വയനാട്: നൂറുമേനി വിളവ് നൽകി വമ്പൻ വിജയമായി ഇൻറോ–ഡച്ച് സഹകരണത്തോടെയുള്ള പോളിഹൗസ് കൃഷിരീതി. വയനാട് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിലെ സെൻറർ ഓഫ് എക്സലൻസാണ് ഇത് നടപ്പിലാക്കിയത്. മാസങ്ങൾ നീണ്ട ഗവേഷണത്തിൻറെയും പരിശ്രമത്തിൻറെയും ഫലമായി പച്ചക്കറി കൃഷി വിജയം കണ്ടത്.
പരിശ്രമങ്ങളുടെ ഭാഗമായി വിജയകരമായി കൃഷിചെയ്ത വെള്ളരി വിളവെടുപ്പിന് പാകമാവുകയാണ്. ഇതോടൊപ്പമുള്ള പോളിഹൗസുകളിൽ വിവിധയിനം തക്കാളികളുടെ കൃഷി പരീക്ഷണമായും വ്യാവസായികമായും പുരോഗമിക്കുന്നു. വലിയ അളവിൽ ഉൽപ്പാദനം സാധ്യമാക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.
പച്ചക്കറികൾക്ക് പുറമെ പൂകൃഷിക്കും പോളിഹൗസ് പ്രയോജനപ്പെടും. നാല് ഡച്ച് പോളിഹൗസുകൾക്ക് പുറമെ നാല് തദ്ദേശീയ പോളിഹൗസുകളും കേന്ദ്രത്തിലുണ്ട്. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കർഷകരിൽ നിന്നും ഓഡറുകൾ ലഭിക്കുന്ന മുറയ്ക്കാണ് ഉൽപാദനം.
നൂതനവും ആധുനികവുമായ കൃഷിരീതികൾ കർഷകർക്കും സംരംഭകർക്കും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോർട്ടികൾചർ സൊസൈറ്റിയുടെ സഹകരണത്തോടെ ഡച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പോളിഹൗസുകൾ അമ്പലവയൽ സെൻറർ ഓഫ് എക്സലൻസിൽ പ്രവർത്തിക്കുന്നത്.
Discussion about this post