മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും ഇന്നത്തെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതും എന്നാൽ വലിയ ദുഷ്പ്രചാരണങ്ങൾക്കും തെറ്റിദ്ധാരണകൾക്കും പാത്രമാകുന്ന ഒന്നാണ് ബ്രോയ്ലർ കോഴി. ഇന്ന് ലോകത്തു പ്രത്യേകിച്ചു ഇന്ത്യയിൽ അനുദിനം വലിയ വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഒരു കൃഷി അനുബന്ധ വ്യവസായവുമാണ് ബ്രോയ്ലർ കോഴി ഫാമിങ്. 8 മുതൽ 10 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത് . ബ്രോയ്ലർ കോഴികളെക്കുറിച്ചോ അവയുടെ കൃഷി രീതികളെക്കുറിച്ചോ കൃത്യമായി മനസിലാക്കാത്തവരോ ഈ മേഖലയിൽ ഉണ്ടാകുന്ന വളർച്ചയിൽ വിറളിപിടിക്കുന്നവരോ, ചില നിഷിപ്ത താല്പര്യക്കാരോ ആണ് ഇത്തരം ദുഷ്പ്രചാരണങ്ങൾക്കു പിന്നിൽ.

ചരിത്രവും വികാസവും
അതിപുരാതന കാലഘട്ടം മുതൽ മനുഷ്യർ കോഴികളെ മുട്ടക്കും മാംസത്തിനുമായി വളർത്തുന്നുണ്ടെങ്കിലും നാം ഇന്ന് കാണുന്ന ബ്രോയ്ലർ കോഴി വളർത്തൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ അമേരിക്കയിലാണ് ആരംഭിച്ചത്. 1970 കളിൽ ഇന്ത്യയിൽ കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ് ബ്രോയ്ലർ ഫാമിങ് ആരംഭിച്ചത് .പിന്നീട് മറ്റു സംസ്ഥനങ്ങളിലും വ്യാപകമായി. ബ്രോയ്ലർ കോഴി എന്നത് മാംസ ഉൽപ്പാദനത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത കോഴി ഇനങ്ങളാണ് . വൈറ്റ് പ്ലൈമൊത് റോക്ക്, വൈറ്റ് കോർനിഷ് എന്നീ രണ്ടുത്തരം ജനുസുകൾ തമ്മിൽ ഇണചേർത്ത് സങ്കര ഇനം കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു. മുട്ടക്കൊപ്പം തന്നെ മാംസ ഉൽപ്പാദനത്തിനും മികച്ച ഇനങ്ങളായിരുന്നു ഇത്. ഇങ്ങനെ വിരിഞ്ഞ സങ്കരയിനംങ്ങളിൽ മാംസോൽപാദനവും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ ഉള്ള കോഴി കുഞ്ഞുങ്ങളെ തിരഞ്ഞെടുത്തു പ്രത്യേകം ഫാമുകളിൽ വളർത്തി. ഇവയുടെ അടുത്ത തലമുറയിൽപ്പെട്ട കുഞ്ഞുങ്ങളിൽ മാംസോൽപാദനവും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ ഉള്ളവയും അവയുടെ തള്ളക്കോഴിയെയും പൂവനെയും മാത്രം നിലനിർത്തി തുടർന്ന് ഈ പ്രക്രിയ പലതലമുറ ആവർത്തിക്കപ്പെടുന്നു ഇങ്ങനെയാണ് നാം ഇന്ന് കാണുന്ന മികച്ച മാംസ ഉല്പാദനശേഷിയുള്ള ബ്രോയ്‌ലർ ഇനങ്ങളെ വികസിപ്പിച്ചെടുത്തത്. 