ആപ്പിളിനോട് ഏറെ രൂപസാദൃശ്യം പുലർത്തുന്ന ഫലവർഗമാണ് വെൽവെറ്റ് ആപ്പിൾ.Diosphyros blancoi എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ പഴവർഗം ഫിലിപ്പീൻസ് സ്വദേശിയാണ്. ആപ്പിളുമായി സാദൃശ്യം ഉണ്ടെങ്കിലും ഇതിൻറെ തൊലിയാണ് ഏറെ ആകർഷണീയത പകരുന്ന ഘടകം. വെൽവെറ്റ് പോലെ മൃദുലമാണ് ഇതിൻറെ പുറം തൊലി. അതുകൊണ്ട് തന്നെയാണ് ഇതിന് ഇത്തരത്തിലൊരു പേര് വന്നതും. ഇത് ഉഷ്ണമേഖല ഫല സസ്യമാണ്.
ഫിലിപ്പീനികൾ ‘മബോളോ’ എന്ന് ഓമനപ്പേരിട്ട് ഇതിനെ വിളിക്കുന്നു. കാരണം ഈ വാക്കിന് അർത്ഥം പുറത്ത് പൊടി പറ്റിയതുപോലെയെന്നാണ്. ഫിലിപ്പൈൻസിൽ മാത്രമല്ല ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, സുമാത്ര ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം വെൽവെറ്റ് ആപ്പിൾ സമൃദ്ധമായി വളർന്നു നിൽക്കുന്ന കാഴ്ച നമുക്ക് കാണാം. ഇന്ത്യയിൽ പ്രത്യേകിച്ച് ആസാം, ബീഹാർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലാണ് വെൽവെറ്റ് ഏറെ പ്രചാരത്തിലുള്ളത്. ഇതിൻറെ ഹൈബ്രിഡ് ഇനങ്ങൾ നഴ്സറികളിൽ വന്നതോടെ കേരളത്തിലും തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഇത് എല്ലാവരും നട്ടുപിടിപ്പിക്കുന്നുണ്ട്. തവിട്ടും, ഇളം ചുവപ്പുനിറമുള്ള ഈ പഴവർഗത്തിന്റെ രീതി നമുക്കൊന്ന് പരിചയപ്പെടാം.
വെൽവെറ്റ് ആപ്പിൾ കൃഷിക്ക് ഒരുങ്ങാം
വിത്തുകൾ പാകി മുളപ്പിച്ചോ, മികച്ചയിനം തൈകൾ നഴ്സറികളിൽ നിന്ന് വാങ്ങിയോ ഇതിൻറെ കൃഷി ആരംഭിക്കാം. കേരളത്തിൽ എല്ലായിടത്തും ഇത് മികച്ച രീതിയിൽ കൃഷി ചെയ്യാം. നല്ല മൂത്തു വിളഞ്ഞ കായ്കൾ ശേഖരിച്ച് വിത്ത് പോളിത്തീൻ കവറുകളിൽ പാകി മുളപ്പിക്കാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് വിത്ത് ഇല്ലാത്തവ കൃഷി ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യം. കാരണം എന്തെന്ന് വെച്ചാൽ വിത്തുകളുടെ വലിപ്പം ഇതിൻറെ മാംസളമായ ഉൾഭാഗത്തെ കുറയ്ക്കുന്നു. ഈ സാധ്യത ഇല്ലാതാക്കാൻ വിത്തില്ലാത്ത ഇനങ്ങൾ തന്നെയാണ് മികച്ചത്. കാര്യമായ കീടരോഗ സാധ്യതയില്ലാത്ത ഒരു ഫലവർഗമാണ് ഇത്. ഇതിൽ ധാരാളം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു. ജീവകങ്ങൾ ആയ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയവയും, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. നാരുകളും ധാരാളമുണ്ട്. വിത്തുകൾ പാകി മുളപ്പിച്ച തൈകൾ നട്ടുപിടിപ്പിച്ച് വിളവെടുപ്പ് നടത്താൻ ഏകദേശം ആറു വർഷമെങ്കിലും എടുക്കും. മുകുളനം നടത്തിയ തൈകൾ നടുമ്പോൾ ഏകദേശം നാലുവർഷത്തിനുള്ളിൽ കായ്ഫലം ലഭ്യമാകും. കുറഞ്ഞത് 10 മീറ്റർ ഉയരം വരെ ഇത് കൈവരിക്കുന്നു. ജൈവവളങ്ങൾ അധികം നൽകുന്നതാണ് വെൽവെറ്റ് ആപ്പിളിന്റെ വളർച്ചയ്ക്ക് കൂടുതൽ അനുയോജ്യം. ഉദ്യാനങ്ങളിൽ കൊമ്പുകോത്തി മികച്ച രീതിയിൽ വളർത്തിയെടുക്കാൻ കഴിയുന്ന സസ്യമാണ് ഇത്. മണ്ണൊലിപ്പിനെ തടഞ്ഞുനിർത്തുന്ന ഇത് മലയോരമേഖലകളിൽ നട്ടുവളർത്താൻ ഏറെ അനുയോജ്യമാണ്. നാവിൽ അലിഞ്ഞു പോകുന്ന മാംസളമായ ഇതിൻറെ ഉൾഭാഗം കഴിക്കുവാൻ ഏറെ സ്വാദിഷ്ടമാണ്. ഇതുപയോഗിച്ച് ഐസ്ക്രീം, സാലഡ് തുടങ്ങി നിരവധി ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാം. വിപണിയിൽ ഇതിന് നല്ല വിലയും ലഭ്യമാകുന്നുണ്ട്. ഉറപ്പും കാഠിന്യവും ഉള്ള ഇതിൻറെ തടി ഫർണിച്ചർ നിർമ്മാണരംഗത്ത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഇതിൻറെ വിപണി സാധ്യതകൾ അറിഞ്ഞു കൃഷി ചെയ്താൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതും, വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ തൈകൾ വച്ചു പിടിപ്പിക്കുന്നതും ഭാവിയിൽ ഗുണം ചെയ്യും.
Discussion about this post