ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ വൻ വർദ്ധന. 2024-ൻ്റെ ആദ്യ പകുതിയിൽ 58 ശതമാനം ഉയർന്നതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ പറഞ്ഞു. ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണ-വ്യാപാര കരാറിൻ്റെ (ഇസിടിഎ) അടിസ്ഥാനത്തിലാണ് കയറ്റുമതി.
കരാറിലേർപ്പെട്ടതിന് പിന്നാലെ അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. അരി, ചായ, കാപ്പി, എണ്ണക്കുരു തുടങ്ങിയ ചരക്കുകളുടെ കയറ്റുമതി വർധിച്ചു. 2022-നെ അപേക്ഷിച്ച് 2024-ൽ ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ ഏകദേശം 250 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറിൻ്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അരി കയറ്റുമതി 56 ശതമാനം ഉയർന്ന് 60 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിലെത്തി. വെണ്ണയുടെയും പാൽ ഉത്പന്നങ്ങളുടെയും കയറ്റുമതി 63 ശതമാനം ഉയർന്ന് ഏഴ് മില്യൺ ഓസ്‌ട്രേലിയൻ ഡോളറിലെത്തി. എണ്ണക്കുരു കയറ്റുമതിയും 20 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്. പച്ചക്കറി സത്ത്, മധുരപലഹാരങ്ങൾ, സപ്ലിമെൻ്റുകൾ തുടങ്ങിയ മറ്റ് ഇനങ്ങളുടെ കയറ്റുമതിയും ഈ വർഷം വളർച്ച കൈവരിച്ചു.
Discussion about this post