വെറുതേ വലിച്ചെറിയുന്ന പഴത്തൊലിക്കും കൃഷിയിൽ പങ്കുണ്ട്. പൂന്തോട്ടത്തിൽ നിരവധി ഉപയോഗങ്ങളാണ് ഇതിനുള്ളത്.
ചെടികളുടെ വേരുകൾക്ക് ബലം നൽകുന്ന പൊട്ടാസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് അത്യാവശ്യമുള്ള എൻസൈമുകൾ ചെടികളിലെത്തിക്കാനും കരുത്തോടെ വളരാനും സഹായിക്കുന്നു. പൂക്കളുടെയും പരാഗങ്ങളുടെയും പഴങ്ങളുടെയും ഉത്പാദനം വർധിപ്പിക്കാനും ഫോസ്‍ഫറസ് ആവശ്യമാണ്.
തണ്ടുകളുടെയും വേരുകളുടെയും ശരിയായ വളർച്ചയ്ക്ക് കാൽസ്യം അനിവാര്യമാണ്. മണ്ണിലെ പോഷകങ്ങളായ നൈട്രജനെയും മറ്റ് ധാതുക്കളെയും വിഘടിപ്പിച്ച് ചെടികളിലെത്തിക്കാൻ ഇത് സഹായിക്കുന്നു. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന മഗ്നീഷ്യവും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്.
പഴത്തൊലി കൊണ്ടുള്ള ഉപയോഗങ്ങൾ അറിഞ്ഞിരിക്കൂ..
1. വെള്ളത്തിൽ കുതിർത്ത പഴത്തൊലി ഉണക്കിയെടുത്ത് പൊടിച്ച് നേരിട്ട് മണ്ണിൽ ചേർക്കാം. തൈകൾ മുളച്ച് വരാൻ വേണ്ട് ഒരു നുള്ള് പൊടി മണ്ണിൽ ചേർക്കാവുന്നതാണ്.
2. മണ്ണിരക്കമ്പോസ്റ്റ് നിർമിക്കുമ്പോൾ പഴത്തൊലി കുതിർത്ത് ഉണക്കിപ്പൊടിച്ചോ അരച്ചോ ചേർക്കാവുന്നതാണ്.
3. പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുമ്പോൾ പഴത്തൊലി ചെറുതായി മുറിച്ച് ചേർക്കാം. തണുപ്പുകാലത്ത് മണ്ണിൽ ഗുണം ചെയ്യുന്ന പ്രാണികളെയും പുഴുക്കളെയും സൂക്ഷ്മജീവികളെയും ആകർഷിക്കാനും മണ്ണിന്റെ ഗുണനിലവാരം ഉയർത്താനും ഇത് സഹായിക്കും.
4. റോസ ചെടികൾ നന്നായി പുഷ്പിക്കാൻ പഴത്തൊലി കൊണ്ടുള്ള വളം നൽകിയാൽ മതി.
5. വിത്ത് വിതയ്ക്കുമ്പോൾ രണ്ടിഞ്ച് ആഴത്തിലുള്ള കുഴിയെടുത്ത് പഴത്തൊലിയുടെ ഉൾഭാഗം മുകളിൽ വരത്തക്കവിധത്തിൽ വെച്ചശേഷം അതിന്റെ മുകളിൽ വിത്ത് വിതയ്ക്കണം. നല്ല നീർവാർച്ചയുള്ള മണ്ണ് അതിന്റെ മുകളിലിട്ട് മൂടിയാൽ പഴത്തൊലി ജീർണിച്ചുണ്ടാകുന്ന വളം വിത്ത് മുളപ്പിക്കാൻ സഹായിക്കും.
6. ഫേൺ വർഗത്തിൽപ്പെട്ട ചെടികൾ വളർത്തുമ്പോൾ പഴത്തൊലി അടിയിലിട്ട ശേഷം മോസ് കൊണ്ട് മൂടിവെച്ച് അതിനുമുകളിൽ വളർത്തുക. പഴത്തൊലി അഴുകി വളമായി ഫേൺ നന്നായി വളരാൻ സഹായിക്കും.
Discussion about this post