അങ്കമാലി : കാർഷിക സേവനങ്ങൾ അതിവേഗവും കാര്യക്ഷമമായും കർഷകർക്ക് ലഭ്യമാകുന്ന തരത്തിൽ കൂടുതൽ സ്മാർട്ടാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കതിർ ആപ്പിലൂടെ വിവരശേഖരണം പൂർത്തിയാക്കിയ കർഷകർക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ ആത്മാഭിമാനത്തിൻ്റെ അടയാളമാണ് ഈ കാർഡെന്നും മന്ത്രി പറഞ്ഞു. കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം ഒരുക്കുന്നതിനായാണ് സംസ്ഥാന കൃഷി വകുപ്പ് കതിർ ആപ്പിന് രൂപംകൊടുത്തത്. ഇത്തരത്തിൽ എല്ലാ കാർഷിക സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്ന രാജ്യത്തെ തന്നെ ആദ്യ വെബ് പോർട്ടലാണ് കതിർ ആപ്പെന്ന് മന്ത്രി പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ കൂടുതൽ ലഭ്യമാക്കേണ്ടതുണ്ട്. അതിനായി ഉദ്യോഗസ്ഥരുടെ ഓഫീസ് ജോലികൾ ലഘൂകരിക്കുന്നതിനായി സോഫ്റ്റ്വെയർ സംവിധാനം ഒരുക്കും. നബാർഡിൻ്റെ സ്ഥാപനമായ നാബ്കോൺസാണ് സോഫ്റ്റ്വെയർ തയ്യാറാക്കുന്നത്. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല മീറ്റിംഗുകളിൽ കർഷകർക്ക് കൂടി പങ്കെടുക്കുവാനുള്ള അവസരം ലഭ്യമാക്കും. കൃഷിഭവനുകളുടെ സേവനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങളും പരാതികളും നൽകുന്നതിനായി കൃഷിഭവനുകളിൽ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
അതിരൂക്ഷമായ വരൾച്ചയും ശക്തമായ മഴയുമാണ് കർഷകർ നേരിടുന്ന പ്രതിസന്ധി. അതുപോലെ തന്നെയാണ് വന്യമൃഗങ്ങളുടെ ശല്യവും. വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിനായി 2 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ മാറ്റിവെച്ചു. ആർ കെ വി വൈ പദ്ധതിപ്രകാരമുള്ള 25 കോടി രൂപ കൂടി ഉപയോഗപ്പെടുത്തി വന്യമൃഗശല്യം ഇല്ലാതാക്കാൻ വനംവകുപ്പുമായി ചേർന്ന് പദ്ധതികൾ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു.
ആദ്യ തിരിച്ചറിയൽ കാർഡ് പത്മശ്രീ പുരസ്കാരം ലഭിച്ച കർഷകൻ സത്യനാരായണ മണിയണിക്ക് മന്ത്രി നൽകി. മികച്ച കർഷകയ്ക്കുള്ള പുരസ്കാരം നേടിയ ഭുവനേശ്വരി, മികച്ച ജൈവകർഷക പുരസ്കാര ജേതാവ് ജ്ഞാന ശരവണൻ, കർഷകോത്തമ പുരസ്കാര ജേതാവ് സി ഡി രവീന്ദ്രൻ നായർ, മികച്ച ജൈവ കർഷക അവാർഡ് ജേതാവ് രശ്മി മാത്യു, കർഷക തിലകം വനിത അവാർഡ് ജേതാവ് കെ ബിന്ദു, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മികച്ച കർഷക പുരസ്കാര ജേതാവ് ശ്രാവന്തിക, കേരകേസരി അവാർഡ് ജേതാവ് സുഷമ, മികച്ച പച്ചക്കറി കർഷകൻ സുജിത്ത് എസ് വി, മികച്ച കൂൺ കർഷകൻ ജേക്കബ് തോമസ്, മികച്ച പുഷ്പ കർഷകൻ വി പി സുനിൽ, മികച്ച തേനീച്ച കർഷക പുരസ്കാര ജേതാവ് ഫിലിപ്പ് മാത്യു, കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന യൂട്യൂബർ ആനി യൂജിൻ, കർഷകരായ വർഗീസ് കെ സി, മറിയാമ്മ മാത്യു എന്നിവർക്കും തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.
Agriculture minister p prasad Inauguration of state level distribution of identity cards to farmers who have completed data collection through Kathir app
Discussion about this post