കൂടിയ ലായനിയില്‍(5%-5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) 10-15 മിനിറ്റ് മുക്കിവെച്ച ശേഷം നടുക.
ചെടികളില്‍ തളിക്കുന്ന രീതി:
പറിച്ചു നട്ട് 20 ദിവസം കഴിഞ്ഞ് 2 % വീര്യത്തില്‍(20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ചെടികളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. നേരിട്ട് നടുന്ന പച്ചക്കറികള്‍ക്ക് മൂന്നില പരുവത്തില്‍ 2% വീര്യത്തില്‍ ചെടികളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക. തുടര്‍ച്ചയായ രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ബാക്ടീരിയയില്‍ വാട്ടം കാണുന്ന സ്ഥലങ്ങളില്‍ രണ്ടാഴ്ചയിടവിട്ട് ലായനി ചുവട്ടില്‍ ഒഴിക്കുകയും ചെടികളില്‍ തളിക്കുകയും ചെയ്യണം.
3. പി.ജി.ആര്‍, മിക്‌സ്-1
വിളകളുടെ രോഗനിയന്ത്രണത്തിനുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടായ്മയാണ് പി.ജി.പി.ആര്‍ മിക്‌സ്-1. മുകളില്‍ പറഞ്ഞ രീതിയില്‍ സ്യൂഡോമോണോസ് പ്രയോഗിക്കുന്ന അതേ വിധത്തില്‍ വിത്തില്‍ പുരട്ടിയും തൈകളുടെ വേര് 5 % ലായനിയില്‍ മുക്കിയും, ചെടികളില്‍ തളിച്ചും ഇവ ഉപയോഗിക്കാം.
Discussion about this post