വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിന് തുടക്കമാകുന്നു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ- പദ്ധതിയുടെ ഭാഗമായാണ് ജനകീയ ജലസംരക്ഷണ പരിപാടിയെന്ന നിലയിൽ ‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിൻ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രായോഗിക തലത്തിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു ബ്ലോക്കിലെ ഒരു വാർഡിൽ ക്യാമ്പയിൻ നടപ്പാക്കും. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വാർഡിനാണ് മുൻഗണന.പരിപാടിയുടെ സംസ്ഥനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം തെങ്ങുംവിള ക്ഷേത്ര ഓഡിറ്റോറിയത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും.
വി. ശശി എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയാകും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്‌സണുമായ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണം നടത്തും. ക്യാമ്പയിൻ ലോഗോ പ്രകാശനം തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ നിർവഹിക്കും. ചടങ്ങിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ് പ്രദേശത്തെ കർഷകർക്കും കർഷക തൊഴിലാളി കൾക്കും ആദരം അർപ്പിക്കും.
തെങ്ങിന് തടം തുറന്ന് കുമ്മായം, പച്ചില, ചാണകം, ചാരം, കല്ലുപ്പ് മറ്റ് ജൈവ വളങ്ങൾ തുടങ്ങിയവ ഇട്ടുമൂടുന്ന കാർഷിക പാരമ്പര്യത്തെ ഭൂമിയ്ക്കായി വീണ്ടെടുക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. തടം തുറന്ന് പുതയിട്ട തെങ്ങിൻ ചുവട്ടിൽ കൊടിയ വേനലിൽ പോലും നനവ് നിലനിൽക്കും. കാലവർഷത്തിലെ അവസാന മഴയും തുലാവർഷവും പരമാവധി സംഭരിക്കുകയാണ് ലക്ഷ്യം. മഴവെള്ളവും മണ്ണും തമ്മിൽ നേരിട്ടുള്ള സമ്പർക്കം വരുന്ന സ്ഥലവിസ്തൃതി കുറഞ്ഞു വരുന്നതു മുന്നിൽ കണ്ട് വീട്ടുവളപ്പിലെ ഒരു തെങ്ങാണെങ്കിൽ പോലും ചുറ്റും തടമെടുക്കുന്നത് ഗുണം ചെയ്യും.
തദ്ദേശ സ്ഥാപന തലത്തിലും വാർഡ് തലത്തിലും സംഘാടക സമിതി രൂപീകരിച്ച് സന്നദ്ധ പ്രവർത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി ക്യാമ്പയിൻ നടപ്പാക്കും. കാർഷിക വികസന സമിതി, കർഷക സംഘടനകൾ, കർഷക തൊഴിലാളികൾ, യുവജന സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ്‌ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ അറിയിച്ചു.
Under the leadership of Haritha Keralam Mission, the state-wide ‘Tengin Tadam Mannain Jalam’ campaign is starting.
Discussion about this post