മണ്ണിനെ ജൈവപുതകൊണ്ട് പുതപ്പിക്കുന്നത് വേനലില്‍ ഏറെ ഗുണം ചെയ്യും. കൃഷിയിടത്തില്‍ ജൈവവസ്തുക്കള്‍ പുതയിട്ട് അഴുകാന്‍ അനുവദിച്ചാല്‍ കളകളുടെ വളര്‍ച്ച തടയപ്പെടും. മണ്ണില്‍ നിന്നും ജലം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നത് 90 ശതമാനം വരെ കുറയുന്നു. മണ്ണിലെ കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെയും ലക്ഷക്കണക്കിന് മണ്ണിരകളുടെയും നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും സഹായകമായ സൂക്ഷ്മ കാലാവസ്ഥ സൃഷ്ടിക്കപ്പെടുന്നു.
ജൈവവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍, ലിഗ്നിന്‍ എന്നിവ ജൈവരാസപ്രക്രിയയിലൂടെ വിഘടിപ്പിക്കപ്പെടുമ്പോള്‍ ലിഗ്നോപ്രോട്ടീന്‍ എന്ന പ്രധാനപ്പെട്ട വസ്തു സംജാതമാകുന്നു. ഇവ ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ജൈവപുതയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ വിഘടിക്കുമ്പോള്‍ അമിനോ ആസിഡുകളായും അമൈഡ്‌സ് ആയും വിഭജിക്കപ്പെടുന്നു. ഇവ വിഭജിച്ച് അമോണിയ പുറംതള്ളുന്നു. സൂക്ഷാമണുക്കള്‍ ഈ അമോണിയയെ പ്രോട്ടീനായി മാറ്റുകയും അത് തങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
പുതയിടുന്ന വസ്തുക്കളില്‍ പഴക്കം കുറഞ്ഞ സസ്യഭാഗങ്ങളും പൂര്‍ണ വളര്‍ച്ച എത്തിയതും തമ്മില്‍ വിഘടനത്തിനെടുക്കുന്ന സമയത്തിലും അനുപാതത്തിലും വ്യത്യാസം ഉണ്ടായിരിക്കും. മന്ദഗതിയിലുള്ള വിഘടനം മണ്ണിലെ ഹ്യൂമസ്(ജൈവമണ്ണ്) നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമാണ്. പൂര്‍ണ വളര്‍ച്ച എത്തിയ സസ്യഭാഗങ്ങള്‍ സാവധാനത്തില്‍ മാത്രമേ വിഘടിക്കുകയുള്ളൂ. അതുകൊണ്ട് ഹ്യൂമസ് നിര്‍മ്മാണത്തിന് അത്യുത്തമമാണ്.
വായുവിന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എയ്‌റോബിക് ബാക്ടീരിയകള്‍ വഴി പുതവസ്തുക്കള്‍ വിഘടിക്കപ്പെടുമ്പോള്‍ ആക്‌സിന്‍സ്, ഫൈറ്റോ ഹോര്‍മോണ്‍സ്, ഇന്‍ഡോള്‍ അസെറ്റിക് ആസിഡ്, നാഫ്താലിക് അസെറ്റിക് ആസിഡ് തുടങ്ങിയ സസ്യഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ ചെടികളുടെ വളര്‍ച്ചയ്ക്ക് ഉത്തേജകങ്ങളാണ്.
എയ്‌റോബിക് രീതിയിലുള്ള വിഘടന പ്രക്രിയയില്‍ കുമികളുകള്‍ ചില ആന്റിബയോട്ടിക്കുകള്‍ നിര്‍മ്മിക്കുന്നു. പുതവസ്തുക്കള്‍ വിഘടിക്കപ്പെടുമ്പോള്‍ ഒട്ടിപ്പിടിക്കാന്‍ കഴിവുള്ള പോളിസാക്കറൈഡ്‌സ്, പോളിയൂറോനൈഡ്‌സ് എന്നിവ ഉത്പാദിപ്പിക്കുന്നതിനാല്‍ മണ്ണിന്റെ സ്വഭാവവും ഘടനയും മെച്ചപ്പെടുന്നതാണ്. പുതവസ്തുക്കളിലെ സെല്ലുലോസ് ഹാനികരമായ ചില അണുക്കളില്‍ നിന്നും ചെടികള്‍ക്ക് സംരക്ഷണം നല്‍കുന്നു. പുതയില്‍ നിന്നും ഏറ്റവും നല്ല ഫലം കിട്ടുന്നതിനും ഏകപത്ര പുല്‍വര്‍ഗ, ധാന്യവിളകളുടെ അവശിഷ്ടങ്ങളും ദ്വിപത്ര പയര്‍വര്‍ഗവിളകളുടെ അവശിഷ്ടങ്ങളും പുതയായി ഇടുന്നതാണ് കൂടുതല്‍ ഫലപ്രദം.
