തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 13-ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19-ന് ഘോഷയാത്രയോടെ സമാപിക്കും.
ഓണം മേളകൾ, ഓണം ചന്തകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളിൽ കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കും. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്സിഡി വിപണികൾ ആരംഭിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാർക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികൾ പരമാവധി കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.
എഎവൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്പെഷ്യൽ പഞ്ചസാര വിതരണം, സ്കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈക്കോ ഓണത്തിനുമുമ്പ് വിതരണം ചെയ്യും. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
State level onam celebration starts from september 13
Discussion about this post