ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തിൽ ജലത്തിന്റെ പ്രാധാന്യം സംബന്ധിച്ച അറിവ് പരമാവധി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . ഭൂജലസ്രോതസുകളുടെ സമ്പൂർണ്ണ വിവരശേഖരണ പരിപാടിയായ വെൽ സെൻസസിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇടുക്കി തോപ്രാംകുടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ജലസ്രോതസുകളെ മലിനമാക്കാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞ് വരികയാണ്.അതുകൊണ്ടുതന്നെ ജലം പാഴാക്കാതിരിക്കാനും , മലിനമാക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സെൻസസ് പദ്ധതി പ്രകാരം പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർവഴി “നീരറിവ്” എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുക. പ്രവർത്തകർ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും നേരിട്ടെത്തി കിണറുകൾ ,കുഴൽ കിണറുകൾ, കുളങ്ങൾ, നീരുറവകൾ, സുരംഗം, ഓലി തുടങ്ങിയ എല്ലാ ഭൂജല സ്രോതസ്സുകളുടെയും വിവരങ്ങൾ ശേഖരിക്കും. കിണറിന്റെ സ്ഥാനം, ആകൃതി, ആഴം, ജലനിരപ്പ്, വരൾച്ചാ സാധ്യത, വെള്ളപ്പൊക്ക സാധ്യത, വെള്ളത്തിന്റെ ഗുണനിലവാരം, പ്രതിദിന ഉപഭോഗം, ഭൂമിയുടെ ഉപരിതല ഘടന, കിണറിന്റെ അടിതട്ടിലെ മണ്ണിന്റെ സവിശേഷത, ജലസ്രോതസ്സിൽ നിന്നും സെപ്റ്റിക് ടാങ്ക് , തൊഴുത്ത് എന്നിവിടങ്ങളിലേക്കുള്ള ദൂരം മുതലായ വിവരങ്ങളാണ് രേഖപ്പെടുത്തുക.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 93 ബ്ലോക്കുകളിലാണ് ആദ്യഘട്ടമായി സർവേ നടപടികൾ ആരംഭിക്കുന്നത്. ഏകദേശം 36 ലക്ഷം ഡാറ്റ ആണ് ഈ ബ്ലോക്കുകളിൽ നിന്നും ശേഖരിക്കാൻ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 93 ബ്ലോക്കുകളിലും, 6 കോർപ്പറേഷനുകൾ, 90 മൂന്നിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും വിവര ശേഖരണം നടത്തും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഭൂജലവിഭവശേഷി മനസിലാക്കാനും , വരൾച്ച സാധ്യതാ മേഖലകൾ കണ്ടെത്തി ശാസ്ത്രീയമായ ഭൂജല സാംപോഷണ പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കും.
Minister of Water Resources Mr.Roshi Augustine inaugurated Well Census, a comprehensive data collection program on groundwater resources.
Discussion about this post