മഴക്കാലമായാല്‍ കാലികളില്‍ രോഗവും തുടങ്ങും. അതുകൊണ്ട് തന്നെ മഴക്കാലമായാല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കറവപ്പശുക്കളെയാണ് രോഗം കൂടുതലും ബാധിക്കുന്നത്. ഈ രോഗങ്ങളെ കരുതിയിരിക്കാം..
ന്യുമോണിയയാണ് പ്രധനമായും കറവപ്പശുക്കളെ ബാധിക്കുന്ന രോഗം. ബാക്ടീരിയ, വൈറസ് എന്നിവയുടെ ആക്രമണം തുടങ്ങിയവ മൂലം രോഗം വരാം. പനി, ഇടയ്ക്കിടെയുള്ള ചുമ, മൂക്കില്‍ കൂടിയുള്ള പഴുപ്പ്, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍.
കുളമ്പുരോഗമാണ് മറ്റൊന്ന്. രോഗഹേതുക്കളായ വൈറസുകള്‍ വായു, വെള്ളം, തീറ്റ, സമ്പര്‍ക്കം എന്നിവയിലൂടെ പടരും. പാലുല്‍പാദനത്തില്‍ കുറവ്, തീറ്റ തിന്നാതിരിക്കല്‍, വായില്‍ നിന്ന് ഉമിനീര്‍ ഒലിക്കുക, നടക്കാന്‍ ബുദ്ധിമുട്ട്, കുളമ്പുകള്‍ക്കിടയിലും വായ്ക്കകത്തും നാക്കിനു മുകളിലും അകിടിലും കുമിളകള്‍ ഉണ്ടാകുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
മറ്റ് അസുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ തരം രോഗാണുക്കളാണ് അകിടുവീക്കം. മുലക്കാമ്പിലെ ദ്വാരത്തിലൂടെയാണ് അണുക്കള്‍ ശരീരത്തില്‍ കടക്കുക. വൃത്തിഹീനമായ പരിസരം, മലിനജലം കെട്ടിക്കിടക്കുന്ന തൊഴുത്തുകള്‍, പരിപാലനത്തിലുണ്ടാകുന്ന വീഴ്ചകള്‍ എന്നിവ കാരണമാകും. അകിട് പെട്ടെന്ന് നീരുവന്ന് ചുവക്കല്‍, തൊടുമ്പോള്‍ വേദന കാണിക്കുക, നിറം മാറി പാല്‍ കട്ടനിറഞ്ഞതോ പാട നിറഞ്ഞതോ ആകുക, പാല്‍ തിളപ്പിക്കുമ്പോള്‍ പിരിഞ്ഞുപോകുക എന്നിവയാണ് ലക്ഷണങ്ങള്‍.
ദഹനക്കേടാണ് മറ്റൊന്ന്. കൂടുതല്‍ അന്നജം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളായ അരി, കഞ്ഞി കൂടാതെ ചക്ക, പൈനാപ്പിള്‍, മാങ്ങ, ഹോട്ടല്‍ മാലിന്യങ്ങള്‍, പഴകിയ ആഹാരം എന്നിവ ഭക്ഷിക്കുന്നതുമൂലം ഉണ്ടാകുന്നു. വിശപ്പിലായ്മ, വായില്‍ക്കൂടി പച്ചകലര്‍ന്ന വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും.
ഈച്ചകളും കൊതുകുകളുമാണ് മുടന്തന്‍പനി പരത്തുന്നത്. പനി, തീറ്റ തിന്നാതിരിക്കല്‍, വിറയല്‍, ഉല്‍പാദനം കുറയല്‍ എന്നിവ കാണിക്കും. കൈകാലുകളില്‍ മാറിമാറി മുടന്ത് കാണപ്പെടും.
Discussion about this post