രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ .പ്രതികൂല സഹ്യചര്യത്തിൽ പോലും കർമ്മനിരധർ ആയ ചിലർ’ഉണ്ട് ഇത്തരത്തിൽ കർഷകന്റെ വീട്ടിലെത്തി പശുവിനെയും കുട്ടിയെയും രക്ഷിച്ച അനുഭവം ഫെയ്‌സ്ബുക്കിൽ പങ്കു വച്ചിരിക്കുകയാണ് വെറ്ററിനറി സർജനായ ഡോ. ജി.എസ്. അരുൺ കുമാർ
കുറിപ്പ് :
പശുവിനറിയില്ലല്ലോ കൊറോണയാണെന്നും ,രാജ്യം മുഴുവൻ ലോക്ക്ഡൗൺ എന്നൊക്കെ ….
ഇന്നലെ രാവിലെയാണ് ശ്രീ.വിൽസൺ എന്ന എന്റെ പഞ്ചായത്തിലെ പ്രിയപ്പെട്ട ക്ഷീരകർഷൻ തന്റെ പശു പ്രസവിക്കാൻ ബുദ്ധിമുട്ടായി നിൽക്കുന്നു എന്ന വിവരവും പറഞ്ഞ് എന്നെ വിളിക്കുന്നത് ഒരുപാട് നേരം കാത്തു നോക്കിയിട്ടും പശുപ്രസവിക്കുന്നില്ല ,പ്രസവവേദനയാൽ ചരിഞ്ഞാണ് കിടക്കുന്നത് ഉടൻ എത്തിയില്ലെങ്കിൽ എന്റെ ഏക വരുമാനമാർഗം നഷ്ടമാകും സഹായിക്കണം … ഇത്രയും പറഞ്ഞപ്പോൾ തന്നെ അദ്ധേഹത്തിന്റെ ശബ്ദം പതറുന്നത് എനിക്ക് മനസ്സിലായി …
ഞാൻ ആദ്യം ലോക്ക് ഡൗൺ ആണ് എത്താൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ സാറിനെപ്പോലെയുള്ളവർ സഹായിച്ചില്ലെങ്കിൽ പിന്നെ നാം എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകും എന്നായി ചോദ്യം … അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ അമ്മയും കുഞ്ഞും നഷ്ടപ്പെട്ടു പോകും സാർ എന്നുകൂടി അദ്ധേഹം എന്നെ ഓർമ്മിപ്പിച്ചു ..അത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു … എത്താമെന്ന് ഉറപ്പ് നൽകി റെഡിയായി ടു വീലറിൽ യാത്ര തിരിച്ചു …
യാത്രാക്കിടയിൽ പോലീസ് കൈകാണിച്ചു തടഞ്ഞു നിർത്തി കാര്യം ബോധിപ്പിച്ചു ഐഡന്റിറ്റി കാർഡ് കാണിച്ചു ഒരക്ഷരവും തിരിച്ചു പറയാതെ പൊയ്ക്കൊള്ളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു … അടിയന്തിര സർവ്വീസ് എന്ന് അദ്ധേഹത്തിന് മനസ്സിലായത് ശരീരഭാഷയിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു …
അവിടെ നിന്ന് യാത്ര ചെയ്ത് വിൽസൺ ചേട്ടന്റെ വീട്ടിൽ എത്തി …. കാര്യങ്ങൾ തിരക്കി …
വളരെ പുലർച്ചെ പ്രസവവേദന തുടങ്ങി കന്നി കുടം (water bag) പൊട്ടിയിട്ടും പ്രസവവേദനയാൽ ഉഴലുകയാണ് .. ജീവൻമരണ പോരാട്ടത്തിലാണ്, ചരിഞ്ഞാണ് കിടപ്പ് ആകെ ക്ഷീണിതാവസ്ഥയിലാണ് , അതീവ ഗുരുതരാവസ്ഥയിലുമാണ് …
എന്തായാലും സഹായത്തിന് ആളെ വിളിക്കാൻ നിർദേശിച്ചു തറയിൽ കിടന്ന് പ്രസവം എടുക്കേണ്ട അവസ്ഥയിലാണ് അമ്മ പശുവിനെ എണീപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു …
ഞാൻ ഫീൽഡ് സാഹചര്യത്തിന് അനുസരിച്ച് ഇടപെടാൻ തയ്യാറായി…തറയിൽ ചാക്ക് വിരിച്ച് കിടന്ന് പരിശോധിച്ച് നോക്കിയപ്പോഴാണ് മനസ്സിലാകുന്നത് കിടാവിന്റെ തലയും കൈയും തിരിഞ്ഞു കിടക്കുന്നത് …. ആരും പരസ്‌പരം സംസാരിക്കുന്നില്ല … ചൂട് താങ്ങാനാവുന്നതിലും അപ്പുറമാക്കുന്നതിനാൽ തത്കാലം മാസ്ക് മാറ്റി വയ്ക്കേണ്ടി വന്നു ..
