ബഡ്ഡിങ് എന്നത് സസ്യങ്ങളിൽ പുതുതലമുറയെ ഉല്പാദിപ്പിക്കുന്നതിനുള്ള ഒരു അലൈംഗിക പ്രത്യുൽപ്പാദന രീതിയാണ് (asexual propagation / vegetative propagation ) ബഡ്ഡിങ് എന്ന പേര് സൂചിപ്പിക്കും പോലെ തന്നെ ബഡ്ഡ് അഥവാ മുകുളം ഉപയോഗിച്ചുള്ള ഒരു പ്രത്യുല്പാദനരീതിയാണ് ഇത്. ഒരു ചെടിയുടെ ഗുണമേന്മയുള്ള ഒരു മുകുളം അതെ വർഗത്തിൽപ്പെട്ട മറ്റൊരു തയ്യിൽ ഒട്ടിച്ചുചേർത്ത് പുതിയ ഒരു ചെടി വളർത്തിയെടുക്കുകയാണ് ബഡ്ഡിങ്ങിൽ ചെയ്യുന്നത്. ബഡ്ഡിങ് അത്യുൽപ്പാദനശേഷിയുള്ള ഒരു ചെടിയുടെ ഒരു ബഡ്ഡ് അഥവാ മുകുളം എടുത്തു ഉയർന്ന കാലാവസ്ഥ, രോഗ പ്രതിരോധശേഷിയുള്ള ഒരു തയ്യിൽ ബഡ്ഡ് ചെയ്തു ഒരു പുതിയ തൈ ഉല്പാദിപ്പിക്കുമ്പോൾ ഇങ്ങനെ ലഭിക്കുന്ന പുതിയ തൈകളിൽ രണ്ടു മാതൃസസ്യങ്ങളുടേയും മികച്ചഗുണങ്ങൾ പ്രകടമാകുന്നു. ബഡ്ഡിങ്ങിൽ പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത് റൂട്ട് സ്റ്റോക്ക്, സയൺ. ഇത് രണ്ടും ഒരേ വർഗത്തിൽപ്പെട്ടതായിരുന്നാൽ മാത്രമേ ബഡ്ഡിങ് വിജയിക്കുകയുള്ളു.
റൂട്ട് സ്റ്റോക്ക്
വേരോടുകൂടിയ ഭാഗത്തെയാണ് നമ്മൾ റൂട്സ്റ്റോക്ക് എന്ന് വിളിക്കുന്നത്, ഈ റൂട്സ്റ്റോക്കിലാണ് ബഡ്ഡ്കൾ പതിപ്പിച്ചു പുതിയ സസ്യത്തെ വളർത്തി എടുക്കുന്നത്. അതുകൊണ്ടുതന്നെ റൂട്സ്റ്റോക്ക് തെരഞ്ഞെടുക്കൽ വളരെ പ്രധനപ്പെട്ട കാര്യമാണ് റൂട്സ്റ്റോക്കായി തെരഞ്ഞെടുക്കുന്ന ചെടികൾ നല്ല വേരുപടലത്തോടുകൂടിയതും ഉയർന്ന രോഗ, കാലാവസ്ഥ പ്രധിരോധശേഷി ഉള്ളതുമായിരിക്കണം. റൂട്സ്റ്റോക്കായി തദ്ദേശീയ ഇനങ്ങൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം
സയൺ
ബഡ്ഡിങ് നു വേണ്ടി ഉപയോഗിക്കുന്ന മുകുളത്തെയാണ് സയൺ എന്ന് പറയുന്നത്.ഇത്തരം മുകുളങ്ങൾ നല്ല കരുത്തും ഉല്പാദന ശേഷിയുമുള്ള മാതൃസസ്യങ്ങളിൽ നിന്നുവേണം തെരഞ്ഞെടുക്കാൻ.
