പൂക്കൾ എന്നും വീടിനൊരു അഴക് തന്നെയാണ്. വർഷത്തിൽ എല്ലാ ദിവസവും പുഷ്പിക്കുന്ന പൂക്കളായാലോ? ആണ്ടിൽ മുഴവൻ ഭംഗി ആസ്വദിക്കാം. രാസകീടനാശിനി പ്രയോഗമില്ലാതെ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും എല്ലുപ്പൊടിയുമൊക്ക നൽകി കരുത്തും അഴകുമുള്ള പൂക്കൾ വിരിയിക്കാം. അത്തരത്തിൽ വർഷം മുഴുവൻ പൂക്കുന്ന ചെടികളെ പരിചയപ്പെടാം.
എല്ലാവർക്കും സുപരിചിതമായ ഒന്നാണ് മഞ്ഞ കോളാമ്പി. കമ്പ് കോതി നിർത്തിയാൽ കുറ്റിച്ചെടിയായി വളർത്താവുന്നതാണ്. വെയിലേക്കുന്ന ഇടത്തും വേലി തിരിക്കാനുമൊക്കെ കോളാമ്പി നടാവുന്നതാണ്. വേനലിൽ നനച്ചില്ലെങ്കിലും ചെടി വാടാതെ പൂക്കൾ നൽകും. നഴ്സറി കവറിൽ നിറച്ച മിശ്രിതത്തിൽ ഇലകൾ നീക്കിയ ഇളം കമ്പ് നട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ മിനിയേച്ചർ കോളാമ്പിയും വളരും
മുളക് ചെമ്പരത്തി
കടും നിറത്തിലുള്ള പൂക്കളോട് പ്രത്യേക ഇഷ്ടമാണ് ഭൂരിഭാഗം പേർക്കും. അത്തരക്കാർക്ക് വളർത്താൻ കഴിയുന്ന ചെടിയാണ് മുളക് ചെമ്പരത്തി. മറ്റിനങ്ങളെ അപേക്ഷിച്ച് ഇതിന് രോഗ, കീടബാധ നന്നേ കുറവാണ്. ചെടിയിൽ അഞ്ച് ദിവസത്തോളം കൊഴിയാതെ നിൽക്കും. കമ്പ് കോതി നിർത്തിയാൽ കുറ്റിച്ചെടിയായും വളർത്താം.
ഗാൾഫീമിയ
മഞ്ഞപ്പൂക്കൾക്കുള്ളിൽ ഓറഞ്ച് നിറത്തിൽ കേസരങ്ങളുള്ള ചെടിയാണ് ഗാൾഫീമിയ. കുത്തനെ നിവർന്നുനിൽക്കുന്ന പൂങ്കുലകൾ ഇലച്ചാർത്തിന് മുകളിലാണ് ഉണ്ടാകുന്നത്. ഇളം തവിട്ട് നിറത്തിലുള്ള തണ്ടുകളും കടുംപച്ച ഇലകളും ഇതിന് ഭംഗിയേകുന്നു.
പിങ്ക് ടെക്കോമ
വള്ളിച്ചെടി ഇനത്തിൽപെടുന്ന ചെടിയാണിത്. തണ്ടിൻ്റെ അറ്റത്തുള്ള പൂങ്കുലയിൽ ചെറിയ കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കളാണ് ചെടിയുടെ അഴക്. കുറ്റിച്ചെടിയായും ഇത് വളർത്താം. 4 – 5 മണിക്കൂർ വെയിൽ കിട്ടുന്ന, വെള്ളം അധികസമയം തങ്ങിനിൽക്കാത്ത ഉദ്യാനത്തിന്റെ ഭാഗങ്ങളാണ് ഈ പൂച്ചെടി നട്ടു വളർത്താൻ നല്ലത്. പൂവിടാത്ത, കരുത്തോടെ വളരുന്ന കമ്പുകൾ നടാം.
Discussion about this post