ഹൈഡ്രോപോണിക്സ് കൃഷി ഇപ്പോള്‍ ട്രെന്‍ഡാണ്. ഭൂമി ഇല്ലാത്തവര്‍ക്കും വളരെക്കുറഞ്ഞ ഭൂമിയുള്ളവര്‍ക്കും സുരക്ഷിതമായി ചെയ്യാന്‍ പറ്റുന്ന കൃഷിയാണിത്. പോഷകങ്ങളടങ്ങിയ ലായനിയില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഹൈഡ്രോപോണിക്‌സ് കൃഷി. ചെടികളുടെ വേരുകള്‍ മണ്ണിലല്ലാതെ പെര്‍ലൈറ്റ്, വെര്‍മിക്കുലൈറ്റ് എന്നീ നിഷ്‌ക്രിയ മാധ്യമത്തില്‍ വളര്‍ത്തുകയാണ് കൃഷി രീതിയിലൂടെ ചെയ്യുന്നത്. പോഷകമൂല്യങ്ങള്‍ അടങ്ങിയ ലായനി വളരെപ്പെട്ടെന്ന് ചെടികളുടെ വേരുകള്‍ വലിച്ചെടുക്കുന്നു.
പച്ചക്കറികള്‍ ഒരു തരത്തിലുമുള്ള അസുഖങ്ങളും ബാധിക്കാതെ വളര്‍ത്തിയെടുക്കാന്‍ ഈ കൃഷിരീതിയിലൂടെ സാധിക്കും. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലത്തും അനുവര്‍ത്തിക്കാവുന്ന മാര്‍ഗമാണിത്. ഒരിക്കല്‍ ചെടികള്‍ നനച്ചാല്‍ പിന്നെ 15 ദിവസത്തോളം വെള്ളം ആവശ്യമില്ല.
ഒരു സാധാരണ പോളിഹൗസില്‍ ഹൈഡ്രോപോണിക്‌സ് കൃഷി പ്രാവര്‍ത്തികമാക്കാന്‍ രണ്ടു ലക്ഷം രൂപ വേണ്ടിവരും. എന്നാല്‍ കാബേജും കാപ്സിക്കവും തക്കാളിയും മറ്റുള്ള ഇലക്കറികളും നട്ടുവളര്‍ത്തിയാല്‍ ഇതേ പോളിഹൗസില്‍ നിന്ന് മുടക്കുമുതലിനേക്കാള്‍ ഇരട്ടി ലാഭം നേടാം.
ഹൈഡ്രോപോണിക്‌സിന്റെ ഗുണഗണങ്ങള്‍
ഹൈഡ്രോപോണിക്സ് വഴി നിങ്ങള്‍ക്ക് ചെറിയ അപ്പാര്‍ട്ട്മെന്റിലും ബെഡ്റൂമിലും അടുക്കളയിലും വരെ കൃഷി ചെയ്യാം. ചെടികള്‍ക്ക് വളരാന്‍ വളരെക്കുറച്ച് മാത്രം വെള്ളം മതി. അതുകൊണ്ട് ജലനഷ്ടം തടയാന്‍ കഴിയുന്നു.
ഒരു ചെടിക്ക് നന്നായി വളരണമെങ്കില്‍ അനുകൂലമായ കാലാവസ്ഥ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഹൈഡ്രോപോണിക്സ് വഴി ഒരു ചെടിക്ക് വളരെ പെട്ടെന്ന് വളരാന്‍ കഴിയും. ഇവിടെ താപനിലയും വെളിച്ചവും ഈര്‍പ്പവും പോഷകങ്ങളും ആവശ്യമായ രീതിയില്‍ നമ്മള്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.
ചെടികള്‍ വളരാന്‍ പോഷകമൂല്യങ്ങള്‍ ആവശ്യമാണ്. ഹൈഡ്രോപോണിക്സ് വഴി വേരുകളിലൂടെ നേരിട്ട് പോഷകങ്ങള്‍ വലിച്ചെടുക്കപ്പെടുന്നു. മണ്ണില്‍ നിന്നും വലിച്ചെടുക്കാനായി ഉപയോഗിക്കുന്ന ഊര്‍ജനഷ്ടം ഇല്ലാതാക്കി വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ ഈ രീതിയിലുള്ള കൃഷിയിലൂടെ കഴിയും.
Discussion about this post