കൊച്ചി: കേന്ദ്രസർക്കാർ വിദേശ രാജ്യങ്ങളിൽനിന്നുള്ള കുരുമുളക് ഇറക്കുമതിസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കർഷകരും കച്ചവടക്കാരും ആശങ്കയിൽ. വിപണിയിൽ വിദേശ കുരുമുളക് കൂടുതലായി കടന്നുവരാൻ ഇടയാക്കുന്നതാണ് പുതിയ ഇളവ്. ഇത് വില ഇടിയാൻ കാരണമാകും.
മൂല്യവർധിത ഉത്പന്നമാക്കി തിരിച്ചയയ്ക്കാനായി വിവിധ രാജ്യങ്ങളിൽനിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ചരക്ക് ആറുമാസം വരെ കൈവശം സൂക്ഷിക്കുന്നതിനുള്ള അനുമതിയാണ് വാണിജ്യ മന്ത്രാലയം നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം മാത്രം വിവിധ രാജ്യങ്ങളിൽ നിന്നായി 5,065 ടൺ കുരുമുളകാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 4,405 ടണ്ണും ശ്രീലങ്കയിൽ നിന്നായിരുന്നു. സ്വതന്ത്ര വ്യാപാര കരാർ പ്രകാരം നികുതി ഇല്ലാതെ ഇനിയും 2,000 ടൺ കൂടി ശ്രീലങ്കയിൽനിന്ന് ഇറക്കാം.
ഇറക്കുമതി കൂടിയതോടെ മൂന്നാഴ്ചയ്ക്കിടെ കിലോയ്ക്ക 14 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസമായി ചെറിയ രീതിയിൽ വില ഉയരുന്നുണ്ടെങ്കിലും ആശങ്ക നീങ്ങിയിട്ടില്ല. അതേസമയം ബ്രസീലിൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞത് ആശ്വാസമാകുന്നുണ്ടെങ്കിൽ പ്രതീക്ഷിച്ച രീതിയിൽ വില ഉയരുന്നില്ല. ഉത്സവ സീസണിനു തൊട്ടുമുൻപായി കുരുമുളക് വില ഉയരുന്ന പതിവുണ്ട്. അടുത്ത ദിവസങ്ങളിൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Farmers and traders are worried after the central government announced more concessions for pepper importers from foreign countries
Discussion about this post