കേരളത്തില്‍ ഏറെ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ ഉത്തമം. കേരളത്തിലെ തെങ്ങിന്‍ തോപ്പുകളില്‍ ഇഞ്ചി ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. പുതിയ റബ്ബര്‍ തോട്ടങ്ങളില്‍ ആദ്യത്തെ മൂന്നോ നാലോ വര്‍ഷക്കാലം ഇഞ്ചി ഇടവിളയായി കൃഷി ചെയ്യാം. ഇഞ്ചി കൃഷി ചെയ്യാന്‍ വായുസഞ്ചാരമുള്ള, നല്ല ജൈവാംശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് ആവശ്യം.
മിതമായ മഴയുള്ള സമയത്ത് ഇ്ഞ്ചി നടാം. സമൃദ്ധമായ മഴയുള്ളപ്പോഴാണ് ഇഞ്ചിയുടെ വളര്‍ച്ചാകാലം. മഴയില്ലാത്ത കാലമാണ് വിളവെടുപ്പിന് നല്ലത്. അതുകൊണ്ട് ഇന്നത്തെ കൃത്യതയില്ലാത്ത കാലാവസ്ഥയില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മഴയെ ആശ്രയിച്ചുളള കൃഷിയില്‍ ചിലവ് താരതമ്യേന കുറയും. ഇഞ്ചിയുടെ വളര്‍ച്ചാകാലം ശരാശരി 7-8 മാസമാണ്. അതുകൊണ്ടുതന്നെ ഏപ്രില്‍-മെയ് മാസം നട്ട് ഡിസംബര്‍ – ജനുവരിയോടുകൂടി വിളവെടുക്കുന്നതാണ് കേരളത്തിലെ രീതി.
ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഒരിക്കല്‍ നട്ട അതേ സ്ഥലത്ത് രണ്ട് വര്‍ഷത്തേക്കെങ്കിലും കൃഷി ചെയ്യരുത് എന്നതാണ്. ഇഞ്ചി കൃഷിക്കായി ഒരേ സ്ഥലം തുടര്‍ച്ചായി തെരഞ്ഞെടുത്താല്‍ മൂടുചീയല്‍ അടക്കമുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.
പുളിരസം കൂടിയ മണ്ണാണ് പൊതുവെ കേരളത്തിലേത്. അതിനാല്‍ സെന്റൊന്നിന് 2 കിലോ എന്ന കണക്കില്‍ ഇഞ്ചി നടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. കക്ക നീറ്റിക്കിട്ടുന്ന കുമ്മായം മണ്ണുമായി കലര്‍ത്തി ചെറുനനവില്‍ ഇടണം. ഒരാഴ്ച കഴിഞ്ഞ് ഇവിടെ ഇഞ്ചി നടാം. ഗ്രോബാഗ് കൃഷിയില്‍ ഒരു കട ഇഞ്ചിയില്‍ നിന്ന് 100 മുതല്‍ 800 ഗ്രാം വരെ പച്ച ഇഞ്ചി ലഭിക്കാറുണ്ട്. പത്തടി നീളവും മൂന്നടി വീതിയുമുളള തടത്തില്‍ നിന്നാകട്ടെ 3-10 കിലോ വരെ ഇഞ്ചി കിട്ടും.
ഡിസംബര്‍ – ജനുവരി മാസം വിളവെടുക്കുന്ന വിത്തിഞ്ചി ഏപ്രില്‍ – മെയ് മാസത്തോടെ നടാം. വിത്തിഞ്ചി സാധാരണ നനവേല്‍ക്കാതെ മണ്ണിനടിയിലോ, അറകളിലോ, മണ്‍കലങ്ങളിലോ സൂക്ഷിച്ചു വെക്കാം.
നന്നായി ഉഴുതുമറിച്ച മണ്ണില്‍ അരയടിയോ ഒരടിയോ ഉയരമുളള തടങ്ങള്‍ ഒന്ന്- ഒന്നരയടി അകലത്തില്‍ മൂന്നടി വീതിയിലും പത്തടി നീളത്തിലും എടുക്കണം. കുമ്മായമിട്ട് ഒരാഴ്ച കഴിഞ്ഞ ഈ തടങ്ങളിലേക്ക് ജൈവവളം ചേര്‍ക്കാം. കാലിവളം ഒരു ഏക്കറിന് 100 ടണ്‍ എന്ന തോതില്‍ നല്‍കാം. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ ഒന്നര ചാണ്‍ (20 സെ.മീ) അകലത്തില്‍ വിത്ത് ഇടാന്‍ പാകത്തില്‍ ചെറു കുഴികള്‍ എടുക്കാം. കുഴികള്‍ക്ക് 5-10 സെ.മീ വരെ താഴ്ചമതി. 3 അടി വീതിയും 10 അടി നീളവുമുളള തൈ തടത്തില്‍ 50 വിത്തോളം നടാം. ഏതാണ്ട് ഒരു കിലോ വിത്ത് ഇതിന് കരുതാം. ഒരു ഏക്കറിന് ഏകദേശം 500-600 കിലോ വിത്ത് വേണം. ചെറുകുഴികളിലേക്ക് വിത്തിട്ട് ട്രൈക്കോഡെര്‍മ, ചേര്‍ത്ത കാലിവളം ഇട്ട് മണ്ണ് മൂടാം. .
വിത്തിഞ്ചി നട്ട് മണ്ണിട്ട് മൂടിയതിനുശേഷം പച്ചില കൊണ്ട് തടങ്ങള്‍ മൂടണം. വളം സമീകൃതമാകണം. ഏക്കറൊന്നിന് 12 ടണ്‍ ജൈവവളം വീതം നല്‍കണം. ഇത് മൂന്നോ നാലോ ജൈവവളങ്ങള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് ഉത്തമമാണ്. ഫോസ്ഫറസ് ലയിപ്പിക്കുന്ന ജീവാണുവും അസോസ്പൈറില്ലവും 20 ഗ്രാം ഒരു തടത്തിന് ഇട്ടു കൊടുക്കാം. തടങ്ങളിലും പി.ജി.പി. ആര്‍ മിക്സ് – 2 ചേര്‍ത്ത് കൊടുക്കുന്നത് മൃദുചീയല്‍ രോഗം ഒഴിവാക്കും.
Discussion about this post