കൂൺ കൃഷി പ്രോത്സാഹിപ്പിക്കാൻ കൂൺഗ്രാമം പദ്ധതിയുമായി എത്തിയിരിക്കുകയാണ് കൃഷിവകുപ്പ്. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജനയുമായി സംയോജിപ്പിച്ചാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ആർ കെ വി വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 100 കൂൺ ഗ്രാമങ്ങൾ രൂപീകരിക്കാനാണ് ധനസഹായം നൽകുന്നത്. 100 ചെറുകിട കൂൺ ഉൽപാദന യൂണിറ്റുകളും 2 വൻകിട കൂൺ ഉൽപാദന യൂണിറ്റും ഒരു കൂൺ വിത്ത് ഉൽപാദന യൂണിറ്റും 3 സംസ്കരണ യൂണിറ്റുകളും രണ്ട് പാക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളും ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം.
ഇത്തരത്തിൽ 100 കൂൺഗ്രാമങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ചെറുകിട കൂൺ ഉൽപാദന യൂണിറ്റ്, വൻകിട കൂൺ ഉൽപാദന യൂണിറ്റ്, കൂൺ വിത്ത്ല്പാദന യൂണിറ്റ് എന്നിവയ്ക്ക് 40% നിരക്കിലും കമ്പോസ്റ്റ് ഉൽപാദന യൂണിറ്റ്, പായ്ക്ക് ഹൗസ് യൂണിറ്റ്, കൂൺ സംസ്കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്‌സിഡി നൽകുന്നതാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാ ഹോർട്ടികൾച്ചർ മിഷൻ മുഖേന പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂൺ കൃഷിക്കുള്ള സാധ്യത അനുസരിച്ച് ഓരോ ജില്ലകളിലും വിവിധ തലങ്ങളിലായോ സമഗ്രമായോ കൂൺഗ്രാമങ്ങൾ രൂപീകരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആവശ്യമായ പരിശീലനം കാർഷിക സർവകലാശാല/ കൃഷിവിജ്ഞാനകേന്ദ്രങ്ങൾ /സമേതി/ പരിചയസമ്പന്നരായ കൂൺ കർഷകർ മുഖേന നൽകും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
ഹോർട്ടികൾച്ചർ മിഷൻ ഫോൺ നമ്പർ-0471-2330856,2330857
koon gramam project by kerala government for mushroom farmers
Discussion about this post