വീടുകളില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വെള്ളരിവര്‍ഗത്തില്‍പ്പെട്ട വിളയാണ് കോവല്‍. കോവലിന്റെ തണ്ടുമുറിച്ചാണ് സാധാരണ നട്ടുപിടിപ്പിക്കുന്നത്. ശരാശരി ഒരു ചെടിയില്‍ നിന്നും അഞ്ചു മുതല്‍ 20 കിലോ വരെ വിളവ് ലഭിക്കും. ഒന്നെങ്കില്‍ നിലം നന്നായി കിളച്ചു കട്ടയും കല്ലുമെല്ലാം മാറ്റി കോവലിന്റെ തണ്ടു നടാം. അല്ലെങ്കില്‍ കവറില്‍ നട്ടുപിടിപ്പിച്ച് പിന്നീട് കുഴിയെടുത്തു മാറ്റാം.
ഏകദേശം രണ്ടര അടി വ്യാസം അര മീറ്റര്‍ നീളം വീതിയിലും ആഴത്തിലുള്ള കുഴികളെടുക്കണം. 25 കിലോഗ്രാം അഴുകിപൊടിഞ്ഞ ചാണകം, 120 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ അടിസ്ഥാന വളമായി മേല്‍മണ്ണുമായി ചേര്‍ത്ത് കുഴി നിറച്ച് തറനിരപ്പില്‍ നിന്നും ഉയര്‍ത്തി ഒരു കൂനയാക്കുക. കൂനയുടെ മുകള്‍ഭാഗം നിരത്തി അതില്‍ മൂന്നോ നാലോ കോവല്‍ വള്ളികള്‍ നടാം. രണ്ട് മുട്ടെങ്കിലും മണ്ണിനടിയില്‍ ആകാന്‍ ശ്രദ്ധിക്കണം. ചുറ്റുമുള്ള മണ്ണ് തണ്ടോട് ചേര്‍ത്ത് ഉറപ്പിക്കണം. ലിറ്ററൊന്നിന് 10 ഗ്രാം എന്ന തോതില്‍ സ്യൂഡോമൊണാസ് കലര്‍ത്തിയ വെള്ളം തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് വേര് പിടുത്തത്തിനും നല്ല വളര്‍ച്ചയ്ക്കും സഹായകമാകും. മേയ്-ജൂണ്‍ ,ഒക്ടോബര്‍-നവംബര്‍ മാസങ്ങളും വള്ളി നടാന്‍ ഉത്തമമാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ വിളവ് കൂടുതല്‍ ലഭിക്കാന്‍ പത്ത് ചെടിക്ക് ഒന്ന് എന്ന തോതില്‍ ആണ്‍വള്ളികള്‍ ക്രമീകരിക്കേണ്ടതാണ്. 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ വള്ളി മുളയ്ക്കും. വള്ളി വീശി പടരുന്ന മുറയ്ക്ക് പന്തലിട്ടു കൊടുക്കാന്‍ ശ്രദ്ധിക്കണം. നട്ട് മൂന്ന് മാസം കഴിയുമ്പോള്‍ കായ പിടിക്കാന്‍ തുടങ്ങും. വര്‍ഷം മുഴുവന്‍ കായകള്‍ കിട്ടിക്കൊണ്ടിരിക്കും.കൂമ്പ് നുള്ളി കൊടുക്കുന്നതും കായകള്‍ ഉണ്ടായ വള്ളികള്‍ മുറിച്ചു മാറ്റുന്നതും കൂടുതല്‍ കായകള്‍ ഉണ്ടാകാന്‍ സഹായിക്കും. നാല് വര്‍ഷത്തിനു ശേഷം പുനഃകൃഷി ചെയ്യാം.
കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ സുലഭ എന്ന ഇനം കോവല്‍ ജനപ്രീതി നേടിയതാണ്. കോവലില്‍ ആണ്‍ചെടികളും പെണ്‍ചെടികളുമുണ്ട്. ഉത്പാദനശേഷിയുള്ള പെണ്‍ചെടികളില്‍ നിന്നും ശേഖരിച്ച 30-40 സെന്റിമീറ്റര്‍ നീളവും 3-4 മുട്ടുകളുമുള്ള ഇടത്തരം മൂപ്പുള്ളതും പെന്‍സില്‍ കനം വരുന്നതുമായ തണ്ടുകളാണ് നടാനായി ഉപയോഗിക്കുന്നത്.
ഈര്‍പ്പം നിലനിര്‍ത്താന്‍ തടത്തില്‍ പുതയിട്ട് നനക്കുന്നത് നല്ലതാണ്. വള്ളി പിടിക്കുന്നതുവരെ രണ്ടു നേരവും നനയ്ക്കുക. അതിനുശേഷം ദിവസത്തിലൊരിക്കല്‍ നനയ്ക്കുന്നത് വിളവ് കൂടാന്‍ സഹായിക്കും. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. ആഴ്ചയിലൊരിക്കല്‍ പച്ചചാണകം പുളിപ്പിച്ച് ഒഴിക്കുന്നതും ഉത്തമമാണ്.
50 ഗ്രാം യൂറിയയും 30 ഗ്രാം പൊട്ടാഷും വര്‍ഷത്തില്‍ രണ്ട് തവണകളായി തടത്തില്‍ നല്‍കേണ്ടതാണ്. രാസവളം പ്രയോഗിക്കുന്നതിന് ഒരാഴ്ച മുന്‍പ് കുമ്മായം തടമൊന്നിന് 50 ഗ്രാം എന്ന നിരക്കില്‍ മണ്ണില്‍ യോജിപ്പിച്ച് ചേര്‍ക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ മത്സ്യം-ശര്‍ക്കര മിശ്രിതം അഞ്ചുമില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്.
Discussion about this post