കോട്ടയം: വേനലും മഴയും ഒരു പോലെ നാശം വിതച്ച ജില്ലയിൽ ഒന്നാണ് കോട്ടയം. കർഷകർക്ക് ഇരുട്ടടി പോലെയാണ് വേനൽ മഴയെത്തിയത്. ഇതുവരെ ജില്ലയിലുണ്ടായത് 29.50 കോടി രൂപയുടെ കൃഷിനാശമെന്നാണ് കണക്ക്. ജനുവരി ഒന്ന് മുതൽ മേയ് 30 വരെ 1583.32 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ഏകദേശം 6,260 കർഷകരുടെ ഉപജീവന മാർഗമാണ് നിലച്ചത്.
ഏറ്റവുമൊടുവിൽ വെള്ളം പൊങ്ങിയുണ്ടായ നഷ്ടത്തിന്റെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. പച്ചക്കറി, വാഴ, മരച്ചീനി എന്നീ വിളകൾ കൃഷി ചെയ്യുന്നവർക്കാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കൃഷി വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിലുണ്ടായ കൃഷിനാശം 5.75 കോടി രൂപയുടേതായിരുന്നു. പൊള്ളുന്ന വെയിലായിരുന്നു കൃഷി നാശത്തിനു കാരണം. എന്നാൽ കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിലെ വെയിലിലും പിന്നീടുണ്ടായ മഴയിലും കാറ്റിലുമുണ്ടായ നഷ്ടം 23.75 കോടി രൂപയുടേതാണ്.
നെൽ കർഷകർക്കും വ്യാപക നഷ്ടമുണ്ടായിട്ടുണ്ട്. വേനലിൽ ചിലയിടങ്ങളിൽ നെൽച്ചെടികൾ ഉണങ്ങിയാണു നഷ്ടമുണ്ടായതെങ്കിൽ മഴ പലയിടത്തും നെൽച്ചെടികളെ മുക്കി. ഇതുവരെ 946.4 ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 1060 കർഷകർക്ക് 14.10 കോടി രൂപയാണ് നഷ്ടമായത്.
വാഴ കർഷകർക്കും വെയിലും മഴയും കനത്ത നഷ്ടമുണ്ടാക്കി. കഴിഞ്ഞ മാസം മാത്രം കുലച്ചതും കുലയ്ക്കാത്തുമായ വാഴ നശിച്ചു 9.74 കോടി രൂപയുടെ നഷ്ടമുണ്ടായി. കായ്ഫലമുള്ളത് ഉൾപ്പെടെ 5.50 കോടി രൂപയുടെ തെങ്ങും 62.2 ലക്ഷം രൂപയുടെ റബറും കഴിഞ്ഞ മാസം മാത്രം നശിച്ചു. കുരുമുളക് -66. 28 ലക്ഷം, ജാതി – 44 ലക്ഷം, ഗ്രാമ്പൂ -17000, പൈനാപ്പിൾ -60000, കപ്പ -5.50 ലക്ഷം, പച്ചക്കറി – 19.2 ലക്ഷം എന്നിങ്ങനെയാണ് കഴിഞ്ഞ മാസത്തെ കൃഷിനാശം.
വേനലിലും മോശമല്ലാത്ത നഷ്ടമുണ്ടായി. 3.04 കോടി രൂപയുടെ വാഴയും 15.14 ലക്ഷം രൂപയുടെ റബറും 1.1 ലക്ഷം രൂപയുടെ കവുങ്ങും 13 ലക്ഷം രൂപയുടെ കുരുമുളകും 4.4 ലക്ഷം രുപയുടെ ജാതിയും 40000 രൂപയുടെ കപ്പയും ജനുവരി മുതൽ ഏപ്രിൽ വരെയായി നശിച്ചു. കനത്ത നാശനഷ്ടത്തിൽ കടം വാങ്ങിയും പലിശയ്ക്കെടുത്തും കൃഷി ഇറക്കിയവർ നെട്ടോട്ടമോടുകയാണ്.
Discussion about this post