തിരുവനന്തപുരം: കുടുംബത്തിൽ ഒന്നോ രണ്ടോ പശുക്കൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന
പഞ്ചായത്ത് തലത്തിൽ അഞ്ചോ പത്തോ പശുക്കളെ വളർത്തുന്ന ഫാമുകൾ, കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംസ്‌കരണത്തിന് പ്ലാന്റ്, മണ്ണിലും മട്ടുപ്പാവിലുമൊക്കെ കൂടുതൽ വിളവ് ഉറപ്പിക്കുന്ന കൃഷി രീതികൾ .ഇങ്ങനെ കേരളത്തിലെ കാർഷിക രംഗത്ത് സമൂലമായ മാറ്റത്തിന് വഴിയൊരുക്കുന്ന കർമ്മ പദ്ധതിയുടെ പണിപ്പുരയിലാണ് സംസ്ഥാനം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും ലക്ഷ്യമിടുന്നതാണ് കർമ്മ പദ്ധതി.
ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേർന്ന് അടുത്ത ആഴ്ച പദ്ധതിക്ക് അവസാന രൂപം നൽകും.ഇതു നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ കാലവർഷത്തിന് മുമ്പുതന്നെ ആരംഭിക്കും.
മണ്ണിൽ മാത്രമാണ് കൃഷി എന്ന സങ്കൽപം മാറിയതായി കർമ്മ പദ്ധതിയെക്കുറിച്ച് വിശദീകരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വെള്ളത്തിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളിലും സമൃദ്ധമായ വിള ലഭിക്കുന്ന കൃഷി രീതികളുണ്ട്.കൃഷിയുടെ പരമ്പരാഗത സങ്കേതങ്ങളിൽ കടിച്ചുതൂങ്ങാതെ പുതിയ സാധ്യതകളിലേക്ക് തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പച്ചക്കറിയുടെയും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെയും കാര്യത്തിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.കൃഷിയുടെ വെെവിധ്യവൽക്കരണത്തിലൂടെയും പുതിയ കൃഷി രീതികളിലൂടെയും ഇത് ഏറെക്കുറെ സാധ്യമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ തരിശുനിലങ്ങളിൽ പൂർണമായും കൃഷിയിറക്കുകയെന്നതാണ് കർമ്മ പദ്ധതിയിലെ പ്രധാന അജണ്ട.ഓരോ പഞ്ചായത്തിലും തരിശ് സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ആസൂത്രണ ബോർഡ് കണ്ടെത്തും.
മുട്ട, മാംസം തുടങ്ങിയവയുടെ ഉൽപാദനത്തിലെ സ്വയംപര്യാപ്തതയും കർമ്മ പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.
സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉൽപാദിപ്പിക്കുന്നത്തിനുള്ള സൗകര്യങ്ങളും സഹായവും ഒരുക്കും.കേരള ചിക്കൻ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വിലസ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാൻ കഴിയും. ഈ വർഷം 200 ഔട്ട്‌ലെറ്റുകൾ തുടങ്ങും.
പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉൽപാദനം വർധിപ്പിക്കും.നിലവിലുള്ള ഡയറി പ്ലാന്റുകളിൽ ഉൽപ്പന്ന വൈവിധ്യവൽക്കരണം നടത്തും. ക്ഷീര സഹകരണ സംഘങ്ങൾ നവീകരിക്കും. കറവയന്ത്രങ്ങൾക്കുള്ള സബ്‌സിഡി വർധിപ്പിക്കും.15,000 ഏക്കർ സ്ഥലം കണ്ടുപിടിച്ച് സമയബന്ധിതമായി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കും.
സഹകരണ സംഘങ്ങൾ മുഖേന കാർഷികരംഗത്ത് പുതിയ ദൗത്യങ്ങൾക്ക് ആവശ്യമായ വായ്പ ലഭ്യമാക്കാൻ വിപുലമായ പദ്ധതി നടപ്പാക്കുമെന്നും ഇതിനായി നബാർഡിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post