40-45 ദിവസങ്ങൾകൊണ്ട് 2.2 കിലോ ഗ്രാം മുതൽ 2.5 കിലോ ഗ്രാം വരെ തൂക്കം വയ്ക്കുന്ന രീതിയിൽ തീറ്റ പരിവർത്തനശേഷിയുള്ള ഇനങ്ങളാണ് ബ്രോയ്ലർ കോഴികൾ. 3.5 കിലോ തീറ്റ നൽകിയാൽ ബ്രോയ്ലർ കോഴികൾ 40-42 ദിവസങ്ങൾകൊണ്ട് തന്നെ 2.2 കിലോ തൂക്കം വയ്ക്കുന്നു . ബ്രോയ്‌ലർ കോഴികളുടെ ജനതികപരമായ ഉയർന്ന തീറ്റ പരിവർത്തനശേഷിയും നൽകുന്ന തീറ്റയുടെ ഉയർന്ന ഗുണനിലവാരവുമാണ് ഇത്തരത്തിൽ മാംസോത്പാദനം സാധ്യമാക്കുന്നത്. 10-15 വർഷം മുന്നേ വരെ 2.2 കിലോ തൂക്കമെത്താൻ 48-50 ദിവസങ്ങൾ എടുത്തിരുന്നു എന്നാൽ എന്ന് 40-42 ദിവസങ്ങൾ കൊണ്ടുതന്നെ 2.2 കിലോ തൂക്കമെത്തുന്നു. ഇത്തരത്തിൽ മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തന ശേഷിയും വർധിപ്പിച്ച ബ്രോയ്‌ലർ കോഴികളിലെ തള്ളക്കോഴിയും പൂവനെയും പ്യുവർ ലൈൻ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം പ്യുവർ ലൈൻ കോഴികളെ അണുബാധ ഉണ്ടാകാത്ത ബയോ സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയ ശീതികരിച്ച പ്രത്യേകം തയാറാക്കിയ കൂടുകളിലാണ് സംരക്ഷിക്കുന്നത് . ഇന്ത്യപോലെ ഒരു വലിയ രാജ്യത്ത് ആകെ രണ്ട് കമ്പനികൾക്ക് മാത്രമേ ഇത്തരം പ്യുവർ ലൈൻ ഫാമുകൾ മാത്രമേ ഉള്ളു. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി. റാവുവിന്റെ കമ്പനിയായ വെങ്കടേശ്വരയും സുഗുണ എന്ന കമ്പനിക്കുമാണ് അത്. സുഗുണയുടേത് സൺബറോ എന്ന ജനുസും വെങ്കടേശ്വരയുടേത് വെൻകോബ്ബ് എന്ന ജനുസ്സുമാണ് നിലവിലുള്ളത്. കോബ് എന്ന അമേരിക്കൻ കമ്പനിയുടെ പ്യുവർലൈൻ ഇനത്തെ ഇന്ത്യൻ കോഴികളുമായി സങ്കരണം നടത്തിയാണ് വെൻകോബ് എന്ന ഇനത്തെ വെങ്കടേശ്വര ഉൽപാദിപ്പിച്ചെടുത്തത്. വെൻകോബ്ബ്-400, വെൻകോബ്ബ്-100, വെൻകോബ്ബ്-430, വെൻകോബ്ബ്-430y എന്നിങ്ങനെ വെൻകോബ്ബിന്റെ പല വകഭേദങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇവക്കെല്ലാം തന്നെ വിവിധ തീറ്റപരിവർത്തനശേഷിയും വ്യത്യസ്ത മാംസോൽപാദന ശേഷിയുമാണുള്ളത്. സുഗുണയുടെ സ്വന്തം ജനുസായ സൺബറോ കൂടാതെ ഇറക്കുമത്തി ചെയ്ത F15, AP 95 തുടങ്ങിയ ബ്രീഡുകളും ഇന്ന് ലഭ്യമാണ്. ഇവയ്ക്കു പുറമെ Ross308, ഹാർട്ബ്രേക്കർ, ഹബ്ബർഡ് തുടങ്ങിയ ജനുസുകൾ അമേരിക്കൻ കമ്പനിയായ ഏവിയാജൻ വിപണിയിൽ എത്തിക്കുന്നു. ഇവയുടെ എല്ലാം തീറ്റപരിവർത്തന