ഗൈനക്കോളജിയിൽ പഠിച്ച എല്ലാ പാഠങ്ങളും പയറ്റി മണിക്കൂറുകൾ ശ്രമിച്ച് ഈ ചൂടിൽ വളരെ കഷ്ടപ്പെട്ട് വിയർത്ത് കുളിച്ച് കിടാവിന്റെ പൊസിഷൻ കറക്ട് ചെയ്ത് ഹൂക്കും കയറുമൊക്കെ ഉപയോഗിച്ച് മൂന്നു പേരുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുത്തു … സോപ്പും വെളളവും ഉപയോഗിച്ച് നന്നായി കൈകഴുകി ..
വേനൽച്ചൂടായിരുന്നെങ്കിലും മനസ്സ് കുളിർത്തു…
ഇൻജക്ഷനും മരുന്നും ഡ്രിപ്പുമൊക്കെ നൽകി പശുവിനെയും എണീപ്പിച്ചു.. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ..
വിൽസൺ ചേട്ടന്റെ മുഖത്ത് ചിരി പടർന്നു എനിക്കുണ്ടായ Professional satisfaction പറഞ്ഞറിയിക്കാൻ വാക്കുകളില്ല … ദേഹമാസകലം വേദനിക്കുന്നുണ്ടെങ്കിലും
ഒരു വലിയ പ്രതിസന്ധിഘട്ടം തരണം ചെയ്ത മാനസിക സന്തോഷം അവരോടൊപ്പം പങ്കുവച്ചു … കൊറോണ കാലത്ത് അടിയന്തിര സർവ്വീസ് നൽകേണ്ട ലിസ്റ്റിൽ കേന്ദ്ര നിർദേശത്തോടൊപ്പം കേരളത്തിലും വെറ്ററിനറി സർവ്വീസ് വിട്ടു പോയത് കൂട്ടിച്ചേർക്കും എന്ന പ്രത്യാശയോടെ ജഗദീശരനോട് നന്ദി പറഞ്ഞു കൊണ്ട് അവിടുന്ന് തിരിച്ചു … മനുഷ്യനായാലും ജന്തുജാലങ്ങളായാലും ജീവന് വില കൽപിച്ചേ മതിയാവൂ …
കർഷകരും കഷ്ടപ്പെടുന്നത് സമൂഹ നന്മക്കാണ് പാലും പാൽ ഉൽപന്നങ്ങളും നാം വളരെ സ്വാദോടെ ഉപയോഗിക്കുമ്പോൾ കർഷകന്റെ കണ്ണീരിന്റെ വേദന, കഷ്ടപ്പാട് ,രാപ്പകലില്ലാത്ത അധ്വാനം സേവനം എന്നിവ മറന്നു പോകരുത് ..
സമയോചിതമായ ഇടപെടൽ കൊണ്ട് ഒരു പശുവിനെയും കുട്ടിയെയും ഒരു കുടുംബത്തെയും താങ്ങി നിർത്താൻ സാധിച്ചുവല്ലോ എന്ന വിശ്വാസത്തിൽ ഇറങ്ങിയപ്പോ എന്റെ മനസ്സ് മന്ത്രിച്ചു
ഈ കൊറോണ പ്രതിസന്ധിഘട്ടവും നാം അതിജീവിക്കുക തന്നെ ചെയ്യും തീർച്ച ….
ഡോ.ജി.എസ്.അരുൺകുമാർ
Discussion about this post