കർഷകർക്ക് ഏറെ പ്രിയപ്പെട്ട മഞ്ഞൾ ഇനമാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ഇനം ഗുണത്തിലും മണത്തിലും മാത്രമല്ല ഉൽപാദനശേഷിയിലും മികച്ചത് തന്നെയാണ്. ഇടവിളയായും ബഹുവിളയായും ഈ മഞ്ഞൾ ഇനം കൃഷി ചെയ്യാം. മാർച്ച് -ഏപ്രിൽ മാസങ്ങൾ മഞ്ഞൾ കൃഷിക്ക് ഏറെ അനുയോജ്യമാണ്.
എങ്ങനെ മഞ്ഞൾ കൃഷി ചെയ്യാം
‘ മണ്ണിനടിയിലെ പൊന്ന്’ എന്ന വിശേഷണം ഉള്ള മഞ്ഞൾ നടാൻ മികച്ച സമയം എത്തിയിരിക്കുകയാണ്. ഔഷധ നിർമ്മാണ രംഗത്തും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലും കറി മസാലകളിലും ഉപയോഗപ്പെടുത്തുന്ന മഞ്ഞൾ വാണിജ്യ അടിസ്ഥാനത്തിൽ തന്നെ കൃഷി ചെയ്യാവുന്നതാണ്.മട്ടുപ്പാവിൽ ഗ്രോ ബാഗുകളിലും, വീട്ടുവളപ്പിലും നമുക്ക് ആവശ്യമായ മഞ്ഞൾ കൃഷി ചെയ്ത് എടുക്കാം.പത്തടി നീളത്തിലും മൂന്നടി വീതിയിലും ഒന്നോ രണ്ടോ തടങ്ങൾ മാത്രം എടുത്ത് കൃഷിയും ആരംഭിക്കാം. തെങ്ങിൻ തോപ്പുകളിൽ ഇടവിള എന്ന രീതിയിലും മഞ്ഞൾ കൃഷി ചെയ്യുന്നത് നല്ലതാണ്. പുളിരസം കുറവുള്ള എക്കൽ മണ്ണിലും വനമണിലും മഞ്ഞൾ കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഏകദേശം 9 മാസത്തിൽ വിളവെടുക്കാൻ കഴിയുന്ന മഞ്ഞൾ മഴ തുടങ്ങുന്നതിനു മുൻപ് നടന്നതാണ് ഉചിതം. കൃഷി ആരംഭിക്കുന്നതിനു മുൻപായി കൃഷിയിടം നല്ലപോലെ കട്ടകൾ നീക്കം ചെയ്ത് ഉഴുതുമറിക്കുക. അതിനുശേഷം മേൽപ്പറഞ്ഞ അളവിൽ തടങ്ങൾ തയ്യാറാക്കി 100 മുതൽ 150 ഗ്രാം കുമ്മായം നൽകുക. കുമ്മായം ചേർത്തതിനുശേഷം ഏകദേശം ആറു ദിവസങ്ങൾക്ക് ശേഷം ജൈവവളങ്ങൾ ഇടാവുന്നതാണ്. പത്തടി തടങ്ങളിലേക്ക് ഏകദേശം 15 കിലോയോളം ജൈവവളം ഇട്ട് തടത്തിൽ മണ്ണിട്ട് ചേർത്ത് ഇളക്കുക. മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാണക വെള്ളത്തിലോ സുഡോമോണസ് ലായിനിലോ മുക്കി തണലത്ത് സൂക്ഷിക്കുന്നത് രോഗങ്ങളില്ലാതെ മഞ്ഞൾ വളരുന്നതിന് സഹായകമാകും. ചാണകവും ചാരവും ചേർന്ന ലായനിയിൽ മുക്കി ഉണക്കിയ വിത്ത് പാകുന്ന ഒരു രീതിയും കർഷകർക്കിടയിൽ ഉണ്ട്. വിത്തുകൾ തയ്യാറാക്കിയതിനുശേഷം ഒരുക്കിയ തടങ്ങളിൽ ഒരടി അകലത്തിൽ ഒരു വിരൽ താഴ്ചയിൽ ചെറുകുഴികൾ എടുത്ത് വിത്ത് നടാവുന്നതാണ്. വിത്ത് പാകിയതിനു ശേഷം തടങ്ങളിൽ പുതയിട്ട് നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്ന പക്ഷം സൂക്ഷ്മജീവികളുടെ പ്രവർത്തനം മണ്ണിൽ കൂടുതൽ നടക്കും. ഇത് ചെടികളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഒപ്പം തടത്തിൽ കൂടുതൽ ഈർപ്പം നിലനിൽക്കുന്നത് വഴി മഞ്ഞൾ വേഗത്തിൽ മുളയ്ക്കുകയും ചെയ്യും. പുതയിടാൻ പച്ചയിലകൾ ഉപയോഗപ്പെടുത്തുന്നത് കൂടുതൽ നല്ലതാണ്. വിത്തു മുളച്ച് ഏകദേശം മൂന്ന് നാല് മാസം വരെ ചെടികൾക്ക് പച്ച ചാണകം കലക്കി ഒഴിക്കുന്നതും ചാരം തടത്തിൽ വിതറുന്നതും നല്ലതാണ്. ഇലകളും തണ്ടുകളും ഉണങ്ങിയാൽ ഉടൻ മഞ്ഞൾ പറിച്ചെടുക്കാം.
Discussion about this post