സംസ്ഥാനത്ത് കനത്ത ചൂടു മൂലം വ്യാപക കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാമി ഇൻഫർമേഷൻ ബ്യൂറോ പുറപ്പെടുവിച്ച വരൾച്ച പ്രതിരോധ മാർഗങ്ങൾ അറിയാം.
1. ചെടികളുടെയും വൃക്ഷങ്ങളുടെയും തടത്തിൽ പുതയീടൽ നടത്തിയാൽ ഒരു പരിധിവരെ ചൂട് കൃഷിയിടങ്ങളിൽ ക്രമീകരിക്കാൻ സാധിക്കും. മണ്ണിൽ നിന്നുള്ള ബാഷ്പീകരണ ജലനഷ്ടം കുറയ്ക്കുവാനും മണ്ണിലെ പോഷകാംശം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ജൈവ അവശിഷ്ടങ്ങൾ പയർ വർഗ്ഗവിളകളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ പുതയീടലിന് ഉപയോഗിക്കാം.
2. ആവരണ വിളകൾക്ക് പയർ വർഗ്ഗവിളകൾ അനുയോജ്യം. പയർ വിത്തുകൾ പാകുന്നതിനൊപ്പം കരിയിലകൾ കൊണ്ട് പുതിയടുന്നത് ഉത്തമം. വൻപയർ,ചെറുപയർ, മുതിര, ഉഴുന്ന് എന്നിവ ഇതിനായി ഉപയോഗിക്കാം.
3. തെങ്ങിനും മറ്റു വൃക്ഷവിളകൾക്കും ചുവട്ടിൽ ചകിരി തൊണ്ട് ക്രമമായി വൃത്തത്തിൽ ഇടാവുന്നതാണ്. വൃക്ഷങ്ങൾക്ക് ചുറ്റും അര മീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവെച്ച് മണ്ണിട്ട് മൂടുകയും ഏറ്റവും മുകളിലെ അടുക്ക് കമഴ്ത്തി വെച്ച് പൂർത്തിയാക്കുകയും ചെയ്യാം. ജല സംഭരിച്ചു വയ്ക്കുവാൻ ഏറ്റവും ഉപയോഗപ്രദമായ രീതിയാണ് ഇത്.
4. വരൾച്ച പ്രതിരോധത്തിന് വാം ഉപയോഗിക്കാം. ചെടികളുടെ വേരിന് ചുറ്റും ഈ കുമിള്‍ വേരുകൾ ഒരു ആവരണമായി വളരുകയും ഇവയുടെ സൂക്ഷ്മമായ നാരുകൾ ഭൂമിക്കടിയിൽ നിന്നും ജലം ആഗീരണം ചെയ്ത് ചെടികളെ വരൾച്ചയിൽ നിന്നും ഒരു പരിധി വരെ പ്രതിരോധിക്കുന്നു.
5. ജലസേചനത്തിന് കണികാ ജലസേചനം ഏറ്റവും ഫലപ്രദമാണ്. ചെടികളുടെ ചുവട്ടിൽ മാത്രം ജലസേചനം നൽകുക.രാവിലെയോ വൈകുന്നേരങ്ങളിലോ മാത്രമായി ജലസേചനം ക്രമപ്പെടുത്തുക.
6. ചൂട് കൂടുമ്പോൾ വിളകളിൽ നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ആയ വെള്ളീച്ച, മീലി മൂട്ട, ഇലപ്പൻ തുടങ്ങിയവയുടെ ആക്രമണത്തിന് സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പച്ചക്കറിത്തോട്ടങ്ങളിൽ മഞ്ഞക്കെണികൾ സ്ഥാപിക്കുവാനും, ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ തളിക്കുവാനും ശ്രദ്ധിക്കുക.
7. വരൾച്ച പ്രതിരോധത്തിന് ചാണക സ്ലറി ഉപയോഗിക്കാം. 4 kg ചാണകവും 4 ലിറ്റർ കഞ്ഞിവെള്ളവും 2 kg ശർക്കരയും നന്നായി കലർത്തി ഒരു ചണച്ചാക്കിൽ നിറച്ച് 250 ലിറ്റർ ബാരലിൽ മുക്കാൽ ഭാഗം വെള്ളം നിറച്ച് വെള്ളത്തിൽ മുങ്ങി കിടക്കുന്ന വിധം കെട്ടിയിട്ട് 48 മണിക്കൂർ പുളിപ്പിക്കുക. പുളിപ്പിച്ച ലായനി അരിച്ചെടുത്ത് 10% വീര്യത്തിൽ ചെടികളിൽ തളിക്കുക.
Discussion about this post