പ്രകൃതിയുടെ സർഗ്ഗവാസന അപാരം തന്നെ. പലതരം പൂക്കളും ചെടികളും അവയുടെ നിറങ്ങളും കാണുമ്പോൾ നമ്മളിൽ പലരും പലവട്ടം ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം. പല സസ്യങ്ങളും കണ്ണിനിമ്പം നൽകുന്ന കാഴ്ചകളാണ്.ആശ്ചര്യപ്പെടുത്തുംവിധം വിചിത്രമായവയും കുറവല്ല. അവയിൽ ചിലതിനെ പരിചയപ്പെടാം.
റൊമനെസ്‌കോ
റോമൻ കോളിഫ്ലവർ, റൊമാനെസ്ക്യൂ ബ്രോക്കോളി എന്നീ പേരുകളിലറിയപ്പെടുന്ന വിചിത്രമായ കോളിഫ്ലവറാണ് റൊമനെസ്‌കോ. ഇറ്റലിയാണ് റൊമനെസ്‌കോയുടെ ജന്മദേശം.പച്ചനിറത്തിലുള്ള ഭക്ഷ്യയോഗ്യമായ ഇവയുടെ പൂ മുകുളങ്ങളുടെ ക്രമീകരണമാണ് ആരെയും ആശ്ചര്യപ്പെടുത്തുന്നത്. ആരോ അളന്നുമുറിച്ച് കൃത്യമായി കൊത്തിയെടുത്തത് പോലെ തോന്നും. പൂമൊട്ടുകളുടെ വലയങ്ങൾ ഒന്നിനുമുകളിലൊന്നായി ഗോപുരം പോലെ ക്രമീകരിച്ചിരിക്കുന്നു. ഗണിതശാസ്ത്രത്തിലെ പ്രത്യേക സംഖ്യാശ്രേണിയായ ഫിബൊനാച്ചി രീതിയിലാണത്രേ പൂമൊട്ടുകൾ വിന്യസിച്ചിരിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യത്തെ രണ്ട് സംഖ്യകൾക്ക് ശേഷം വരുന്ന സംഖ്യ തൊട്ടുമുൻപിലെ സംഖ്യകളുടെ തുകയായിരിക്കും. റൊമനെസ്‌കോ കൂടാതെ സൂര്യകാന്തിപ്പൂക്കളിലെ വിത്ത് ക്രമീകരണവും കൈതച്ചക്കയിലെ മുള്ളുകളുടെ വിന്യാസവും മുയലുകളുടെ വംശവർദ്ധനയുമെല്ലാം ഫിബോനാച്ചി ശ്രേണിയിലാണ്.
ടർക്കിഷ് ഹാഫെറ്റി റോസ്
നേരിൽ കാണുന്നവർക്ക് പോലും വിശ്വസിക്കാൻ പ്രയാസം തോന്നും വിധം കറുത്ത നിറത്തിലുള്ള റോസാപ്പൂക്കളാണ് ടർക്കിഷ് ഹാഫെറ്റി റോസ്. കറുത്ത ചായം പൂശിയതാണോ എന്ന് സംശയം തോന്നിയാലും തെറ്റുപറയാനാവില്ല. അത്രകണ്ട് ഇരുണ്ട നിറമാണ്. കണ്ടാൽ കറുപ്പ് എന്ന് സംശയഭേദമന്യേ പറയാമെങ്കിലും യഥാർത്ഥത്തിൽ ഈ പൂക്കൾക്ക് കടുത്ത ക്രിംസൺ നിറമാണ്. ടർക്കിഷ് ഗ്രാമമായ ഹാഫെറ്റിയിൽ വേനൽക്കാലത്ത് വളരെ അപൂർവമായി വിടരുന്ന പൂക്കളാണിവ. ഇവിടത്തെ മണ്ണിന്റെയും ജലത്തിന്റേയും പ്രത്യേകതകൾ കൊണ്ടാണ് ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള റോസാപൂക്കളുണ്ടാകുന്നത്.
ഹുകേർസ് ലിപ്സ്
ഹോട്ട് ലിപ്സ്, ഫ്ലവർ ലിപ്സ് എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രനാമം സൈക്കോട്രിയ എലേറ്റ എന്നാണ്. കടുംചുവപ്പ് ചായം പുരട്ടിയ തുടുത്ത ചുണ്ടുകൾ പോലെയുള്ള ബാഹ്യദളങ്ങളാണ് (ബ്രാക്റ്റ് ) ഇവയുടെ പ്രത്യേകത. ഇവയ്ക്കുള്ളിൽ നിന്ന് ചെറിയ വെളുത്ത പൂക്കൾ പിന്നീട് പുറത്തേക്ക് വരും. മധ്യ അമേരിക്കൻ സ്വദേശിയായ ഹുകേർസ് ലിപ്സ് ഇന്ന് വംശനാശം നേരിടുന്ന ഒരു സസ്യം കൂടിയാണ്.
മങ്കി മസൽ ഓർക്കിഡ്
ഡ്രാക്കുള എന്ന ജനുസ്സിൽ ഉൾപ്പെടുന്ന സസ്യമാണ് മങ്കി മസൽ ഓർക്കിഡ്. ഡ്രാക്കുള സിമിയ എന്ന് ശാസ്ത്രനാമം. കുരങ്ങുകളുടെ മുഖത്തോട് ഏറെ സാമ്യമുണ്ട് ഇവയുടെ പൂവുകൾക്ക്. കണ്ണുകളും പുരികവും ചെറു മൂക്കും വലിയ പല്ലുകളും മുഖത്തിനു ചുറ്റുമുള്ള രോമവുമെല്ലാം അതുപോലെ തന്നെ കാണാം. പെറു- ഇക്വഡോർ സ്വദേശിയായ മങ്കി മസൽ ഓർക്കിഡ് സമുദ്രനിരപ്പിൽ നിന്ന് 2000 അടി മുകളിലാണ് കാണപ്പെടുന്നത്. പഴുത്ത ഓറഞ്ചിന്റെ സുഗന്ധവും ഈ പൂക്കളുടെ പ്രത്യേകതയാണ്.
ലിത്തോപ്സ് ജൂലി
സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഒരു സക്യുലെന്റ് സസ്യമാണ് ലിത്തോപ്സ് ജൂലി. ജീവിക്കുന്ന കല്ലുകൾ എന്നാണ് ഈ സസ്യം അറിയപ്പെടുന്നത്.കണ്ടാൽ പാറക്കല്ലാണെന്നേ തോന്നൂ. കല്ലുകളെന്ന് തെറ്റിദ്ധരിച്ച് ഇവ ശേഖരിക്കാനുമിടയുണ്ട്.ഇവയ്ക്ക് പാറയോട് സമാനമായ ഗ്രേ നിറത്തിലുള്ള രണ്ട് ഇലകളുണ്ടാകും. ഇലകൾക്ക് നടുവിൽനിന്ന് വെളുത്ത പൂക്കൾ വിടർന്നുവരും. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും വളരുന്നതിന് വേണ്ടിയാണ് ഈ രൂപമാറ്റം.
Discussion about this post