കൂൺ കൃഷി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുമെന്നും കൂൺ വിഷരഹിതമായ നല്ല ഭക്ഷ്യവസ്തുവായി അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൂൺ കൃഷിയെയും അതിൻറെ മൂല്യവർദ്ധക സാധ്യതകളെയും ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വരുമാനം നേടുന്ന കർഷകർ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ് സ്റ്റേറ്റ്ഹോർട്ടികൾച്ചർമിഷൻ മുഖേന രാഷ്ട്രീയ വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ചേർത്തല കൂൺ ഗ്രാമം സമഗ്ര പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാന കൃഷി വകുപ്പ് കൃഷിദർശൻ പരിപാടി വഴി കൃഷിഭൂമിയിൽ നിന്നുകൊണ്ട് 12 ഉത്തരവുകളാണ് ഇറക്കിയത്. കൂൺ കൃഷിയിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ സംസ്ഥാനത്തെ കർഷകരുടെ സാന്നിധ്യത്തിലാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കൂൺ ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം, കൂൺ കൃഷിക്കൂട്ടങ്ങളുടെ രൂപീകരണ പ്രഖ്യാപനം, കൂൺഗ്രാമം പദ്ധതിയുടെ ലോഗോ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു. 90,000 മുതൽ 25 ലക്ഷം രൂപ വരെ വരുമാനം നേടുന്ന കൂൺ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആയ കൂൺ പായസം, കൂൺ കട്ലറ്റ്, കൂൺ കേക്ക്, കൂൺ സൂപ്പ് എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. ചേർത്തലയിൽ നടക്കുന്ന കരപ്പുറം ഫെസ്റ്റിൽ മില്ലറ്റ് ,കൂൺ എന്നിവയുടെ ഭക്ഷ്യമേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.പദ്ധതിയിൽ അംഗങ്ങളാകുന്ന കർഷകർക്ക് പരിശീലനം കൃഷിവകുപ്പ് മുഖേന നൽകും. ഒരു ബ്ലോക്കിൽ 100 ചെറുകിട യൂണിറ്റുകൾ, രണ്ടു വൻകിട യൂണിറ്റുകൾ,മൂന്ന് പ്രിസർവേഷൻ യൂണിറ്റുകൾ,രണ്ട് പാക്ക് ഹൗസുകൾ , 10 കമ്പോസ്റ്റ് യൂണിറ്റുകൾ,ഒരു സ്പോൺ പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയാണ് അനുവദിക്കുക. ചെറുകിട കൂൺ ഉൽപാദക യൂണിറ്റുകൾക്ക് 11250 രൂപ, വൻകിട കൂൺ ഉൽപാദക യൂണിറ്റുകൾക്ക് 2 ലക്ഷം രൂപ,പാക്ക് ഹൗസുകൾക്ക് രണ്ട് ലക്ഷം രൂപ തുടങ്ങിയ രീതിയിൽ സബ്സിഡിയും ലഭിക്കും. കൂൺ ഗ്രാമം പദ്ധതിയിലേക്ക് ജില്ലയിൽ ചെങ്ങന്നൂരിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.
Content wummery : Agriculture Minister P. Prasad said that mushroom cultivation will provide good income to farmers
Discussion about this post