കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം ആദ്യഘട്ട കൊയ്ത്തുൽസവം സംഘടിപ്പിച്ചു. ബഹു. ദേവികുളം എംഎൽഎ അഡ്വ. എ രാജ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞവർഷം 5 ഏക്കറിൽ താഴെ കൃഷി ചെയ്തിരുന്ന കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിൽ ഈ വർഷം 14.4 ഏക്കറിലേക്ക് നെൽകൃഷി വർദ്ധിപ്പിച്ചിരുന്നു. 17 വ്യക്തിഗത കർഷകരും മൂന്ന് കുടുംബശ്രീ യൂണിറ്റുകളും ഉൾപ്പെടെ 20 കർഷകരാണ് ഇപ്രാവശ്യം നെൽകൃഷി ചെയ്യുന്നത്. കഴിഞ്ഞവർഷം 5 കർഷകർ മാത്രം കൃഷി ചെയ്തിരുന്നിടത്ത് നിന്നാണ് ഈ വലിയ മാറ്റം സാധ്യമാക്കിയത്. ഇനിയും പാടശേഖരത്തിലെ തരിശിട്ടു കിടക്കുന്ന മറ്റു ഭാഗങ്ങൾ കൂടി കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട പൂർണ്ണമായും ആദിവാസി വിഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പ്രദേശമാണ് കട്ടമുടി കുഞ്ചിപെട്ടി. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഇവിടെയുള്ളത്. വനത്താൽ ചുറ്റപ്പെട്ട ഇവിടം ഏകദേശം 20 ഏക്കറിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണുള്ളത്. വർഷങ്ങളായി തരിശിട്ട് കിടന്ന ഈ പാടശേഖരത്തിൽ നാലു വർഷങ്ങൾക്കു മുമ്പ് യുഎൻഡിപി പദ്ധതിയിലൂടെ വീണ്ടും കൃഷി ആരംഭിച്ചു. ആ പദ്ധതി അവസാനിച്ചെങ്കിലും കേരള സർക്കാരിൻറെ ഹരിത കേരളം മിഷൻ കുടിയിലെ നെൽകൃഷി മുന്നോട്ടുകൊണ്ടുപോകാൻ പ്രോത്സാഹനം നൽകി വരികയാണ്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സലിം അലി ഫൗണ്ടേഷൻ, കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ്, കൃഷി വിജ്ഞാൻ കേന്ദ്ര, പട്ടികവർഗ്ഗ വികസന വകുപ്പ്, അടിമാലി ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷൻ തുടങ്ങിയവരെ സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്
ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ അജയ് പി കൃഷ്ണ, കൃഷി ഓഫീസർ സിജി എം എ, എ ഡി എ പ്രിയ പീറ്റർ, സലിം അലി ഫൗണ്ടേഷൻ ഡയറക്ടർ ലളിത വിജയൻ, കെ വി കെ ഫീൽഡ് ഓഫീസർ ആഷിബ, മുതുവാൻ സമുദായ സംഘടനാ സംസ്ഥാന പ്രസിഡണ്ട് പാൽരാജ്, പാടശേഖരസമിതി പ്രസിഡണ്ട് ജയേഷ് വനരാജൻ തുടങ്ങിയവർ സംബന്ധിച്ചു.
Content summery : The first phase of the harvest festival at the Kattamudi Kunchipettikudi paddy fields was inaugurated by Hon. Devikulam MLA Adv. A Raja
Discussion about this post