ബഡ്ഡിങ്ങിന്റെ ഗുണങ്ങൾ
മാതൃ സസ്യത്തിന്റെ അതേ ഗുണനിലവാരവും ഉല്പാദനക്ഷമതയുമുള്ള പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു
വിത്ത് മുളപ്പിച്ചുണ്ടാകുന്ന ചെടികളെ അപേക്ഷിച്ചു കുറഞ്ഞ കാലയളവിൽ ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു
ഒരേ ഗുണനിലവാരത്തിലുള്ള കൂടുതൽ തൈകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഉല്പാദിപ്പിക്കാൻ സാധിക്കുന്നു
മികച്ച ഉല്പാദനക്ഷമതയുള്ള മുകുളങ്ങൾ ഉപയോഗിച്ച് തദ്ദേശീയവും ഉയർന്ന രോഗ കാലാവസ്ഥ പ്രതിരോധശേഷിയും ഉള്ള റൂട്ട് സ്റ്റോക്കിൽ ബഡ്ഡിങ് നടത്തുന്നതിലൂടെ പുതിയ മികച്ചയിനം സസ്യങ്ങളെ ഉല്പാദിപ്പിക്കാൻ സാധിക്കുന്നു.
ഒരു ചെടിയിൽ തന്നെ വിവിധതരം മുകുളങ്ങൾ ഉപയോഗിച്ച് ബഡ്ഡിങ് നടത്തുമ്പോൾ ഒരു ചെടിയിൽനിന്നു തന്നെ വിവിധ തരത്തിലുള്ള പൂക്കളും കായ്കളും ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു ( ഉദാഹരണത്തിന് ചെമ്പരത്തികളിലും റോസ് ചെടികളിലും ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു )
വിവിധ തരം ബഡ്ഡിങ്ങുകൾ
T ബഡ്ഡിങ് , പാച്ച് ബഡ്ഡിങ്, റിങ് ബഡ്ഡിങ്, ചിപ്പ് ബഡ്ഡിങ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ബഡ്ഡിങ്ങുകൾ ഉണ്ടെങ്കിലും കേരളത്തിൽ സാധാരണയായി T ബഡ്ഡിങ് , പാച്ച് ബഡ്ഡിങ് എന്നി രണ്ടുതരം ബഡ്ഡിങ് ആണ് ചെയ്തു വരുന്നത് .
T ബഡ്ഡിങ്
പേര് സൂചിപ്പിക്കുംപോലെ റൂട്ട് സ്റ്റോക്കിൽ T ഷെയ്പ്പിൽ മുറിവുണ്ടാക്കി അതിൽ മുകുളം ഇറക്കി ഒട്ടിച്ചവച്ചാണ് T ബഡ്ഡിങ് ചെയ്യുന്നത്. നാരകം, ആപ്പിൾ, ഓറഞ്ച്, റോസ് എന്നി ചെടികളിലാണ് T ബഡ്ഡിങ് സാധാരണയായി ചെയ്യാറുള്ളത്.
ആദ്യം ആരോഗ്യമുള്ളതും നല്ല വളർച്ചയുള്ളതുമായ ഒരു തൈ റൂട്ട് സ്റ്റോക്ക് ആയി തെരഞ്ഞെടുക്കണം.
ചുവട്ടിൽ നിന്ന് 15 സെന്റിമീറ്റർ ഉയരത്തിൽ ബഡ്ഡ് ചെയ്യേണ്ട ഭാഗം ഏതെങ്കിലും അണുനാശിനി മുക്കിയ തുണി ഉപയോഗിച്ച് വൃത്തിയാക്കുക.
വൃത്തിയാക്കിയ ഭാഗത്തു 3-4 സെന്റിമീറ്റർ നീളത്തിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് T ഷെയ്പ്പിൽ ഒരു മുറിവുണ്ടാക്കുക. അകത്തുള്ള താടിക്കു കേടുപാടുകൾ വരാതെ
തൊലിയിൽ മാത്രം മുറിവുണ്ടാക്കാൻ ശ്രദ്ധിക്കണം തുടർന്ന് T ഷെയ്പ്പിൽ ഉള്ള മുറിവിന്റെ മുകളിലെ രണ്ടു അറ്റവും കത്തിയുടെ അറ്റം ഉപയോഗിച്ച് ചെറുതായി വിടർത്തുക
ഗുണമേന്മയുള്ള ചെടിയിൽനിന്നു നല്ല ഒരു മുകുളം തെരഞ്ഞെടുത്തു അത് 3-4 സെന്റിമീറ്റർ നീളത്തിൽ ദീർഘ ചതുരാകൃതിയിൽ തൊലിയും നേർത്ത രീതിയിൽ തടിയും ചേർത്ത് മുറിച്ചെടുക്കണം.
