മഹാമാരി ഭയന്ന് ലോകമാകെ ലോക്കഡൗണിലായപ്പോൾ നാമാദ്യമോടിയത് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടാനാണ്. മനുഷ്യരുടെ ഏറ്റവും വലിയ പോരാട്ടം വിശപ്പിനുവേണ്ടി തന്നെയാണെന്ന് മഹാമാരി നമ്മെ ഓർമ്മിപ്പിച്ചു. ഈ കാലയളവിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. അന്നന്നത്തെ ഭക്ഷണത്തിനായി അധ്വാനിക്കുന്നവർക്ക് ജോലി കൂടി ഇല്ലാതായതോടെ ആശങ്കയായി. എന്നാൽ കയ്യിൽ കാശുള്ളവർ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന അവസ്ഥയും ലോകത്താകെ ഉണ്ടായി. ഈ സാഹചര്യങ്ങളെല്ലാം നമ്മുടെ കണ്മുന്നിലൂടെയാണ് കടന്നു പോയത്.
ലോകത്താകെ 2 ബില്യൺ ആളുകൾക്ക് ആവശ്യത്തിനുള്ള സുരക്ഷിതവും പോഷകഗുണമുള്ളതുമായ ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് ഭക്ഷ്യ-കാർഷിക സംഘടനയുടെ കണക്ക്. ഈ അവസരത്തിൽ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് ഏറെ പ്രാധാന്യമുണ്ട്. ലോകത്തെ പട്ടിണി ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ നിലവിൽ വന്ന ദിവസമാണിന്ന്. വളർത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി’ എന്നതാണ് ഈ വർഷത്തെ പ്രമേയം.വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.മഹാമാരിക്കാലത്ത് പട്ടിണി അകറ്റാനായി വിശ്രമമില്ലാതെ മണ്ണിൽ പണിയെടുക്കുന്ന ഓരോ കർഷകനും ആദരം അർപ്പിക്കുകയാണ് ഇക്കുറി. ആരോഗ്യപ്രവർത്തകരെ പോലെ കോവിഡ് കാലത്ത് കർഷകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഹീറോ തന്നെ.
ഭക്ഷ്യവിഭവങ്ങളുടെ ഉൽപാദനം കൂടിയിട്ടുണ്ടെങ്കിലും വിശക്കുന്നവരുടെ എണ്ണത്തിന് കുറവൊന്നുമില്ല. ഭക്ഷ്യവിഭവങ്ങളുടെ വിതരണം താളം തെറ്റിയ രീതിയിലാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഒരിടത്ത് പട്ടിണി മൂലമുള്ള പ്രശ്നങ്ങൾ പെരുകുമ്പോൾ മറ്റൊരിടത്ത് അമിത ഭക്ഷണം കൊണ്ടുണ്ടാകുന്ന പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ട രോഗങ്ങളും കൂടുന്നുണ്ട്. ഒരിടത്ത് പ്രകൃതി വിഭവങ്ങൾ ആവശ്യത്തിന് പോലും ലഭ്യമാകാതിരിക്കുമ്പോൾ മറ്റൊരിടത്ത് പ്രകൃതി അമിതമായി ചൂഷണം ചെയ്യപ്പെടുകയും ആവാസ വ്യവസ്ഥ തന്നെ താളം തെറ്റുകയും ചെയ്യുന്നു. ചിലർക്ക് ഭക്ഷണം മോഷ്ടിച്ച് കഴിക്കേണ്ട ഗതികേട് പോലും വരുമ്പോഴും മറ്റൊരിടത്ത് വൻ തോതിൽ ഭക്ഷണം പാഴാക്കപെടുന്നു. ഇതിനെല്ലാമിടയിൽ അധ്വാനത്തിന് ആനുപാതികമായ പ്രതിഫലം ലഭിക്കാതെ കടക്കെണിയിൽ പെട്ടുപോകുന്ന കർഷകരും ഏറെയാണ്. നമ്മുടെ ഈ താളംതെറ്റിയ പോക്കിനെ പുതുക്കി പണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അതുകൊണ്ടുതന്നെ ഈ വർഷത്തെ ലോക ഭക്ഷ്യ ദിനത്തിൽ ഭക്ഷ്യ സുരക്ഷയ്ക്കായി ലോകത്തിലെ എല്ലാ മനുഷ്യരോടും ഒത്തു ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ഭക്ഷ്യ-കാർഷിക സംഘടന. എല്ലാവർക്കും പോഷക സമൃദ്ധമായ ഭക്ഷണം താങ്ങാവുന്ന വിലയിൽ ലഭ്യമാകണം. കർഷകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകണം. ആധുനിക സാങ്കേതിക വിദ്യയും ഇ- കൊമേഴ്സ് സംവിധാനങ്ങളും ഉപയോഗിച്ച് സുസ്ഥിരമായ മാറ്റങ്ങളിലേക്ക് നാം നീങ്ങണം. ഒപ്പം പ്രകൃതിയും സംരക്ഷിക്കപ്പെടണം. ഈ മാറ്റത്തിൽ നാം ഓരോരുത്തർക്കും പങ്കുണ്ട് എന്ന് ഓർമിപ്പിക്കുകയാണ് ഭക്ഷ്യ-കാർഷിക സംഘടന.ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്.
Discussion about this post