കൊച്ചിയെ പൂക്കളുടെ വർണ്ണപ്പൊലിയിലാക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും, ഗ്രേറ്റർ കൊച്ചിൻ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ ) സംയുക്തമായി ഒരുക്കുന്ന 41 മത് കൊച്ചിൻ ഫ്ലവർ ഷോ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു കളക്ടർ എൻ. എസ്.കെ ഉമേഷ്, ഹൈബി ഈടൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ കൊച്ചിൻ ഫ്ലവർ ഷോ കൺവീനർ ടി. എൻ സുരേഷ്, വൈസ് പ്രസിഡന്റ് പ്രൊഫസർ ജേക്കബ് വർഗീസ് കുന്തറ തുടങ്ങിയവർ സംസാരിച്ചു.
ജനുവരി ഒന്നുവരെ പുഷ്പമേള തുടരും. 54,000 ചതുരശ്ര അടിയിലാണ് ഇത്തവണത്തെ പവലിയൻ. മുൻപത്തെ പുഷ്പോത്സവ പവലിനേക്കാൾ ഇത് ഇരട്ടിയാണ്. നിലം തൊട്ടു നിൽക്കുന്ന ഇലകൾ ഉള്ള ബോസ്റ്റൺ ഫേൺ ,37,850 മുളകുകൾ കൊണ്ട് തീർത്ത മയിലിന്റെ രൂപം എന്നിവയാണ് ഇത്തവണത്തെ ഫ്ലവർ ഷോയുടെ പ്രധാന ആകർഷണം.
ഇതുകൂടാതെ അയ്യായിരത്തിലധികം ഓർക്കിഡുകൾ,അഡീനിയം, ആന്തൂറിയം, റോസ്, വിവിധ നിറത്തിലുള്ള വാർഷിക പൂച്ചെടികൾ, ബോൺസായി ചെടികൾ, സെക്കുലന്റ് ചെടികൾ എന്നിവയുടെ വിപുലമായ കളക്ഷനും ആസ്വാദർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 7 വ്യത്യസ്ത നിറങ്ങളിലും ഇനങ്ങളിലും ഉള്ള കലാലില്ലി, 10 നിറങ്ങളിലുള്ള പോയിൻസിറ്റിയ തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടാവും.
കേരളത്തിലെ ആദ്യമായാണ് കലാലില്ലിയുടെ ഇത്രയും വിപുലമായ പ്രദർശനം നടക്കുന്നത്.ജമന്തി, ബ്രൊമിലിയാട്സ് എന്നിവ കൊണ്ടുള്ള ക്രിസ്മസ് ട്രീ ഒരുക്കിയാണ് മേളയുടെ ആദ്യദിനം ആരംഭിച്ചത്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. എല്ലാ ദിവസവും രാത്രി 9 വരെ പ്രദർശനം. ഗ്രൂപ്പ് ആയി വരുന്ന കുട്ടികൾക്ക് പ്രത്യേക ഇളവുണ്ടെന്നും അധികൃതർ അറിയിച്ചു.
Discussion about this post