സ്റ്റോക്കിൽ ഉണ്ടാക്കിയ T ഷെയ്പ്പിൽ ഉള്ള മുറിവ് ചെറുതായി വിടർത്തി അതിനിടയിലേക്കു സയൺ മുകുളത്തിനു കേടുപാടുകൾ സംഭവിക്കാതെ ശ്രദ്ധാപൂർവം താഴേക്ക് ഇറക്കി വയ്ക്കുക അങ്ങനെ ചെയ്യുമ്പോൾ മുകുളം മുറിവിന്റെ ഉൾഭാഗത്തു നന്നായി ചേർന്നിരിക്കണം.
മുകുളം ഇളകി പോകാതിരിക്കാൻ പോളിത്തീൻ ടേപ്പ് , ബഡ്ഡിങ് ടേപ്പ് ഇവാ ഏതെങ്കിലും ഉപയോഗിച്ച് വെള്ളമോ വായുവോ കടക്കാത്ത രീതിയിൽ നന്നായി ചുറ്റികെട്ടുക. എങ്ങനെ കെട്ടുമ്പോൾ മുകുളത്തിന്റെ മാത്രംകണ്ണ് പുറത്തേക്കു നിൽക്കുന്ന രീതിയിൽ ആയിരിക്കണം.
2 – 3 ആഴ്ച കാലയളവിനുള്ളിൽ മുകുളത്തിൽനിന്ന് പുതിയ നാമ്പുകൾ വന്നുതുടങ്ങും. അങ്ങനെ വരുമ്പോൾ ബഡ്ഡ് ചെയ്ത ഭാഗത്തിന് 1 സെന്റിമീറ്റർ മുകളിൽ വച്ച് റൂട്ട് സ്റ്റോക്ക് മുറിച്ചുമാറ്റുക. ഇത് പുതിയ മുകുളത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തും തുടർന്ന് മുകുളത്തിൽ നിന്ന് പുതിയ ശാഖകൾ വന്നു തുടങ്ങുമ്പോൾ ടേപ്പ് അഴിച്ചുമാറ്റാം.
പാച്ച് ബഡ്ഡിങ്
റൂട്ട് സ്റ്റോക്കിൽ ദീർഘ ചതുരാകൃതിയിൽ മുറിവുണ്ടാക്കി ആ ഭാഗത്തെ തൊലി ഇളക്കിമാറ്റി അവിടെ പുതിയ മുകുളം ഒട്ടിച്ചു ചേർക്കുന്ന ബഡ്ഡിങ് രീതിയാണ് പാച്ച് ബഡ്ഡിങ്. റബ്ബർ, പ്ലാവ്, മാവ്, സപ്പോർട്ട, പേര, ജാതി തുടങ്ങിയ സസ്യങ്ങളിൽ ഈ രീതിയിലുള്ള ബഡ്ഡിങ്ണ് സാധരണ അവലംബിക്കാറ്.
ആദ്യം ആരോഗ്യമുള്ളതും നല്ല വളർച്ചയുള്ളതുമായ ഒരു തൈ റൂട്ട് സ്റ്റോക്ക് ആയി തെരഞ്ഞെടുക്കണം.
ചുവട്ടിൽ നിന്ന് 15 സെന്റിമീറ്റർ ഉയരത്തിൽ ബഡ്ഡ് ചെയ്യേണ്ട ഭാഗം ഏതെങ്കിലും അണുനാശിനി മുക്കിയ തുണി ഉപയോഗിച്ച് വൃത്തിയാക്കുക.
വൃത്തിയാക്കിയ ഭാഗത്തു 2-3 സെന്റിമീറ്റർ നീളത്തിൽ 1-1.5 സെന്റിമീറ്റർ വീതിയിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ദീർഘചതുര ആകൃതിയിൽ ഒരു മുറിവുണ്ടാക്കുക. തുർന്ന് അകത്തുള്ള തടിക്കു കേടുപാടുകൾ വരാതെ ഈ രീതിയിൽ ആ ഭാഗത്തെ തൊലി ഇളക്കിമാറ്റുക.
