ബെംഗളൂരു: അടുത്ത വർഷം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിലൊന്നായ കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ‘ഡ്രോസോഫില മെലനോഗാസ്റ്റർ’ എന്ന ശാസ്ത്രീയ നാമമുള്ള ‘ഫ്രൂട്ട് ഫ്ലൈസ്’ അഥവാ കായീച്ചകളടങ്ങിയ കിറ്റാണ് പരീക്ഷണങ്ങളുടെ ഭാഗമായി ഗഗൻയാൻ ദൗത്യത്തിൽ ഉൾപ്പെടുത്തുന്നത്.
ധാർവാഡ് സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗമാണ് കിറ്റ് വികസിപ്പിച്ചത്. 20 ഈച്ചകളാണ് കിറ്റിലുള്ളത്. ഇതിൽ പത്തെണ്ണം പെൺ ഈച്ചകളായിരിക്കും. ഗഗൻയാൻ പേടകം ഏഴ് ദിനം ബഹിരാകാശത്ത് ഭ്രമണം ചെയ്യുമ്പോൾ ഒപ്പം ഈ കിറ്റുമുണ്ടാകും. പൂജ്യം ഗുരുത്വാകർഷണത്തിൽ പേടകം ഭൂമിയെ വലം വയ്ക്കുമ്പോൾ കിറ്റിലെ മാറ്റങ്ങൾ ശാസ്ത്രജ്ഞർ നിരീക്ഷിക്കും. സോഡിയം ഓക്സലേറ്റ് ചേർത്ത റവയും ശർക്കരയുമായിരിക്കും ഇവയ്ക്ക് ആഹാരമായി നൽകുക.
കായീച്ചകളുടെ ഭൗതികഘടന 70 ശതമാനത്തോളം മനുഷ്യൻ്റേതിന് സമാനമാണ്. ഇതാണ് ഇവയെ ബഹിരാകാശത്തേക്ക് അയക്കാൻ പദ്ധതിയിടുന്നത്. രണ്ട് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് കിറ്റ് തയ്യാറാക്കിയത്. 78 ലക്ഷം രൂപയാണ് കിറ്റിൻ്റെ ചെലവ്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചത്. ബഹിരാകാശ യാത്രികർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും യാത്രികർക്ക് ആവശ്യമായ ആഹാരം കണ്ടെത്താനും ഈച്ചകൾ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ.
രാജ്യത്തെ 75 കാർഷിക സർവകലാശാലകളിൽ നിന്നാണ് ധാർവാഡ് സർവകലാശാലയെ തിരഞ്ഞെടുത്തത്. കാർഷിക ഗവേഷണത്തിൽ അസാധാരണമായ നേട്ടങ്ങൾക്ക് പേരുകേട്ട സർവകലാശാലയാണ് ധാർവാഡ് സർവകലാശാല.
Dharwad’s fruit flies to join ISRO’s Gaganyaan mission
Discussion about this post