പുതയിടല്‍ മണ്ണൊലിപ്പ് തടയാനും ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താനും സഹായകമാണ്. കൂടാതെ മണ്ണിലെ സൂക്ഷ്മജീവികളെ എല്ലാം ഇത് സംരക്ഷിക്കുന്നു. പുതയുടെ സാന്നിധ്യത്തില്‍ മാത്രമേ നാടന്‍ മണ്ണിരകള്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. പുതയിടുന്നത് കൊണ്ട് ഫലങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും അവയില്‍ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുകയും പുതയിടാനുള്ള ജൈവവസ്തുക്കള്‍ അധികമായി ലഭിക്കുകയും ചെയ്യും.
ജൈവപുത നല്‍കുന്നത് മൂലം ആദ്യവിളവില്‍ മാത്രമല്ല തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളിലും മണ്ണിലെ ഫലഭൂയിഷ്ടത വര്‍ദ്ധിച്ചുവരുന്നതിനാല്ഡ കൂടിയ ഉത്പാദനം ലഭിക്കും. ജൈവവസ്തുക്കളുടെ പുത അന്തരീക്ഷത്തില്‍ നിന്നും വലിയ അളവില്‍ ഈര്‍പ്പം വലിച്ചെടുക്കുന്നു. അത് വേരുകള്‍ക്ക് ലഭ്യമാകുന്നു. പുതയിട്ടാല്‍ വിത്തുകള്‍ മുളയ്ക്കാന്‍ ആവശ്യമായ സൂക്ഷമകാലാവസ്ഥ സൃഷ്ടിക്കപ്പെടും. പുതയിട്ട സസ്യങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള ധാരാളം വേരുകള്‍ ഉണ്ടാകുന്നു, പുറമെയുള്ള കോശങ്ങളില്‍ സിലിക്കയുടെ അംശം കൂടി തടിയും തണ്ടും കരുത്തുമുള്ളതായി തീരുന്നു. പുത സൂര്യനില്‍ നിന്നും വരുന്ന അറ്റോമിക റേഡിയേഷനില്‍ നിന്നും അള്‍ട്രൈവയലറ്റ് രശ്മികളില്‍ നിന്നും മണ്ണിനെയും മണ്ണിലെ ജൈവൈവിധ്യത്തെയും സംരക്ഷിക്കുന്നു. വിത്തു മുളയ്ക്കാന്‍ തടസം സൃഷ്ടിക്കുന്ന ചില ഘടകങ്ങളെ മാറ്റാന്‍ പുതയുടെ വിഘടനപ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ജിബ്രിലിക് ആസിഡ് പോലുള്ള ഹോര്‍മോണുകള്‍ സഹായകമാകുന്നു.
പുതവസ്തുക്കളില്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണകുരുക്കള്‍ എന്നീ കൃഷികളുടെ പാഴ്‌വസ്തുക്കള്‍(2/3 ഭാഗം പയര്‍ വര്‍ഗ ചെടികളും 1/3 ഭാഗം മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങളിലൂടെ ലഭിക്കുന്ന പാഴ്‌വസ്തുക്കളും) അടങ്ങിയിരിക്കുന്ന പുതയാണ് ഏറ്റവും അഭികാമ്യം. ഇങ്ങനെ പുതയിട്ട ശേഷം അവയ്ക്കിടയില്‍ പടര്‍ന്നു വളരുന്ന വിളകളുടെ (ഉദാഹരണം: മത്തന്‍, വെള്ളരി, ഇളവന്‍, പയര്‍) വിത്തിട്ടാല്‍ അവയും പുതയുടെ മുകളില്‍ മറ്റൈാരു ജീവനുള്ള പുതയായി വളര്‍ന്നു പടര്‍ന്നു മണ്ണില്‍ വിളകള്‍ക്കാവശ്യമായ ഈര്‍പ്പവും വായുസഞ്ചാരവും ചൂടും നിലനിര്‍ത്താന്‍ സഹായിക്കും.
വിവരങ്ങള്‍ കടപ്പാട്: ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ
Discussion about this post