കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഴ കർഷകർക്ക് ഭീഷണിയായി പിണ്ടിപ്പുഴു ആക്രമണം. ആയിരക്കണക്കിന് വാഴയാണ് നശിച്ചത്. ഇതോടെ കർഷകർ പ്രതിസന്ധിയിലായി.
ഗുണനിലവാരമില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. കുലയ്ക്കാറായ വാഴകളെയാണ് പിണ്ടിപ്പുഴു ആക്രമിച്ചത്. ഇതോടെ വാഴകൾ ഒന്നടങ്കം വെട്ടി കളയുകയാണ്. എത്തവാഴ, പാളയൻതോടൻ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിലാണ് ആക്രമണം.
വാഴകളുടെ വലിപ്പം കണ്ടാൽ ആക്രമണം തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ കുല മുരടിച്ച് കാമ്പില്ലാത്ത നിലയിലേക്ക് എത്തുമ്പോഴാണ് പല കർഷകരും പിണ്ടിപ്പുഴു ആക്രമിച്ചതായി അറിയുന്നത്. ഒരു വാഴയിൽ തുടങ്ങിയാൽ അതിവേഗം മറ്റ് വാഴകളിലേക്കും പുഴു ശല്യം പടർന്ന് പിടിക്കും. പിണ്ടിപ്പുഴു ആക്രമിച്ചാൽ വാഴക്കുലകളുടെ വലിപ്പവും കായകളുടെ എണ്ണവും കുറയും. പ്രതിസന്ധി പരിഹരിക്കാൻ കൃഷി വകുപ്പ് ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
വണ്ടിന്റെ വിഭാഗത്തിൽ പെട്ടതാണ് പിണ്ടിപ്പുഴു. പെൺ പുഴു തടയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി ഉള്ളിൽ കടന്ന് മുട്ട ഇടുകയും പുഴുക്കളായി തട തിന്നുകയും നീര് കുടിക്കുകയുമാണ് ചെയ്യുന്നത്. വാഴ നട്ടിരിക്കുന്ന പറമ്പ് വൃത്തിയാക്കിയിടുകയാണ് പ്രധാന പ്രതിവിധി. കഴിവതും ഉണക്ക വാഴക്കച്ചി വെട്ടിമാറ്റി, വാഴത്തടകൾക്കിടയിൽ വേപ്പിൻകുരു പൊടിച്ച മിശ്രിതം 50 ഗ്രാം വീതം പോളകളിൽ ഇട്ടുകൊടുത്ത് പുഴുക്കളെ പ്രതിരോധിക്കാം. കൂടാതെ വാഴത്തട കെണി വച്ച് ആൺ വണ്ടുകളെ ആകർഷിച്ച് കെണിയിൽ പെടുത്തി നശിപ്പിക്കാൻ കഴിയും. ഒരേക്കറിൽ 40 കെണിയെങ്കിലും വച്ചാൽ മാത്രമേ വേണ്ടത്ര പ്രയോജനം ലഭിക്കൂ. രോഗം പിടിപെട്ട വാഴകൾ കഴിവതും തീയിട്ട് നശിപ്പിക്കണം.
Discussion about this post