കൃഷിയിടങ്ങളില്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ മാത്രമല്ല, കീടനാശിനികള്‍ വാങ്ങുമ്പോഴും കര്‍ഷകരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. കീടബാധ ഒഴിവാക്കാന്‍ ഏറ്റവും ഒടുവില്‍ മാത്രമേ രാസകീടനാശിനികള്‍ പ്രയോഗിക്കാന്‍ പാടുള്ളൂ.
കൃഷി ഓഫീസര്‍മാരുടെ ശുപാര്‍ശയില്‍ അംഗീകൃത ഡിപ്പോകളില്‍ നിന്നുമായിരിക്കണം കീടനാശിനികള്‍ വാങ്ങേണ്ടത്. ക്യാഷ് ബില്‍ നിര്‍ബന്ധമായും ചോദിച്ചുവാങ്ങണം. ഗുണമേന്മയുള്ള, വിശ്വാസ്യതയുള്ള ഉല്‍പ്പന്നങ്ങള്‍, ലേബലിലെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ അധികാരികളോട് സഹകരിക്കുക. കാലാവധി കഴിഞ്ഞ കീടനാശിനികള്‍ വാങ്ങരുത്.
കീടനാശിനി ബോട്ടിലുകളിലെയോ പായ്ക്കറ്റുകളിലെയോ നിര്‍ദ്ദേശങ്ങളും ലഘുലേഖകളും വായിച്ച് ഉള്ളടക്കം മനസിലാക്കുക. ലേബലിലോ ലഘുലേഖയിലോ പരാമര്‍ശിക്കാത്ത പ്രയോഗരീതികള്‍ അനുവര്‍ത്തിക്കരുത്. ആവശ്യമെങ്കില്‍ കൃഷി ഓഫീസറുടെയോ കൃഷി ഉദ്യോഗസ്ഥരുടെയോ സഹായം തേടുക.
വ്യാജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുക. വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കൃഷി ഭവനിലും പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കുക. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ കമ്പനികളോ വിതരണക്കാരോ ഇടനിലക്കാരോ നേരിട്ട് കീടനാശിനികള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃഷി ഓഫീസര്‍ക്ക് ഉടന്‍ വിവരം നല്‍കണം.
ഉപയോഗ ശേഷം ബാക്കി വന്ന കീടനാശിനി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവെക്കുവാനും ഉപയോഗം കഴിഞ്ഞവ സുരക്ഷിതമായി ഉപേക്ഷിക്കാനും ശ്രദ്ധിക്കുക.
Discussion about this post