കൊല്ലം: ട്രോളിങ് നിരോധനം കഴിഞ്ഞ ശേഷം കടലിലേക്ക്പോയി തിരിച്ചുവന്ന ബോട്ടുകൾ തിരിച്ചെത്തിയത് കയറ്റുമതി മത്സ്യമായ പോക്കണവയും ഒട്ടുകണവയുമായി. നിരോധനം നീങ്ങി ഒരാഴ്ച പിന്നിട്ടതോടെ ഇരുനൂറോളം ബോട്ടുകളാണ് എത്തിയത്. മഞ്ഞക്കോര (പുതിയാപ്ലക്കോര), വലുതും ചെറുതുമായ കൂന്തൾ (കണവ), വെമ്പിളി എന്നീ ഇനം മത്സ്യമാണ് കൂടുതലും ലഭിച്ചത്.
ബോട്ടുകൾ തിരിച്ചെത്തി തുടങ്ങിയതോടെ ലേലപ്പുരകളും കയറ്റുമതി കേന്ദ്രവുമെല്ലാം സജീവമായി. ഐസ് ഫാക്ടറികളിലും തിരക്കായി. കയറ്റിറക്ക് തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ, മറ്റു ഏജന്റുമാർ തുടങ്ങിയവർക്കെല്ലാം ജോലിത്തിരക്കായി. ഹാർബറുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളും സജീവമായി.
മഞ്ഞക്കോരയ്ക്ക് മതിയായ വില ലഭിക്കുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. 40 കിലോ ബോക്സിന് പുലർച്ചെ 4000 രൂപ വരെ ലഭിക്കുമെങ്കിലും ഏഴാകുമ്പോഴേക്കും നിരക്ക് നേർപകുതിയിലെത്തും. തുടർച്ചയായി ആഴ്ചകൾ ആഴക്കടലിൽ കഠിനാധ്വാനം നടത്തി തിരികെയെത്തുമ്പോൾ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നാണ് ബോട്ടുടമകളും തൊഴിലാളികളും പറയുന്നത്.
Discussion about this post