ശേഷിയും, മാംസോത്പാദനശേഷിയും, രോഗപ്രധിരോധ ശേഷിയും വ്യത്യസ്തമാണ്. പ്യുവർ ലൈൻ കോഴിയുടെ കുഞ്ഞുങ്ങളെ ഗ്രേറ്റ് ഗ്രാന്റ് പേരെന്റ്സ് (GGP) എന്ന പേരിൽ വളർത്തുന്നു. ഇവയെ കൊത്തുമുട്ട ഉൽപാദനത്തിനുവേണ്ടിയാണ് വളർത്തുന്നത് . ഇവയുടെ കൊത്തുമുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾ ഗ്രാൻഡ് പേരെന്റ്സ് (GP) എന്ന പേരിൽ വീണ്ടും കൊത്തുമുട്ടകൾക്കായി വളർത്തുന്നു. ഇവയിൽനിന്നു വിരിയുന്നവ പേരെന്റ്സ് (ബ്രീഡർ ) എന്ന പേരിൽ അറിയപ്പെടുന്നു. ഇത്തരം പേരന്റ് ഫാമുകൾ ഇന്ന് ദക്ഷിണേന്ത്യയിൽ ധാരാളമുണ്ട്. പേരന്റ്സ് ഫാമിലെ കോഴികളുടെ കൊത്തുമുട്ട വിരിയിച്ചെടുത്ത കുഞ്ഞുങ്ങളാണ് കൊമേഴ്‌ഷ്യൽ ബ്രോയ്‌ലർ എന്ന പേരിൽ കേരളത്തിലെ ഫാമുകളിൽ വളർത്തുന്നത്. പ്യുവർ ലൈൻ കോഴികളിൽ 5 തലമുറകൾക്കു ശേഷം ജനിതക ശേഷിയിൽ കുറവു വരുന്നതുകൊണ്ട് അഞ്ചാം തലമുറയെ മാംസോൽപാദനത്തിന് ഉപയോഗിക്കുന്നു. ബാക്കി 4 തലമുറയിലും മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തനശേഷിയും ഒരുപോലെയാണെങ്കിലും ബാക്കി 4 തലമുറയും കൊത്തുമുട്ട ഉല്പാദനത്തിന് ഉപയോഗിക്കുന്നു. എങ്ങനെ ചെയ്യുന്നതിലൂടെ വളരെക്കൂടുതൽ എണ്ണം കൊമേർഷ്യൽ ബ്രോയ്ലർ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ സാധിക്കുന്നു.
ബ്രോയ്ലർ കോഴികുഞ്ഞുങ്ങൾക്കു മുട്ട ഉല്പാദനത്തിനാവശ്യമായ തീറ്റ നൽകിയാൽ അത് മുട്ട ഉത്പാദനം നടത്തുകയും ചെയ്യും.
ബ്രോയ്ലർ കോഴികളുടെ ജനതികപരമായ സവിശേഷതകളും ഉയർന്ന തോതിലുള്ള തീറ്റ പരിവർത്തനശേഷിയും കൃത്യവും ഗുണനിലവാരമുള്ള തീറ്റകളും കൊണ്ടാണ് ഇത്തരത്തിൽ മാംസോൽപ്പാദനം സാധ്യമാകുന്നത്. ഹോർമോണുകളുടേയും ആന്റിബയോട്ടിക്കുകളുടേയും ഉപയോഗം മൂലമാണ് ഇത്തരത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്നതോതിൽ മാംസോത്പാദനം സാധ്യമാക്കുന്നത് എന്നത് തികച്ചും തെറ്റായതും യാധൊരുവിധ ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾമാത്രമാണ്.
Broiler chicken farming Malayalam , Broiler chicken business Kerala , History of broiler Chicken farming in India
തയ്യാറാക്കിയത്
വിലാസ് താന്നിക്കൽ
ടെക്നിക്കൽ ഓഫീസർ (അഗ്രികൾച്ചർ )
ഈ നാട് യുവജന കോ ഓപ്പറേറ്റീവ് സൊസൈറ്റി
കോട്ടയം
Discussion about this post