ഗുണമേന്മയുള്ള ചെടിയിൽനിന്നു (സയൺ) നല്ല ഒരു മുകുളം തെരഞ്ഞെടുത്തു തുടർന്ന് 2-3 സെന്റിമീറ്റർ നീളത്തിൽ 1-1.5 സെന്റിമീറ്റർ വീതിയിലും ദീർഘ ചതുരാകൃതിയിൽ തൊലിയും നേർത്ത രീതിയിൽ തടിയും ചേർത്ത് മുകുളം ഇളക്കിയെടുക്കണം
ഇങ്ങനെ ഇളക്കി എടുത്ത മുകുളം റൂട്ട് സ്റ്റോക്കിൽ ഉണ്ടാക്കിയ മുറിയിൽ കൃത്യമായി ഇറക്കി വയ്ക്കുക ഇങ്ങനെ വയ്ക്കുമ്പോൾ മുകുളം റൂട്ട് സ്റ്റോക്കിൽ കൃത്യമായി ചേർന്നിരിക്കാൻ ശ്രദ്ധിക്കണം.
മുകുളം ഇളകി പോകാതിരിക്കാൻ പോളിത്തീൻ ടേപ്പ് , ബഡ്ഡിങ് ടേപ്പ് ഇവാ ഏതെങ്കിലും ഉപയോഗിച്ച് വെള്ളമോ വായുവോ കടക്കാത്ത രീതിയിൽ നന്നായി ചുറ്റികെട്ടുക. എങ്ങനെ കെട്ടുമ്പോൾ മുകുളത്തിന്റെ മാത്രംകണ്ണ് പുറത്തേക്കു നിൽക്കുന്ന രീതിയിൽ ആയിരിക്കണം
2 – 3 ആഴ്ച കാലയളവിനുള്ളിൽ മുകുളത്തിൽനിന്ന് പുതിയ നാമ്പുകൾ വന്നുതുടങ്ങും. അങ്ങനെ വരുമ്പോൾ ബഡ്ഡ് ചെയ്ത ഭാഗത്തിന് 1 സെന്റിമീറ്റർ മുകളിൽ വച്ച് റൂട്ട് സ്റ്റോക്ക് മുറിച്ചുമാറ്റുക. ഇത് പുതിയ മുകുളത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തും തുടർന്ന് മുകുളത്തിൽ നിന്ന് പുതിയ ശാഖകൾ വന്നു തുടങ്ങുമ്പോൾ ടേപ്പ് അഴിച്ചുമാറ്റാം.
ബഡ്ഡിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലമാണ് ബഡ്ഡിങ്ങിനു ഏറ്റവും അനുയോജ്യം ഈർപ്പം കൂടുതലുള്ള സമയമായതിനാൽ ബഡ്ഡിങ് വിജയിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാൽ ബഡ്ഡിങ് ചെയ്തഭാഗം നനയാതിരിക്കാൻ ശ്രദ്ധിക്കണം
ബഡ്ഡിങ് ചെയ്യാൻ പ്രേത്യേകം തയാറാക്കിയ കത്തിയാണ് ഉപയോഗിക്കുന്നത് എങ്കിലും നല്ല മൂർച്ചയുള്ള സാധരണ കത്തിയും ഉപയോഗിക്കാം. ബഡ്ഡിങ്ങിനു ഉപയോഗിക്കുന്ന കത്തിയും മറ്റുവസ്തുക്കളും വൃത്തിയുള്ളതായിരിക്കണം
മുകുളം എടുത്തതിനുശേഷം അത് ഉണങ്ങിപോകുന്നതിനു മുൻപ് സ്റ്റോക്കിൽ ഒട്ടിക്കാൻ ശ്രദ്ധിക്കണം, ബഡ്ഡിങ് ടേപ്പ് ഉപയോഗിച്ച് കെട്ടുമ്പോൾ മുകുളം ഇളകിപ്പോകാതെയും കേട്ട് മുറുകിപോകാതെയും, മുകുളത്തിനു കേടുപാടുകൾ സംഭവിക്കാതെയും ശ്രദ്ധിക്കണം
ബഡ്ഡിങ് ചെയ്തതിനു ശേഷം ചെടിക്ക് ആവശ്യത്തിന് വെള്ളവും വെളിച്ചവും നൽകണം ഒപ്പം തന്നെ പുതിയ ബഡ്ഡിൽ നിന്ന് മുകുളങ്ങൾ വേഗത്തിൽ വരാൻ കെട്ടിന് താഴേ വരുന്ന തളിരിലകൾ നുള്ളിക്കളയണം.
കൂടുതൽ വിവരങ്ങൾക്ക്
വിലാസ് താന്നിക്കൽ
9447233360
Discussion about this post