പച്ചക്കറി വിളകളിലെ കീടങ്ങളുടെ ആക്രമണത്താല്‍ ഉല്‍പ്പാദന ക്ഷമത ഗണ്യമായി കുറഞ്ഞുവരികയാണ്. പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ അറിയേണ്ട കാര്യമാണ് പച്ചക്കറി വിളകളിലെ സംയോജിത കീട നിയന്ത്രണത്തെ കുറിച്ച്.
താളം തെറ്റുന്ന കാലാവസ്ഥ, അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, കീടരോഗബാധകള്‍, കീടങ്ങളുടെ കീടനാശിനികള്‍ക്കെതിരെയുള്ള പ്രതിരോധശേഷി, വളപ്രയോഗ രീതികള്‍, കളകളുടെ ആധിക്യം തുടങ്ങിയവ പച്ചക്കറികളുടെ ഉല്‍പ്പാദന ക്ഷമത വളരെയധികം കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. കീടനിയന്ത്രണത്തിന് ലഭ്യമായ എല്ലാ നിയന്ത്രണ മാര്‍ഗങ്ങളെയും യുക്തിപൂര്‍വം സംയോജിപ്പിച്ച് കീടങ്ങളെ അമര്‍ച്ച ചെയ്യുക എന്നതാണ് സംയോജിത കീടനിയന്ത്രണത്തിന്റെ മുഖ്യ ആശയം. പച്ചക്കറി വിളകളിലെ കീടങ്ങളെ പുഴുക്കള്‍, നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍, ഈച്ചകള്‍, വണ്ടുകള്‍ എന്നിങ്ങനെ തരംതിരിക്കാം. ഇത്തരം കീടങ്ങളെ പ്രതിരോധിക്കാന്‍ പൊതുവെ ചെയ്യുന്നത് കീടനാശിനി പ്രയോഗമാണ്. പക്ഷെ ഈ കീടനാശിനിക്ക് മുമ്പേ കീടങ്ങളെ കുറയ്ക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഈ പ്രതിരോധമാര്‍ഗങ്ങളാണ് ആദ്യം അനുവര്‍ത്തിക്കേണ്ടത്.
പുഴുക്കള്‍
പുഴുക്കളുടെ ആക്രമണം സാധാരണയായി മഴയ്ക്ക് ശേഷമാണ് കണ്ടുവരുന്നത്. ഇവ വിളകളുടെ തണ്ടുകളിലും പൂവിലും കായിലും തുരന്നു കയറി നാശം വരുത്തുന്നു. പുഴുക്കള്‍ കായുടെ പുറത്തുള്ള ദ്വാരത്തിലൂടെ തല കടത്തി ഉള്‍ഭാഗം തിന്നുനശിപ്പിക്കുന്നു. ചില പുഴുക്കള്‍ ഇല ചുരുട്ടുകയും മറ്റു ചില പുഴുക്കള്‍ ഇലകള്‍ മുഴുവന്‍ തിന്നുതീര്‍ക്കുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കാന്‍ വേപ്പിന് കുരു സത്ത് 5 ശതമാനം കലക്കി തളിച്ചുകൊടുക്കുക. അല്ലെങ്കില്‍ ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ 10 ഗ്രാം കാന്താരി മുളക് അരച്ച് ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി, അതിലേക്ക് 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കാവുന്നതാണ്. ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളിന്റെ ഉപയോഗവും പുഴുക്കള്‍ക്കെതിരെ ഫലപ്രദമാണ്.
നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍
മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍, നീലിമുട്ട തുടങ്ങിയവയാണ് നീരൂറ്റി കുടിക്കുന്ന കീടങ്ങളില്‍ പ്രധാനപ്പെട്ടവ. മുഞ്ഞയുടെ ആക്രമണത്തിന് ഇരയായ വിളകളുടെ ഇലകള്‍ ചുരുളുകയും കരിമ്പൂക്കള്‍ കാണപ്പെടുകയും ചെയ്യുന്നു. കൂടാതെ ഇലകളുടെ വളര്‍ച്ച മുരടിച്ച് മഞ്ഞളിക്കുന്നു. അടുക്കളത്തോട്ടത്തിന്റെ അന്തകനാണ് വെള്ളീച്ച. ഇവ ഇലകളുടെ അടിയില്‍ നിന്ന് നീരൂറ്റി കുടിക്കുന്നു. ഇത് മൂലം ഇലകള്‍ മഞ്ഞളിക്കുകയും വാടി കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. മുളക്, തക്കാളി, വഴുതന തുടങ്ങിയ വിളകളിലാണ് ഇവ രൂക്ഷമായി കണ്ടുവരുന്നത്. നീലിമുട്ടയുടെ ആക്രമണം വിളകളുടെ വളര്‍ച്ച മുരടിപ്പിക്കുന്നു. തണ്ടുകളിലും മറ്റും വെളുത്ത പഞ്ഞിക്കെട്ടു പോലെ കൂട്ടമായി ഇവയെ കാണാം. ഇലകള്‍ ചുരുളുകയും ചെയ്യുന്നു.നീര് വലിച്ചുകുടിക്കുന്ന ഇവയുടെ കൂട്ടത്തോടെയുള്ള ആക്രമണം മൂലം ഇലകള്‍ മഞ്ഞളിച്ച് ചെടികള്‍ നശിച്ചു പോകാനും കാരണമാകും. നീരൂറ്റി കുടിക്കുന്നവയില് ഏറ്റവും പ്രധാനപ്പെട്ട കീടമാണ് ഇലപ്പേന്‍ അഥവ് ത്രിപ്സ്. ഇവ ഇലകളുടെ അടിയിലിരുന്ന് നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ഇലകള്‍ കുരുടിക്കുന്നു. ക്രമേണ ചെടികളുടെ വളര്‍ച്ച മുരടിക്കുകയും ഉണങ്ങി നശിക്കുകയും ചെയ്യുന്നു. മുളകിലെ ഇലപ്പേനിന്റെ ആക്രമണം മൂലം കൂമ്പിലകളുടെ അരികുകള്‍ മുകളിലേക്ക് വളയുന്നു. നീരൂറ്റി കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാന്‍ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം 2 ശതമാനം ഇലയുടെ അടിഭാഗത്തും മുകള്‍ഭാഗത്തും തളിച്ചുകൊടുക്കാവുന്നതാണ്. കൂടാതെ ഇവയെ തുരത്താന്‍ മഞ്ഞക്കെണി ഒരു ഏക്കറില്‍ 4 എണ്ണം എന്ന തോതില്‍ ഉപയോഗിക്കാവുന്നതുമാണ്.
കായീച്ച
പാവല്‍, പടവലം, കുമ്പളം, കക്കരി, മത്തന്‍ എന്നീ പച്ചക്കറി വിളകളെയാണ് കായീച്ച ആക്രമിക്കുന്നത്. ഈച്ചകള്‍ കായ്കളില്‍ മുട്ടയിട്ട് പുഴുക്കള്‍ കായ്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വിരിഞ്ഞ കായ്കള്‍ കടലാസ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കവര്‍ ഇട്ടു പൊതിഞ്ഞ് കായ്കളെ സംരക്ഷിക്കാം. കീടബാധയുണ്ടായ കായ്കള്‍ ഒരടി ആഴത്തില്‍ കുഴിച്ചിട്ട് നശിപ്പിക്കണം. ഫിറമോണ്‍ കെണി, ശര്‍ക്കരക്കെണി, കഞ്ഞിവെള്ളക്കെണി തുടങ്ങി പല തരം കെണികളും കായീച്ചക്കെതിരെ ഉപയോഗിക്കാം.
ചിത്രകീടം
ഏതാണ്ട് എല്ലാ പച്ചക്കറി വിളകളെയും ഒരുപോലെ ആക്രമിക്കുന്ന ചിത്രകീടം ഇലകളുടെ മുകള്‍വശത്ത് വെളുത്ത വരകള്‍ പോലെയുള്ള ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. തക്കാളിയിലും പയറിലുമാണ് ഇവയുടെ ആക്രമണം രൂക്ഷമായി കാണുന്നത്. 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുന്നത് ചിത്രകീടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, തൃശൂര്‍
Discussion about this post